'വേര്‍ ഇസ് ദ ട്രെയിന്‍?'; കൊങ്കണ്‍ സമയമാറ്റം സ്വകാര്യ ആപ്പുകള്‍ അറിഞ്ഞില്ല, വലഞ്ഞ് യാത്രക്കാർ

1. പ്രതീകാത്മക ചിത്രം, 2. മംഗള എക്സ്പ്രസിന്റെ സമയം സ്വകാര്യ ആപ്പ് തെറ്റായി കാണിച്ചപ്പോൾ
1. പ്രതീകാത്മക ചിത്രം, 2. മംഗള എക്സ്പ്രസിന്റെ സമയം സ്വകാര്യ ആപ്പ് തെറ്റായി കാണിച്ചപ്പോൾ

കണ്ണൂര്‍: കൊങ്കണ്‍പാതയിലെ വണ്ടികളുടെ സമയമാറ്റം അറിയാതെ സ്വകാര്യ ആപ്പുകള്‍ യാത്രക്കാരെ വെട്ടിലാക്കി. സ്വകാര്യ ആപ്പിലെ സമയം നോക്കി തീവണ്ടി കയറാന്‍ വന്നവര്‍ക്ക് വണ്ടി കിട്ടിയില്ല. ഞായറാഴ്ച മുതലാണ് കൊങ്കണ്‍പാതയിലൂടെ ഓടുന്ന നേത്രാവതി, മംഗള എക്‌സ്പ്രസുകള്‍ ഉള്‍പ്പെടെയുള്ള വണ്ടികളുടെ സമയം മാറിയത്. 

കേരളത്തില്‍നിന്നുള്ള വണ്ടികളുടെ സമയം നേരത്തേ ആക്കിയത് സ്വകാര്യ ആപ്പുകള്‍ അപ്‌ഡേറ്റ് ചെയ്തിരുന്നില്ല. ഉച്ചയ്ക്ക് 2.45-ന് കോഴിക്കോട് വിട്ട എറണാകുളം-നിസാമുദ്ദീന്‍ മംഗള എക്‌സ്പ്രസ്, ആപ്പില്‍ വൈകിട്ട് 5.19-നാണ് കോഴിക്കോടെത്തിയത്. വണ്ടി അപ്പോഴേക്കും പയ്യന്നൂര്‍ സ്റ്റേഷന്‍ വിട്ടിരുന്നു. 

മറ്റു കൊങ്കണ്‍ വണ്ടികള്‍ക്കും തെറ്റായ സമയമാണ് സ്വകാര്യ ആപ്പ് കാണിച്ചത്. വണ്ടിസമയം തെറ്റില്ലാതെ അറിയാന്‍ എന്‍ടിഇഎസ് (നാഷണല്‍ ട്രെയിന്‍ എന്‍ക്വയറി സിസ്റ്റം) പിന്തുടരണമെന്ന് റെയില്‍വേ ആവര്‍ത്തിച്ച് അറിയിച്ചിട്ടും സ്വകാര്യ ആപ്പുകള്‍ നോക്കി യാത്രക്കാര്‍ വെട്ടിലാകുകയാണ്. ക്രിസ് (സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം) നിയന്ത്രിക്കുന്ന ആപ്പാണ് എന്‍ടിഇഎസ്. 

Content Highlights: Railway passengers missed train as third party apps unaware of Konkan time change