പാറക്കെട്ടുകളില്‍ ധ്യാനം, മരത്തണലില്‍ ഉറക്കം; അമര്‍നാഥ് യാത്രയുടെ വീഡിയോയുമായി സാറ അലി ഖാന്‍

നടി സാറ അലി ഖാന്‍ അമര്‍നാഥ് യാത്ര നടത്തിയത് വലിയ വാര്‍ത്തയായിരുന്നു. നേരത്തെ അതിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സാറ ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ യാത്രയിലെ കൂടുതല്‍ ദൃശ്യങ്ങളുള്ള റീലാണ് സാറ ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്.
അമര്‍നാഥ് യാത്രയ്ക്കിടെയുള്ള ക്യാമ്പില്‍ സാറ ഭക്ഷണമൊരുക്കാന്‍ സഹായിക്കുന്നതും പുഴയിലെ വെള്ളത്തില്‍ മുഖം കഴുകുന്നതുമെല്ലാം റീലിലുണ്ട്. പാറക്കെട്ടുകള്‍ക്കിടയില്‍ ധ്യാനിച്ചിരിക്കുന്നതും യാത്രയ്ക്കിടെ മരത്തണലില്‍ ഉറങ്ങുന്നതും വീഡിയോയില്‍ കാണാം. അമര്‍നാഥിന്റെ അതിമനോഹരവും എന്നാല്‍ അപകടം നിറഞ്ഞതുമായ ഭൂപ്രകൃതിയാണ് മറ്റൊരാകര്‍ഷണം. നേരത്തെയും ഇന്ത്യയിലെ പ്രശസ്തമായ പല ക്ഷേത്രങ്ങളിലും സാറ സന്ദര്‍ശനം നടത്തിയിരുന്നു.
അപകടം പതിയിരിക്കുന്ന അമര്‍നാഥ് യാത്ര
ശ്രീനഗറില്‍ നിന്ന് 141 കിലോമീറ്റര്‍ അകലെ ഹിമാലയന്‍ മലനിരകളില്‍ 3880 മീറ്റര്‍ ഉയരത്തിലാണ് അമര്‍നാഥ് ഗുഹാക്ഷേത്രം. ജമ്മു കശ്മീരിലെ അനന്ദനാഗ് ജില്ലയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കഠിനമായ കാലാവസ്ഥയും ഹിമാലയന്‍ ഭൂപ്രകൃതിയും കാരണം ഇന്ത്യയിലെ തന്നെ ഏറ്റവും അപകടകരമായ യാത്രകളിലൊന്ന് കൂടിയാണിത്. ശിവന്‍ തന്റെ അമരത്വത്തിന്റെ രഹസ്യം പാര്‍വ്വതിക്ക് വെളിപ്പെടുത്തിയ ഇടം എന്നു വിശ്വസിക്കപ്പെടുന്ന അമര്‍നാഥില്‍ വര്‍ഷത്തില്‍ പ്രത്യേക സമയത്തു മാത്രമാണ് പൂജകള്‍ നടക്കുന്നത്. പ്രകൃതി നിര്‍മ്മിതമായ ഈ ഗുഹാ ക്ഷേത്രം വര്‍ഷത്തില്‍ കൂടുതല്‍ സമയവും മഞ്ഞു മൂടിയ നിലയിലാണു കാണപ്പെടുന്നത്.
സര്‍ക്കാരില്‍ നിന്നും മുന്‍കൂട്ടി പ്രത്യേക അനുമതി ലഭിച്ചവര്‍ക്കു മാത്രമേ ഇവിടം സന്ദര്‍ശിക്കാന്‍ അനുമതിയുള്ളൂ. വര്‍ഷത്തില്‍ മുപ്പത് മുതല്‍ 40 ദിവസം വരെയാണ് ഇവിടെ തീര്‍ഥാടനത്തിനെത്തുവാന്‍ സാധിക്കുക. ഇന്ത്യന്‍ സൈന്യത്തിന്റെ കര്‍ശനമായ സുരക്ഷയിലാണ് തീര്‍ഥാടകര്‍ ക്ഷേത്രത്തിലേക്കുള്ള യാത്ര നടത്തുക. പ്രധാനമായും രണ്ട് വഴികളിലൂടെയാണ് ക്ഷേത്രത്തിലെത്താന്‍ സാധിക്കുക. ശ്രീനഗറില്‍ നിന്നും 90 കിലോമീറ്റര്‍ അകലെയുള്ള വാല്‍ത്താല്‍ താഴ് വര വരെ ബസിലോ ടാക്‌സികളിലോ എത്തിയ ശേഷം കാല്‍നടയായി അമര്‍നാഥിലെത്താം. 14 കിലോമീറ്റര്‍ ദൂരമാണ് ഇതിനായി നടക്കേണ്ടി വരിക.
കൂടുതല്‍ സാഹസികത നിറഞ്ഞ യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് പഹല്‍ഗാം വഴിയുള്ള പാത തിരഞ്ഞെടുക്കാം. ജമ്മുവിലെ ഭഗവതി നഗറാണ് ഈ യാത്രയുടെ ബേസ് ക്യാമ്പ്. ഈ യാത്രയില്‍ 16 കിലോമീറ്റര്‍ കൊടും വനത്തിലൂടെ നടക്കണം. പഞ്ചതരണയില്‍ രാത്രി ക്യാമ്പ് ചെയ്ത ശേഷം 6 കിലോമീറ്റര്‍ അകലെയുള്ള അമര്‍നാഥിലേക്ക് പോകാം. ചുണ്ണാമ്പു കല്ലുകള്‍ കൊണ്ട് പ്രകൃതി ദത്തമായി നിര്‍മ്മിക്കപ്പെട്ടതാണ് അമര്‍നാഥ് ഗുഹാ ക്ഷേത്രം. 150 അടി ഉയരവും 90 അടി വീതിയും ഈ ഗുഹയ്ക്കുണ്ട്. ഇപ്പോള്‍ അമര്‍നാഥിലേക്ക് ഹെലിക്കോപ്റ്റര്‍ സര്‍വീസും ലഭ്യമാണ്.
Content Highlights: Sara Ali Khan shares glimpses from her Amarnath Yatra