സഞ്ചാരികളെ വീണ്ടും സ്വാഗതം ചെയ്യാനൊരുങ്ങി ഇരിങ്ങല്‍ സര്‍ഗാലയ, പ്രവേശനം ചൊവ്വാഴ്ച മുതല്‍

സര്‍ഗാലയ | ഫോട്ടോ: എന്‍.എം. പ്രദീപ്  മാതൃഭൂമി
സര്‍ഗാലയ | ഫോട്ടോ: എന്‍.എം. പ്രദീപ് മാതൃഭൂമി

കോവിഡ് അടച്ചുപൂട്ടലിന്റെ ഭാഗമായി പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്ന കോഴിക്കോട് ഇരിങ്ങലിലെ സര്‍ഗാലയ കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജ് വീണ്ടും സന്ദര്‍ശകര്‍ക്കായി ഒരുങ്ങി. ചൊവ്വാഴ്ച മുതല്‍ സര്‍ഗാലയ വീണ്ടും പ്രവര്‍ത്തനം ആരംഭിക്കും. സി.പി.ഒ പി.പി ഭാസ്‌കരന്‍ അറിയിച്ചതാണ് ഇക്കാര്യം.

കര്‍ശന കോവിഡ് 19 സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സര്‍ഗാലയ തുറന്നു പ്രവര്‍ത്തിക്കുക. രാവിലെ 10 മുതല്‍ വൈകിട്ട് ആറുവരെ ആയിരിക്കും സന്ദര്‍ശനസമയം. കരകൗശല വസ്തുക്കള്‍ വിവിധ ഉപയോഗങ്ങള്‍ക്കുള്ള കളിമണ്‍ പാത്രങ്ങള്‍, ചൂരല്‍ ഉത്പന്നങ്ങള്‍, ഗൃഹാലങ്കാരസാമഗ്രികള്‍, ഗൃഹ- ഓഫീസ് ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവയുടെ ശേഖരവുമുണ്ട്. ഇവയെല്ലാം കാണുകയും വാങ്ങുകയും ചെയ്യുന്നതോടൊപ്പം ഇവയുടെ നിര്‍മ്മാണവും കാണാം. 

കുട്ടികളും കുടുംബവുമായി എത്തുന്നവര്‍ക്ക് ഇരിങ്ങല്‍ പുഴയില്‍ സ്പീഡ്, പെഡല്‍ ബോട്ടിങ് സൗകര്യമുണ്ട്. മുതിര്‍ന്നവര്‍ക്ക് 50-ഉം കുട്ടികള്‍ക്ക് 40-ഉം രൂപമാത്രമുള്ള ടിക്കറ്റ് നിരക്കും സ്‌കൂള്‍, വിനോദയാത്രാ സംഘങ്ങള്‍ക്കുള്ള പ്രത്യേക പാക്കേജും ഇവിടെയുണ്ട്. അക്വേറിയം എംപോറിയം നാടന്‍ വിഭവങ്ങളുള്ള ഭക്ഷണശാല, അതിവിശാലമായ പാര്‍ക്കിങ് സൗകര്യം, ഏതുതരം ചടങ്ങിനും യോജിച്ച എസി ഓഡിറ്റോറിയങ്ങള്‍ തുടങ്ങിയവയും പ്രവര്‍ത്തനസജ്ജം ആയിട്ടുണ്ട്. എക്‌സിക്യൂട്ടീവ് താമസസൗകര്യവും എസി ഡോര്‍മിറ്ററിയും വിശാലമായ പാര്‍ക്കിങ് സൗകര്യവും സര്‍ഗാലയയെ സ്വയംപര്യാപ്തമാക്കുന്നു. 

കേരള വിനോദസഞ്ചാര വകുപ്പിനുവേണ്ടി സര്‍ഗാലയ ആവിഷ്‌ക്കരിച്ചു പ്രവര്‍ത്തിപ്പിക്കുന്നത് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയാണ്. 

ഇവ തൊട്ടടുത്ത്

കോഴിക്കോട് നഗരത്തില്‍നിന്നു 40 കിലോമീറ്റര്‍മാത്രം അകലെ സാമൂതിരിയുടെ പടനായകന്‍ കുഞ്ഞാലിമരയ്ക്കാര്‍ പടക്കപ്പലുകളെ നിരീക്ഷിക്കാന്‍ കയറി നില്ക്കാറുണ്ടായിരുന്ന പാറയുടെ ചുറ്റുമുള്ള ഇരുപതേക്കറിലാണു ക്രാഫ്റ്റ് വില്ലേജ്. പ്രസിദ്ധമായ വടകര ലോകനാര്‍കാവ് ക്ഷേത്രം, കൊളാവിപ്പാലം ആമവളര്‍ത്തുകേന്ദ്രം, കോട്ടക്കല്‍ കുഞ്ഞാലി മരയ്ക്കാര്‍ കോട്ട, സാന്‍ഡ് ബാങ്ക്‌സ് ബീച്ച് ഒക്കെ വിളിപ്പാടകലെയാണ്.

Content Highlights: Sargaalaya Kerala Arts and Craft Village, Kozhikode Tourism, Kerala Tourism, ULCCS, Travel News

Content Highlights: