ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് വിനോദസഞ്ചാരികൾ ഒഴുകിയെത്തുന്നു; മനം കവർന്ന് രാമക്കൽമേട്

തൂക്കുപാലം: രാമക്കൽമേട്ടിൽ സഞ്ചരികളുടെ തിരക്ക് വർധിക്കുന്നു. ഞായറാഴ്ച മാത്രം രാമക്കൽമേട്ടിൽ എത്തിയത് 2500-ൽ അധികം ആളുകൾ. അടുപ്പിച്ചുള്ള അവധിയും സ്‌കൂളുകൾക്ക് അവധി ആയതുമാണ് സഞ്ചാരികൾ കൂടുതൽ എത്താൻ കാരണം.
കേരളത്തിലെ വിവിധ ജില്ലകളിൽനിന്നും തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നും ആളുകൾ രാമക്കൽമേട്ടിൽ എത്തുന്നുണ്ട്. ഈ മേഖലയിലെ വിദൂര ദൃശ്യഭംഗിയാണ് സഞ്ചാരികളെ ആകർഷിക്കുന്നത്. ഒന്നിലധികം തവണ മേഖലയിൽ വന്നവരും നിരവധിയാണ്. ഡിടിപിസിയുടെ നേതൃത്വത്തിലാണ് പ്രവർത്തനം.
തമിഴ്‌നാട്-കേരള അതിർത്തിയുടെ ദൃശ്യഭംഗി ഏതൊരാളുടെയും മനം കവരുന്നതാണ്. കൂടാതെ ഇവിടെനിന്ന് നോക്കിയാൽ തേനി, ദിണ്ടിഗൽ, മധുര എന്നീ ജില്ലകളുടെ അതിമനോഹരമായ ചിത്രവും ഗംഭീരമാണ്. കമ്പം, ഉത്തമപാളയം, കോമ്പ, പൈപ്പുറം, തേവാരം, ബോഡിനായ്ക്കന്നൂർ എന്നിവിടങ്ങളിലെ ചില ഗ്രാമങ്ങളും കാണാം. സന്ധ്യ മയങ്ങുന്നതോടെ ഈ പ്രദേശങ്ങൾ കൂടുതൽ സൗന്ദര്യമുളവാക്കുന്നു. തേനി ജില്ലയിൽ സന്ധ്യക്ക് തെളിയിക്കുന്ന വൈദ്യുതിവിളക്കുകൾ ഒരായിരം നക്ഷത്രങ്ങൾ തെളിയുന്ന ആകാശംപോലെ തോന്നുന്നതും കൗതുക കാഴ്ചയാണ്.
കുറവൻ കുറത്തി ശില്പം, മലമുഴക്കി വേഴാമ്പൽ വാച്ച്ടവർ, ചെറിയ കുട്ടികളുടെ പാർക്ക് തുടങ്ങിയവയും സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാണ്. ഡിടിപിസിയുടെ അധീനതയിലുള്ള സ്ഥലത്ത് സന്ദർശനസമയം രാവിലെ 8.30 മുതൽ വൈകീട്ട് ഏഴുവരെയാണ്. കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും 15 രൂപ, 15 വയസ്സിനുമുകളിൽ പ്രായമുള്ളവർക്ക് 25 രൂപ എന്നിങ്ങനെയാണ് പ്രവേശനനിരക്ക്. പഞ്ചായത്തിന്റെയും ഡിടിപിസിയുടെയുമായി നാല് ശുചീകരണ തൊഴിലാളികളും രണ്ട് ടിക്കറ്റ് കൗണ്ടറുകളിലായി മൂന്ന് ജീവനക്കാരും മൂന്ന് സുരക്ഷാ ഗാർഡുകളും ഇവിടെയുണ്ട്.
രാമക്കൽമേട് വിനോദസഞ്ചാരമേഖലയിൽ കുരുവിക്കാനം കാറ്റാടി പാടം, ആമപ്പാറ ഓഫ് റോഡ് സവാരിയും തമിഴ്‌നാട്ടിലെ കമ്പത്തെ മുന്തിരിത്തോട്ടവും ആസ്വദിക്കാൻ നിരവധി പേർ എത്തുന്നുണ്ട്.
Content Highlights: Travellers from different south Indian states visit Ramakkalmedu