കാശ്മീരിൽ ഗുൽമാർഗ് മാത്രമല്ല, സഞ്ചാരികളുടെ സൂപ്പർ വിന്റർ ഡെസ്റ്റിനേഷനായി സോനാമാർഗ്

പഞ്ഞിപോലുള്ള വെളുത്ത മഞ്ഞ് മൂടിയ പൈൻ മരങ്ങളും, ഐസ് ഉറഞ്ഞുപോയ സിന്ധ് നദിയും, ചുറ്റും അതിരിടുന്ന ഹിമാലയൻ കൊടുമുടികളും-' സ്വർണ താഴ്‌വര ' എന്ന സോനാമാർഗ്! കശ്മീരിലെ മഞ്ഞുകാലം എന്ന് കേൾക്കുമ്പോൾ ഇനി ഗുൽമാർഗ് മാത്രമല്ല സോനാമാർഗും ഇടംപിടിക്കുകയാണ്. മുമ്പ് നവംബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയും മഞ്ഞിടിച്ചിൽ ഭീഷണിയും കാരണം സോനാമാർഗ് പൂർണമായും അടച്ചിടാറായിരുന്നു പതിവ്. വേനൽക്കാലത്ത് മാത്രമേ പ്രവേശനമുണ്ടായിരുന്നുള്ളൂ. ഇപ്പോൾ കശ്മീരിലെ വിന്റർ ടൂറിസത്തിന് പുതിയ വഴിത്തിരിവാവുകയാണ് ഈ പ്രദേശം. ഗംഗംഗീറിനെയും സോനാമാർഗിനെയും ബന്ധിപ്പിക്കുന്ന ആറര കിലോമീറ്റർ ദൈർഘ്യമുള്ള സെഡ്-മോഡ് (Z-Morh) തുരങ്കം കഴിഞ്ഞവർഷം ജനുവരിയിൽ തുറന്നുകൊടുത്തതോടെയാണ് വർഷംമുഴുവൻ സോനാമാർഗിലേക്ക് യാത്ര സാധ്യമായത്.

ശ്രീനഗറിൽ നിന്ന് ചുരം വഴി സോനാമാർഗിലെത്താൻ മൂന്നര മണിക്കൂറിലധികം വേണമായിരുന്നു. ഇപ്പോൾ യാത്ര വെറും രണ്ടര മണിക്കൂറായി ചുരുങ്ങി. അപകടകരമായ വളവുകളും മഞ്ഞിടിച്ചിൽ ഭീഷണിയും ഒഴിവാക്കി അതിവേഗമെത്താൻ ഈ തുരങ്കം സഹായിക്കുന്നു. മലമുകളിൽ നിന്ന് വൻതോതിൽ മഞ്ഞോ പാറയോ ഇടിഞ്ഞുവീണാലും റോഡിലേക്ക് വീഴാതെ ടണൽ മേൽക്കൂരയ്ക്ക് മുകളിലൂടെ താഴേക്ക് പോകും.

സീ-മോഡ് (Z-Morh) ടണൽ

ഗുൽമാർഗിന് ബദലായി മികച്ച സ്‌കീയിംഗ് ട്രാക്കുകളും സ്ലെഡ്ജിംഗ് സൗകര്യങ്ങളും ഇവിടെ ഒരുങ്ങുന്നുണ്ട്. ശ്രീനഗറിൽ നിന്ന് അതിരാവിലെ പുറപ്പെട്ട്, മഞ്ഞിൻ ഭംഗിയെല്ലാം ആസ്വദിച്ച് വൈകുന്നേരത്തോടെ തിരികെയെത്താം. നിർമ്മാണം പുരോഗമിക്കുന്ന സോജില ടണൽ കൂടി പൂർത്തിയാകുന്നതോടെ കശ്മീരിൽ നിന്ന് ലഡാക്കിലേക്ക് വർഷംമുഴുവൻ സഞ്ചരിക്കാനാകും. യാത്രാദുരവും കുറയും. 2028 ഫെബ്രുവരിയോടെ ഈ ടണൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlights: Sonamarg is now a year-round winter tourist destination in Kashmir., The 6.5 km Z-Morh tunnel enables connectivity through winter, avoiding heavy snow blockages., Travel time from Srinagar has reduced to just two and a half hours., Offers skiing tracks and sledging facilities as an alternative to Gulmarg., Zojila tunnel expected to complete by February 2028 will further improve Ladakh connectivity.