ശതാബ്ദി, ജനശതാബ്ദി എക്‌സ്പ്രസുകൾ വന്ദേഭാരത് മാതൃകയിലേക്ക്; നടപടികൾ തുടങ്ങി

ചെന്നൈ: വന്ദേഭാരത് മാതൃകയിലേക്ക് മാറാൻ ശതാബ്ദി, ജനശതാബ്ദി എക്‌സ്പ്രസ് തീവണ്ടികൾ. ശീതീകരിച്ച എക്‌സിക്യുട്ടീവ് ക്ലാസുകളും ചെയർകാറുമുള്ള തീവണ്ടിയുടെ രൂപകല്പനയിൽ വേണ്ട മാറ്റങ്ങൾ വരുത്താനായി യാത്രക്കാരിൽനിന്ന് അഭിപ്രായമാരായും. ഇതിനായി ഓരോ റെയിൽവേ സോണൽ ജനറൽ മാനേജർമാരോടും പ്രത്യേകം കമ്മിറ്റി രൂപവത്കരിക്കാൻ റെയിൽവേ ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്.
ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തിയും ശുചിത്വപരിപാലനം മികച്ചതാക്കിയും വന്ദേഭാരത് തീവണ്ടികളെപ്പോലെ ശതാബ്ദി, ജനശതാബ്ദി തീവണ്ടികളും ആകർഷകമാക്കുകയെന്നതാണ് ലക്ഷ്യം. ശൗചാലയത്തിന്റെ രൂപകല്പനയിൽ മാറ്റംവരുത്തും. വെള്ളം പെട്ടെന്ന് ഒഴുകിപ്പോകുന്ന രീതിയിലായിരിക്കും നവീകരിക്കുക. ഇതിനുപുറമേ യാത്രക്കാർക്കാവശ്യമുള്ള പരിഷ്‌കാരങ്ങൾ നടപ്പാക്കുകയും പരാതികൾ പരിഹരിക്കുകയാണ് ലക്ഷ്യമിടുന്നത്.
മുൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് 1988-ലാണ് ശതാബ്ദി എക്‌സ്പ്രസ് ആരംഭിച്ചത്. മണിക്കൂറിൽ 130 മുതൽ 150 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാവുന്ന തീവണ്ടി ഇപ്പോൾ രാജ്യത്തെ 25 നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ് സർവീസ് നടത്തുന്നത്. 25 ജോഡി ശതാബ്ദി എക്‌സ്പ്രസുകളും ഇരുപതിലധികം ജനശതാബ്ദി എക്‌സ്പ്രസുകളും നവീകരിക്കാനാണ് പദ്ധതി.
Content Highlights: Transformation of Shatabdi and Jan Shatabdi trains to match Vande Bharat standards, Introduction of modern AC executive classes and improved chair cars, Formation of zonal committees to collect passenger feedback, Upgrading restroom designs for better sanitation and drainage, Refurbishment plan covering 25 pairs of Shatabdi and 20+ Jan Shatabdi trains