വെനീസ് മാതൃകയില്‍ ആര്‍ട്ട് ബിനാലെയുമായി കേന്ദ്ര സര്‍ക്കാര്‍; ഡല്‍ഹിയില്‍ അടുത്തമാസം ആരംഭിക്കും

ചെങ്കോട്ട
ചെങ്കോട്ട

ഇന്ത്യയുടെ സാംസ്‌കാരികപൈതൃകം ലോകത്തിനുമുന്നില്‍ അവതരിപ്പിക്കാന്‍ അന്താരാഷ്ട്ര നിലവാരത്തില്‍ ബിനാലെ ഒരുക്കാന്‍ കേന്ദ്രം. വെനീസിലേതടക്കം ലോകപ്രശസ്തമായ സാംസ്‌കാരിക പ്രദര്‍ശനങ്ങളോടു കിടപിടിക്കുന്ന തരത്തില്‍ 'ഇന്ത്യ ആര്‍ട്ട്, ആര്‍ക്കിടെക്ചര്‍, ഡിസൈന്‍ ബിനാലെ 2023' ഡല്‍ഹിയില്‍ അടുത്തമാസം ആരംഭിക്കാനാണ് സാംസ്‌കാരിക മന്ത്രാലയത്തിന്റെ പദ്ധതി.

ചെങ്കോട്ടയില്‍ ഡിസംബര്‍ എട്ടിന് ഉദ്ഘാടനം ചെയ്യുന്ന ബിനാലെയിലെ പവിലിയനുകള്‍ അടുത്തവര്‍ഷം മാര്‍ച്ചുവരെ തുടരും. ഒരാഴ്ചനീളുന്ന കലാപരിപാടികളും സംവാദങ്ങളും ചര്‍ച്ചകളുമാണ് ബിനാലെയിലൊരുക്കുക. എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുമെന്നാണ് വിവരമെങ്കിലും ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. ഒമ്പതുമുതല്‍ 15 വരെയാണ് പൊതുജനങ്ങള്‍ക്കു പ്രവേശനം. 

ഈ ദിവസങ്ങളില്‍ വിവിധ കലാപ്രദര്‍ശനങ്ങളും ശില്പശാലകളുമുണ്ടാകും. അടുത്ത മാര്‍ച്ച് 31 വരെ ബിനാലെയിലെ പവിലിയനുകള്‍ ചെങ്കോട്ടയില്‍ പ്രദര്‍ശിപ്പിക്കും. ഇതോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കായി ലളിതകലാ അക്കാദമിയിലും ഡിസംബര്‍ ഒമ്പതിന് ബിനാലെ സംഘടിപ്പിക്കും.

കല, വാസ്തുവിദ്യ, രൂപകല്പന എന്നീ രംഗങ്ങളിലെ ഇന്ത്യന്‍ സാംസ്‌കാരികസമ്പന്നത ബിനാലെയില്‍ അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. രാജ്യത്തെമ്പാടുംനിന്നുള്ള കലാപ്രദര്‍ശനങ്ങളുണ്ടാകും. ബിനാലെയിലേക്ക് ലഭിച്ച 560 അപേക്ഷകളില്‍ 150 എണ്ണം പ്രദര്‍ശനത്തിനായി തിരഞ്ഞെടുത്തെന്നും അധികൃതര്‍ അറിയിച്ചു.

Content Highlights: The first-ever India Biennale to be held at the British era barracks of Delhi’s Red Fort