മോശം റോഡുകാരണം വിമാനം കിട്ടിയില്ലേ; വെറും മൂന്നു രൂപ അധികംനൽകിയാൽ ഉബർ തരും 7500 രൂപ നഷ്ടപരിഹാരം

മുംബൈ: റോഡിന്റെ മോശമായ അവസ്ഥകാരണം കൃത്യസമയത്ത് വിമാനത്താവളത്തിൽ എത്താൻകഴിയാതെ വിമാനം നഷ്ടപ്പെട്ടോ? ഉബർ ടാക്സിയിലാണ് നിങ്ങൾ യാത്രചെയ്തതെങ്കിൽ ഇനിമുതൽ നിങ്ങൾക്ക് 7500 രൂപ നഷ്ടപരിഹാരം ലഭിക്കും. അതിന് അധികം നൽകേണ്ടത് വെറും മൂന്നുരൂപ.
ഇതിനുപുറമേ യാത്രയ്ക്കിടയിൽ എന്തെങ്കിലും അപകടംസംഭവിച്ചാൽ ആശുപത്രിച്ചെലവിനത്തിൽ 10,000 രൂപയും ഉബർ വാഗ്ദാനംചെയ്യുന്നുണ്ട്. പരിക്ക് സാരമുള്ളതാണെങ്കിൽ 10 ലക്ഷംവരെയും ലഭിക്കും. റിലയൻസ് ജനറൽ ഇൻഷുറൻസുമായിച്ചേർന്നാണ് ഈ പദ്ധതി ഉബർ നടപ്പാക്കിയിരിക്കുന്നത്.
നഗരത്തിലെ മോശമായ റോഡുകാരണം പലപ്പോഴും കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താൻകഴിയാത്തതിനെത്തുടർന്ന് ഉബർ ഡ്രൈവർമാർ ട്രിപ്പുകളെടുക്കാൻ വൈമനസ്യംകാണിച്ചിരുന്നു. ഇതാണ് ‘മിഡ്‌സ് ഫ്ലൈറ്റ് കണക്‌ഷൻ കവർ’ എന്ന ഇൻഷുറൻസ് പോളിസിയിലേക്ക് ഉബറിനെ നയിച്ചത്. നഷ്ടപരിഹാരം ലഭിക്കണമെങ്കിൽ ടാക്സി ബുക്ക് ചെയ്യുമ്പോൾ യാത്രക്കാരുടെ ലക്ഷ്യസ്ഥാനം വിമാനത്താവളമായിരിക്കണം.
നഷ്ടപരിഹാരം ലഭിക്കണമെങ്കിൽ റൈഡുമായി ബന്ധപ്പെട്ട വിവരങ്ങൾ, ഫ്ലൈറ്റ് ടിക്കറ്റിന്റെ പകർപ്പ്, വിമാനത്തിൽ യാത്രചെയ്തില്ലെന്നും റീഫണ്ട് ലഭിക്കില്ലെന്നുമുള്ള വിമാനക്കമ്പനിയുടെ സത്യവാങ്മൂലം, പണംലഭിക്കുന്നതിനുള്ള ബാങ്കിന്റെ വിവരങ്ങൾ എന്നിവ നൽകണം.
Content Highlights: uber will pay ₹7500 if you miss a flight in mumbai after taking their cab