24 മണിക്കൂർ, മൂന്ന് കാനനക്ഷേത്രങ്ങൾ, വെള്ളച്ചാട്ടം; അയ്യപ്പചരിതം തേടി പോകാം, ആനവണ്ടിയിൽ

കെ.എസ്.ആർ.ടി.സിയുടെ ബജറ്റ് ടൂറിസത്തിന്റെ ഭാ​ഗമായി സർവീസ് നടത്തുന്ന ബസ് | ഫോട്ടോ: പി.ജയേഷ്\ മാതൃഭൂമി
കെ.എസ്.ആർ.ടി.സിയുടെ ബജറ്റ് ടൂറിസത്തിന്റെ ഭാ​ഗമായി സർവീസ് നടത്തുന്ന ബസ് | ഫോട്ടോ: പി.ജയേഷ്\ മാതൃഭൂമി

തൃശ്ശൂർ : കുളത്തൂപ്പുഴയിൽ ബാല്യം, ആര്യങ്കാവിലെ യൗവനം, അച്ചൻകോവിലിൽ ഗൃഹസ്ഥാശ്രമം -അയ്യന്റെ ജീവിതചരിതത്തിലൂടെയൊരു യാത്രയൊരുക്കി കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ. യാത്ര പൂർണമാകുന്നത് പന്തളം വലിയ കോയിക്കൽ കൊട്ടാരത്തിലെ അയ്യപ്പക്ഷേത്രത്തിലെത്തുന്നതോടെയാണ്. ബജറ്റ് ടൂറിസം സെല്ലിനെ കൂടുതൽ ഉയരങ്ങളിലേക്ക്‌ എത്തിക്കുന്നതിന്റെ ഭാഗമായാണ് വ്യത്യസ്തമായൊരു തീർഥാടനയാത്രയ്ക്ക് കെ.എസ്.ആർ.ടി.സി. തുടക്കമിടുന്നത്. അയ്യപ്പചരിതം തേടിയുള്ള യാത്രയ്ക്ക് വൃശ്ചികം ഒന്നിന് തൃശ്ശൂരിൽനിന്നു തുടക്കമാകും.

കൊല്ലം ജില്ലയുടെ കിഴക്കായി സഹ്യപർവതനിരകളോട് ചേർന്ന് കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചൻകോവിൽ എന്നീ ക്ഷേത്രങ്ങളിലൂടെയാണ് യാത്ര മുന്നേറുന്നത്. മൂന്ന് കാനനക്ഷേത്രങ്ങളാണിവ. കുളത്തൂപ്പുഴയിൽ ബാലനായും ആര്യങ്കാവിൽ അയ്യനായും അച്ചൻകോവിലിൽ ഗൃഹസ്ഥാശ്രമിയായും അയ്യപ്പൻ ദർശനം നൽകുന്നുവെന്നാണ് വിശ്വാസം. പിന്നീട് കുംഭാവരട്ടി വെള്ളച്ചാട്ടം കണ്ടശേഷം പന്തളം കൊട്ടാരത്തിലേക്ക്‌.

തൃശ്ശൂരിനു പുറമേ മറ്റ് ഡിപ്പോകളിൽനിന്നും അയ്യപ്പചരിതം തേടിയുള്ള യാത്രയുണ്ട്. തൃശ്ശൂരിൽനിന്ന് 24 മണിക്കൂറോളം നീളുന്ന യാത്രയ്ക്ക് സൂപ്പർ ഡീലക്സ് എയർ ബസാണ്. പുലർച്ചെ ഒന്നിനാരംഭിച്ച് രാത്രി 12-ന് തിരിച്ചെത്തുംവിധമാണ് യാത്രയൊരുക്കുന്നത്. ടൂറിസ്റ്റ് ബസുകളിലേതിന് സമാനമായ സൗകര്യങ്ങൾ നൽകി കൂടുതൽ യാത്രക്കാരെ ആകർഷിക്കാനാണിതെന്ന് അധികൃതർ പറയുന്നു. 1730 രൂപയാണ് തൃശ്ശൂരിൽനിന്നുള്ള നിരക്ക്. ഭക്ഷണം ഉൾപ്പെടാതെയാണ് ഈ തുക. ബുക്കിങ്ങിന് വിളിക്കേണ്ട നമ്പർ: 96560 18514

കുളത്തൂപ്പുഴ ശ്രീധർമശാസ്താക്ഷേത്രം

ക്ഷേത്രത്തെ ചുറ്റി മലനിരകൾ. ഒരുഭാഗത്തുകൂടി കല്ലടയാർ ഒഴുകുന്നു. ധർമശാസ്താവിനെ ബാലന്റെ രൂപത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രം സംരക്ഷിതവനമേഖലയിലാണ് സ്ഥിതിചെയ്യുന്നത്.

കുളത്തൂപ്പുഴ ക്ഷേത്രം

ആര്യങ്കാവ് ശ്രീധർമശാസ്താക്ഷേത്രം

കൊല്ലം തിരുമംഗലം ദേശീയപാതയുടെ ഓരത്ത് 35 അടി താഴ്ചയിലാണ് ക്ഷേത്രം. കിഴക്കോട്ട് ദർശനമായ കൗമാരശാസ്താവാണ് പ്രതിഷ്ഠ. തൊട്ടടുത്തായി കല്ലടയാർ ഒഴുകുന്നു. ശബരിമലയിലേതുപോലെ 10-നും 50-നും മധ്യേ പ്രായമുള്ള സ്ത്രീകൾക്ക് നാലമ്പലത്തിൽ പ്രവേശനമില്ല.

ആര്യങ്കാവ് ശാസ്താ ക്ഷേത്രം

അച്ചൻകോവിൽ ശ്രീധർമശാസ്താക്ഷേത്രം

കൊല്ലം ജില്ലയിലെ ആര്യങ്കാവ് പഞ്ചായത്തിലെ അച്ചൻകോവിൽ മലയുടെ വടക്കുകിഴക്കേ കോണിലുള്ള താഴ്‌വരയിലാണ് ക്ഷേത്രം. പ്രതിഷ്ഠയുടെ വലതുകൈയിൽ എപ്പോഴും ചന്ദനം അരച്ചുവയ്ക്കും. വിഷം തീണ്ടി വരുന്നവർക്ക് കിഴക്കേഗോപുരനടയിലെ മണിയടിച്ച് എപ്പോൾ വേണമെങ്കിലും സഹായം അഭ്യർഥിക്കാം. ഏത് നേരത്തും ഈ ക്ഷേത്രത്തിന്റെ നട തുറക്കും.

അച്ചൻകോവിൽ ധർമശാസ്താ ക്ഷേത്രം

പന്തളം വലിയകോയിക്കൽ ക്ഷേത്രം

അച്ചൻകോവിലാറിന്റെ തീരത്ത് പന്തളം കൊട്ടാരസമുച്ചയത്തിനുള്ളിലായാണ് പന്തളം വലിയകോയിക്കൽ ക്ഷേത്രം. ശബരിമല അയ്യപ്പക്ഷേത്രത്തിന്റെ അതേ മാതൃകയിൽത്തന്നെയാണ് ഈ ക്ഷേത്രവും നിർമിച്ചിരിക്കുന്നത്. ബാലരൂപത്തിലുള്ള ശാസ്താവാണ് ഇവിടെ പ്രധാനപ്രതിഷ്ഠ.

സൈലന്റ് വാലി വിളിക്കുന്നു

പ്രകൃതിസ്നേഹികളായ സഞ്ചാരികൾ കാത്തിരുന്ന സൈലന്റ്‌വാലി യാത്രയും തൃശ്ശൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽനിന്നാരംഭിക്കുന്നു.

തൃശ്ശൂരിൽനിന്ന് പുലർച്ചെ 4.45-ന് ആരംഭിച്ച് രാത്രി ഒമ്പതിന് തിരിച്ചെത്തുംവിധമാണ് യാത്ര. ഉച്ചഭക്ഷണവും വനംവകുപ്പിന്റെ വാഹനത്തിന്റെ വാടകയുമുൾപ്പെടെ 1770 രൂപയാണ് യാത്രാത്തുക. കാഞ്ഞിരപ്പുഴ ഡാം കൂടി ഇതിനൊപ്പം സന്ദർശിക്കാം. സൂപ്പർ ഡീലക്സ് എയർ ബസ് തന്നെയാണ് ഈ യാത്രയ്ക്കും ഒരുക്കിയിരിക്കുന്നത്. മറ്റ് ഡിപ്പോകളിൽനിന്നും സൈലന്റ്‌വാലിയിലേക്ക്‌ യാത്രയൊരുക്കുന്നുണ്ട്.

Content Highlights: Embark on a spiritual journey with KSRTC`s budget trip visiting temples of Ayappan