ട്രംപ് ഭരണത്തിൽ നിന്ന് രക്ഷപ്പെടാൻ രാജ്യംവിടൽ, നാലുവർഷം നീളുന്ന ടൂർ പാക്കേജൊരുക്കി ട്രാവൽ ഏജൻസി

പ്രതീകാത്മക ചിത്രം | Photo: AP
പ്രതീകാത്മക ചിത്രം | Photo: AP

ചരിത്രമായിരുന്നു ഇത്തവണത്തെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്. 130 വർഷത്തിന് ശേഷം ഒരു മുൻ പ്രസിഡന്റ് വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നു. രാജ്യത്ത് ട്രംപ് വിരുദ്ധർ ഒന്നടങ്കം തുടക്കം മുതൽക്കെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഹോളിവുഡ് താരങ്ങളും നേതാക്കളുമടക്കം കമല ഹാരിസിന്റെ ജയത്തിനായി തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഇറങ്ങിയിരുന്നു. സർവെകളിൽ അടക്കം മുന്നിട്ട് നിന്ന കമല ഹാരിസിനെ, ഒടുവിൽ തിരഞ്ഞെടുപ്പ് ഫലമെത്തിയപ്പോൾ സ്വിങ് സ്റ്റേറ്റുകൾ കൈവിടുകയും ട്രംപ് അധികാരത്തിലെത്തുകയുമായിരുന്നു. 

ട്രംപ് ഭരണത്തിൽ അമേരിക്കയിൽ ജീവിതം സാധ്യമോ എന്നടക്കം പല ട്രംപ് വിരുദ്ധരും ആശങ്ക ഉയർത്തിയിരുന്നു. ട്രംപ് ഭരണത്തിലേറിയാൽ അമേരിക്ക നശിച്ചു പോകുമെന്നും ജനങ്ങൾ അമേരിക്ക വിടുമെന്നടക്കം സാമൂഹികമാധ്യമങ്ങളിൽ പ്രചാരണം ശക്തമാക്കിയിരുന്നു. സാക്ഷാൽ ഇലോൺ മസ്കിന്റെ മകൾ അടക്കം അമേരിക്ക വിടുന്നതിനെക്കുറിച്ചുള്ള ചിന്തകൾ പങ്കുവെച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ച് പുതിയ ബിസിനസ് സാധ്യതകളുമായി ജനങ്ങളിലേക്കെത്തുകയാണ് അമേരിക്കയിലെ ടൂർ ഏജൻസി.

അടുത്ത നാല് വർഷം രാജ്യത്ത് നിന്ന് വിട്ടു നിൽക്കാൻ ക്രൂയിസ് കപ്പൽ ടൂർ പാക്കേജാണ് ട്രാവൽ കമ്പനി വാഗ്ദാനം ചെയ്യുന്നത്. കടലിലെ യാത്ര ഇഷ്ടപ്പെടുന്നവർക്കും നാല് വർഷത്തോളം കടലിൽ ചെലവഴിക്കാൻ താത്പര്യമുള്ളവർക്കും വേണ്ടിയാണ് ഇത്തരത്തിൽ ഒരു ടൂർ പാക്കേജുമായി കമ്പനി എത്തിയിരിക്കുന്നത്. 

ഫ്ലോറിഡ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വില്ല വി റെസിഡൻസസാണ് ഇത്തരത്തിൽ ഒരു പാക്കേജ് അവതരിപ്പിച്ചിരിക്കുന്നത്. ട്രംപ് ജയിച്ചതിനു പിന്നാലെ നവംബർ ഏഴിനാണ് യാത്രയെക്കുറിച്ച് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. ലോകത്തെ പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം സന്ദർശിക്കാൻ സാധിക്കുമെന്നാണ് യാത്രയുടെ പ്രത്യേകത. പ്രതിവർഷം 40,000 ഡോളറാണ് യാത്ര ചെലമായി കമ്പനി പറയുന്നത്. ലോകത്ത് ഏത് തുറമുഖത്ത് നിന്നും ഈ സാഹസിക യാത്രയിൽ പങ്കെടുക്കാൻ സാധിക്കുമെന്നും കമ്പനി അറിയിക്കുന്നു. അതേസമയം ട്രംപിന്റെ പ്രസിസന്റ് പദവുമായി ബന്ധപ്പെട്ട പരാമർശങ്ങളൊന്നും തന്നെ കമ്പനി പരസ്യമായി പറഞ്ഞിട്ടില്ലെങ്കിലും അടുത്ത നാല് വർഷത്തേക്കുള്ള പദ്ധതിയെന്നോണമാണ് ടൂർ പാക്കേജ് അവതരിപ്പിച്ചിരിക്കുന്നത്.

Content Highlights: Travel company offers Americans an opportunity to skip 4 year Trump presidency