സാമ്പ്രാണിക്കോടി തുരുത്ത്; കര്‍ശന നിയന്ത്രണങ്ങളോടെ വെള്ളിയാഴ്ച വീണ്ടും തുറക്കും

മാസങ്ങളായി അടച്ചിട്ടിരുന്ന കൊല്ലത്തെ സാമ്പ്രാണിക്കോടി തുരുത്ത് കര്‍ശന നിയന്ത്രണങ്ങളോടെ വെള്ളിയാഴ്ച വീണ്ടും തുറക്കും. ഒരുദിവസം ആയിരംപേര്‍ക്കുമാത്രം സന്ദര്‍ശനാനുമതി നല്‍കുമെന്ന് ഡി.ടി.പി.സി. അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ജൂലായില്‍ ഡിങ്കിവള്ളം മറിഞ്ഞ് സ്ഥലവാസിയായ സ്ത്രീ മരിച്ചതോടെയാണ് സന്ദര്‍ശനവിലക്കുണ്ടായത്. തുരുത്തിലേക്ക് സര്‍വീസ് നടത്താന്‍ അനുമതിക്കായി 53 ബോട്ടുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. അതില്‍ ബന്ധപ്പെട്ട രേഖകളെല്ലാമുള്ള 19 ബോട്ടുകള്‍ക്ക് ഒന്നാംഘട്ടമായി സര്‍വീസിന് അനുമതി നല്‍കിയിട്ടുണ്ട്.
ബാക്കി ബോട്ടുകള്‍ രേഖകള്‍ ശരിയാക്കി സമര്‍പ്പിക്കുമ്പോള്‍ രണ്ടാംഘട്ടമായി അനുവാദം നല്‍കും. അതോടൊപ്പം കനാല്‍ ലൈസന്‍സുള്ള എട്ട് വള്ളങ്ങള്‍ക്ക് സഞ്ചാരികളുമായി തുരുത്തിനു ചുറ്റും തുഴഞ്ഞ് കാഴ്ചകള്‍ കാണിക്കാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്. തുരുത്തിലേക്ക് ഒരാള്‍ക്ക് 150 രൂപയാണ് യാത്രാനിരക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കുട്ടികള്‍ക്കും കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം പദ്ധതി പ്രകാരം എത്തുന്നവര്‍ക്കും നിരക്ക് കുറയ്ക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്. അത് പിന്നീട് പരിഗണിക്കും. ടിക്കറ്റ് ഓണ്‍ലൈനായി നല്‍കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് കാലതാമസം വരുമെന്നതിനാല്‍ സാമ്പ്രാണിക്കോടി ഡി.ടി.പി.സി. സെന്ററിലൂടെ ഓഫ്‌ലൈനായി ടിക്കറ്റ് വിതരണം ചെയ്യും.
ഒരുസമയം നൂറുപേര്‍ക്ക് തുരുത്തില്‍ സന്ദര്‍ശിക്കാം. ഒരുമണിക്കൂറാണ് സന്ദര്‍ശനസമയം. രാവിലെ ഒന്‍പതുമുതല്‍ വൈകീട്ട് നാലുവരെയാണ് പ്രവേശനം.
ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ബുധനാഴ്ച തുരുത്ത് സന്ദര്‍ശിച്ച് മുന്നൊരുക്കങ്ങള്‍ വിലയിരുത്തി. ഡി.ടി.പി.സി.യുടെ നേതൃത്വത്തില്‍ തുരുത്ത് ശുചീകരണപ്രവര്‍ത്തനങ്ങളും നടത്തി. വെള്ളിയാഴ്ച രാവിലെ എം.മുകേഷ് എം.എല്‍.എ. സാമ്പ്രാണിക്കോടിയിലെത്തി പ്രവേശനത്തിനുള്ള ഫ്‌ളാഗ്ഓഫ് കര്‍മം നിര്‍വഹിക്കും.
Content Highlights: sambranikodi island tourist destination kollam