തെന്മല സഫാരി ആസ്വദിച്ച് മാലദ്വീപ് സംഘം; ലക്ഷ്യം ഇക്കോ ടൂറിസം പഠിക്കല്‍

വിനോദസഞ്ചാരസാധ്യതകള്‍ പഠിക്കാന്‍ മാലദ്വീപിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഫുവാഹ്‌മുള പ്രകൃതി പാര്‍ക്കില്‍നിന്നുള്ള സംഘം തെന്മല ഇക്കോടൂറിസം സന്ദര്‍ശിച്ചു. ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത ഇക്കോടൂറിസമെന്നു പേരുകേട്ട തെന്മല ഇക്കോടൂറിസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയാണ് അഞ്ചുപേരടങ്ങുന്ന സംഘം ചൊവ്വാഴ്ച സ്ഥലം സന്ദര്‍ശിച്ചത്.
സാധാരണ സഞ്ചാരികളെപ്പോലെയെത്തിയ സംഘം ഇക്കോ ടൂറിസത്തിലെ അഡ്വഞ്ചര്‍ സോണ്‍, ലിഷര്‍ സോണ്‍, ചിത്രശലഭ സഫാരി, ബോട്ടിങ് ഉള്‍പ്പെടെ ആസ്വദിച്ചു. ഇക്കോടൂറിസം വേനല്‍ക്കാലത്തും മഴക്കാലത്തും ഒരുപോലെ സഞ്ചാരികള്‍ക്ക് പ്രയോജനപ്പെടുന്നതായും സംഘാംഗങ്ങള്‍ പറഞ്ഞു. പ്രകൃതിയെ നോവിക്കാതെ മെച്ചപ്പെട്ട രീതിയിലാണ് തെന്മലയിലെ വിനോദസഞ്ചാരമെന്ന് സംഘത്തെ നയിച്ച അമ്മാനി അഭിപ്രായപ്പെട്ടു.
തുടര്‍ന്ന് തെന്മല ഇക്കോടൂറിസത്തിന്റെയും ഫുവാഹ്‌മുള പ്രകൃതി പാര്‍ക്കിന്റെയും വിനോദസഞ്ചാരമേഖലയുമായി ബന്ധപ്പെട്ട ലഘുവിവരണങ്ങള്‍ ജീവനക്കാര്‍ പരസ്പരം കൈമാറി. മാലദ്വീപിലെ ഊര്‍ജമന്ത്രാലയത്തിനു കീഴില്‍ കാലാവസ്ഥാ വ്യതിയാന അഡാപ്‌റ്റേഷന്‍ പ്രോജക്ടിന്റെ ഭാഗമായാണ് ഫുവാഹ്‌മുള പ്രകൃതി പാര്‍ക്ക് സ്ഥാപിച്ചിട്ടുള്ളത്.
അവിടത്തെ ചെളിനിറഞ്ഞ പ്രദേശങ്ങളും കണ്ടല്‍ക്കാടുകളും സംരക്ഷിക്കുന്നതിനായി യൂറോപ്യന്‍ യൂണിയന്റെ സഹായവുമുണ്ട്. ഒട്ടേറെ ദ്വീപുകളുള്‍പ്പെട്ട മാലദ്വീപിന്റെ പ്രധാന വരുമാനസ്രോതസ്സ് വിനോദസഞ്ചാരമാണ്.
പ്രകൃതിയുടെ മനോഹാരിത വിനോദസഞ്ചാരമേഖലയ്ക്ക് കൈമുതലാകുമ്പോള്‍ മെച്ചപ്പെട്ടരീതിയില്‍ അവയെങ്ങനെ പരസ്പരം പ്രയോജനപ്പെടുത്താം തുടങ്ങിയുള്ള കാര്യങ്ങള്‍ മനസ്സിലാക്കിയായിരുന്നു മടക്കം.
Content Highlights: Thenmala maldives ecotourism