പുരാതനക്ഷേത്രങ്ങളിലൂടെ ഓടി 'ടെംപിള്‍ റണ്‍ ചലഞ്ച്'; ടൂറിസ്റ്റുകള്‍ക്കെതിരെ വ്യാപക വിമര്‍ശനം

അങ്കോര്‍വാട്ട് | Photo: Canva
അങ്കോര്‍വാട്ട് | Photo: Canva

പുരാതനമായ ക്ഷേത്രത്തിലൂടെയും ക്ഷേത്രങ്ങളുടെ ശേഷിപ്പുകളിലൂടെയുമുള്ള ഓട്ടവും ചാട്ടവുമെല്ലാമാണ് ഇപ്പോള്‍ ടൂറിസം ലോകത്തെ ട്രെന്‍ഡ്. ലോകത്തിലെ ഏറ്റവും വിസ്തൃതമായ ക്ഷേത്രമെന്നു വിശേഷിപ്പിക്കാറുള്ള കംബോഡിയയിലെ അങ്കോര്‍വാട്ടാണ് ഇതിന്റെ പ്രധാന ലൊക്കേഷന്‍. ലോകപ്രശസ്ത വീഡിയോ ഗെയിമായ ടെംപിള്‍ റണ്‍ മാതൃകയില്‍ ക്ഷേത്രത്തിലൂടെ ഓടി വീഡിയോ ചിത്രീകരിക്കുന്നതാണ് ഇതിന്റെ രീതി. ടെംപിള്‍ റണ്‍ പശ്ചാത്തലത്തിന് സമാനമാണ് അങ്കോര്‍വാട്ടെന്നതാണ് ഇവിടെ ഇത് ട്രെന്‍ഡാവാന്‍ കാരണം. എന്നാല്‍ വിനോദസഞ്ചാരികളുടെ ഈ പുതിയ ട്രെന്‍ഡിനെതിരെ വിമര്‍ശനവും ശക്തമാണ്.

അതീവശ്രദ്ധയോടെ സംരക്ഷിക്കേണ്ട ഇത്തരം ക്ഷേത്രാവശിഷ്ടങ്ങളുടെ നാശത്തിന് ഇത്തരം പ്രവര്‍ത്തികള്‍ കാരണമാകുമെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. ഒപ്പം നിരവധി പേരുടെ വിശ്വാസങ്ങളെയും മുറിവേല്‍പ്പിക്കുന്ന പ്രവര്‍ത്തിയാണ് വിനോദസഞ്ചാരികളില്‍ നിന്ന് ഉണ്ടാവുന്നതെന്നും ഇവര്‍ പറയുന്നു. സമീപകാലത്താണ് ഇത്തരം വീഡിയോ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന ട്രെന്‍ഡ് വ്യാപകമായത്. ക്ഷേത്രങ്ങളുടെ ചെറിയ കല്‍പ്പാതകളിലൂടെ ടെപിള്‍ റണ്‍ വീഡിയോ ഗെയിം മാതൃകയില്‍ ഓടുന്നതാണ് ഇതിന്റെ രീതി. ഇത്തരത്തിലുള്ള വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളായ ടിക്ക് ടോക്കിലും ഇന്‍സ്റ്റഗ്രാമിലുമെല്ലാം വൈറലാണ്. ചില വീഡിയോകള്‍ക്ക് രണ്ട് മില്യണിലേറെ ലൈക്കുകളുണ്ട്. 

ഏഷ്യന്‍ രാജ്യങ്ങളിലുള്ള പുരാതന ക്ഷേത്രങ്ങളില്‍ വെച്ചാണ് ഇത്തരത്തിലുള്ള റീലുകള്‍ ചിത്രീകരിക്കുന്നത്. അങ്കോര്‍വാട്ട് ക്ഷേത്രത്തില്‍ ഇത് ചിത്രീകരിക്കാന്‍ വേണ്ടി മാത്രം ചിലര്‍ എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആയിരത്തോളം വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തെ ഇത്തരത്തില്‍ അപമാനിക്കുന്നതിനെതിരെ ചരിത്ര ഗവേഷകരും പ്രദേശവാസികളും രംഗത്തെത്തിയിട്ടുണ്ട്. കംബോഡിയന്‍ ജനതയുടെ ജീവിതത്തിന്റെ ഭാഗമായ ക്ഷേത്രമാണ് അങ്കോര്‍വാട്ട്. ഇവിടത്തെ ഓരോ ശിലകളെയും മരിച്ചുപോയവരുടെ ആത്മവിന്റെ പ്രതീകമായാണ് കംബോഡിയക്കാര്‍ കാണുന്നത്. നിലവിലെ സാഹചര്യത്തില്‍ ഈ റീല്‍ ചിത്രീകരണത്തിനെതിരെ നടപടി സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം.

പതിറ്റാണ്ടുകള്‍ വനത്തില്‍ മറഞ്ഞുകിടന്ന വിസ്മയം

യുനെസ്‌കോ അംഗീകരിച്ച ലോക പൈതൃകസ്മാരകങ്ങളില്‍ പ്രഥമസ്ഥാനം ലോകാദ്ഭുതങ്ങളിലൊന്നായ കംബോഡിയയിലെ അങ്കോര്‍വാട്ടിനാണ്. ലോകത്തെ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തുന്ന ക്ഷേത്രമെന്ന ഖ്യാതിയും  വാസ്തുവിദ്യയും ശില്പകലാചാതുരിയും ഒത്തുചേര്‍ന്ന അങ്കോര്‍ വാട്ടിനാണ്. കംബോഡിയന്‍ തലസ്ഥാനമായ സിയെംറീഫിന്റെ വടക്കേയറ്റത്ത് ഏകദേശം 400 കിലോമീറ്ററോളം ചുറ്റളവില്‍ക്കിടക്കുന്ന അങ്കൊര്‍, ഖമര്‍ രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു. കംബോഡിയന്‍ ഭാഷയായ ഖമീറില്‍ 'വാട്ട്' എന്നാല്‍ ക്ഷേത്രമെന്നാണര്‍ഥം. സൂര്യവര്‍മന്റെ ശേഷക്രിയാക്ഷേത്രമാണ് ഇതെന്നും ഒരു വിശ്വാസമുണ്ട്. സാധാരണ ഹിന്ദുക്ഷേത്രനിര്‍മിതിയില്‍നിന്ന് വ്യത്യസ്തമായി ഇടത്തുനിന്ന് വലത്തോട്ട് ദര്‍ശനമെന്ന രീതിയില്‍ പണിത ഈ ക്ഷേത്രം സൂര്യാസ്തമനത്തിന് പ്രാമുഖ്യം നല്‍കുന്ന രീതിയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. മരണത്തിന്റെ പ്രതീകമായി ഇതിനെ കണക്കാക്കിവരുന്നു.

12-ാം നൂറ്റാണ്ടില്‍ പണിത അങ്കൊര്‍ വാട്ടിന്റെ പണി പൂര്‍ത്തിയാക്കാന്‍ 30 വര്‍ഷമെടുത്തു. അങ്കൊര്‍ വാട്ടിന്റെ നിര്‍മാണം അവസാനഘട്ടത്തിലെത്തിയപ്പോള്‍ ഭരണാധികാരിയായിരുന്ന സൂര്യവര്‍മന്‍ രണ്ടാമന്‍ അന്തരിച്ചു. പിന്നീട് മാറിമാറി ഭരണത്തിലേറിയ രാജാക്കന്മാരിലൂടെ, സൂര്യവര്‍മന്‍ വിഭാവനംചെയ്തതുപോലെയുള്ള അങ്കൊര്‍ വാട്ട് ക്ഷേത്രത്തിന്റെ പണി പൂര്‍ത്തിയാക്കാന്‍ മൂന്നുപതിറ്റാണ്ടോളം വേണ്ടിവന്നു.16-ാം നൂറ്റാണ്ടില്‍ ക്ഷേത്രം ബുദ്ധസന്ന്യാസിമാരുടെ അധീനതയിലായി. അതിനുശേഷം അങ്കൊര്‍ വാട്ട് ബുദ്ധക്ഷേത്രമായി മാറി.

അനേകവര്‍ഷം വനത്തിനു നടുവില്‍ നശിച്ചുകിടന്നിരുന്ന ക്ഷേത്രത്തെക്കുറിച്ച് പല ദുരൂഹതകളും അന്ധവിശ്വാസങ്ങളും നിലനിന്നിരുന്നു. 1990-ഓടെ ലോകത്തെങ്ങുമുള്ള വിനോദസഞ്ചാരികള്‍ അങ്കൊര്‍ വാട്ട് സന്ദര്‍ശിക്കാന്‍ തുടങ്ങി. 1992-ല്‍ യുനെസ്‌കോയുടെ ലോക പൈതൃകപ്പട്ടികയില്‍ അങ്കൊര്‍വാട്ട് ഉള്‍പ്പെടുത്തി.  

203 ഏക്കറോളം വിസ്തൃതിയില്‍ പരന്നുകിടക്കുന്ന ക്ഷേത്രത്തിനുചുറ്റിലും 203 മീറ്റര്‍ വീതിയുള്ള കിടങ്ങാണ്. കിടങ്ങ് കഴിഞ്ഞാല്‍ ഒരു മീറ്റര്‍ വീതിയിലും അഞ്ചുമീറ്റര്‍ ഉയരത്തിലുമുള്ള ചുറ്റുമതിലാണ്. കോട്ടപോലെ, അങ്കൊര്‍വാട്ടിനെ സംരക്ഷിക്കുന്ന മതില്‍ കടന്നാല്‍ ക്ഷേത്രനഗരത്തിലെത്താം. കിടങ്ങിനു മുകളില്‍ കിഴക്കുഭാഗത്തും പടിഞ്ഞാറുഭാഗത്തും കെട്ടിയ പാലങ്ങളിലൂടെ മാത്രമേ പ്രവേശിക്കാന്‍ സാധിക്കുകയുള്ളൂ. പാലങ്ങള്‍ക്കരികിലുള്ള ഗോപുരങ്ങള്‍ ക്ഷേത്രമാണെന്ന് തെറ്റിദ്ധരിക്കുന്ന വിധത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. അബദ്ധധാരണ ഉണ്ടാക്കുന്ന വിധത്തിലുള്ള ഈ ഗോപുരനിര്‍മാണം ശത്രുക്കളില്‍നിന്ന് രക്ഷനേടാനായി മനഃപൂര്‍വം ചെയ്തതാണെന്ന് പറയപ്പെടുന്നു. ക്ഷേത്രത്തിലെ കൊത്തുപണികളില്‍ തെക്കെ ഇന്ത്യയിലെ വാസ്തുശില്പകലകളുടെ സ്വാധീനം നിറഞ്ഞുകാണാം. ചോളരാജാക്കന്മാരുടെയും പല്ലവരാജാക്കന്മാരുടെയും ഭരണകാലത്ത് കംബോഡിയയുമായി വ്യാപാരബന്ധം പുലര്‍ത്തിയിരുന്നു.

Content Highlights: tourists viral temple run trend at Angkor Wat raises concerns