'എന്റെ ഹൃദയത്തിലെ പൂവിതളുകള്‍';ന്യൂസീലന്‍ഡ് യാത്രാചിത്രങ്ങളുമായി രഞ്ജിനിയും രമ്യയും മഹേഷും

100 മരങ്ങള്‍ മുറിച്ചുമാറ്റിയാല്‍ 200 മരങ്ങള്‍ നടണം, അതാണ് ന്യൂസീലന്‍ഡിലെ നിയമം. ഇത്തരത്തില്‍ ഒട്ടേറെ പ്രത്യേകതകളുള്ള, സമാധാനത്തോടെ ജീവിക്കാന്‍ താത്പര്യപ്പെടുന്നവരുടെ ഇഷ്ടരാജ്യമാണ് ന്യൂസീലന്‍ഡ്. ആ രാജ്യത്തേക്ക് നടത്തിയ യാത്രയുടെ വിശേഷങ്ങള്‍ ആരാധകര്‍ക്കായി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് ഗായിക രഞ്ജിനി ജോസ്.
ന്യൂസീലന്‍ഡിലെ ഓണം മെഗാ ഷോയുടെ ഭാഗമായാണ് രഞ്ജിനി അവിടെയെത്തിയത്. 20 ദിവസങ്ങളിലായി ഒമ്പത് ഷോകളാണ് നടന്നത്. കൂടെ നടിയും ഗായികയുമായ രമ്യാ നമ്പീശനും മിമിക്രി താരം മഹേഷ് കുഞ്ഞുമോനും ഉള്‍പ്പെടെയുള്ള ഒരു സംഘവുമുണ്ടായിരുന്നു. മഹേഷിനും രമ്യയ്ക്കുമൊപ്പമുള്ള ചിത്രങ്ങളും രഞ്ജിനി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
ന്യൂസീലന്‍ഡിലെ വസന്തത്തിന്റെ വരവറിയിച്ചുള്ള പുഷ്പിച്ച് നില്‍ക്കുന്ന മരങ്ങള്‍ക്കും ശാന്തമായി ഒഴുകുന്ന കടലിനും നഗരക്കാഴ്ച്ചകള്‍ക്കുമൊപ്പമാണ് രഞ്ജിനി തന്റെ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ' എന്റെ ഹൃദയത്തിലെ പൂവിതളുകള്‍' എന്ന ക്യാപ്ഷനും നല്‍കിയിട്ടുണ്ട്. രഞ്ജിനിക്കും രമ്യാ നമ്പീശനുമൊപ്പമുള്ള ചിത്രങ്ങള്‍ മഹേഷും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
സമാധാനത്തിന്റെ രാജ്യം
ശാന്തസമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ദ്വീപുരാഷ്ട്രമായ ന്യൂസീലന്‍ഡ് മനോഹരമായ ഭൂപ്രദേശങ്ങളും മലനിരകളും തടാകങ്ങളുംകൊണ്ട് സമ്പന്നമായ രാജ്യമാണ്. വടക്കന്‍ ദ്വീപ്, തെക്കന്‍ ദ്വീപ് എന്നിങ്ങനെ രണ്ട് ദ്വീപുകളാണ് ന്യൂസീലന്‍ഡിലുള്ളത്. ഈ ദ്വീപുകള്‍ക്ക് ചുറ്റുമായി ധാരാളും ചെറിയ ദ്വീപുകളുമുണ്ട്.
260000 ചതുരശ്ര കിലോമീറ്റര്‍മാത്രം വിസ്തീര്‍ണമുള്ള ഈ ചെറിയ രാജ്യം വര്‍ഷത്തില്‍ ഏതുസമയത്തും സന്ദര്‍ശിക്കാം. നോര്‍ത്ത്‌ലന്‍ഡിലെ ബേ ഓഫ് ഐലന്‍ഡ്‌സും മാനവറ്റു വാങ്ഗാനയിലെ ടോങ്ഗരിരോ ദേശീയോദ്യാനവും ന്യൂസീലന്‍ഡിലെ പ്രധാന കാഴ്ച്ചകളാണ്. പസിഫിക് റിങ് ഓഫ് ഫയര്‍ സ്ഥിതി ചെയ്യുന്ന റോട്ടോറുവയും ജീവിതത്തിലൊരിക്കലെങ്കിലും കാണേണ്ട സ്ഥലമാണ്. സ്പാനിഷ് മിഷന്‍ ശൈലിയിലുള്ള കെട്ടിടങ്ങളും രുചികരമായ ഭക്ഷണവും മനോഹരമായ വാസ്തുവിദ്യയുമുള്ള നേപ്പിയറും ന്യൂസീലന്‍ഡിനെ വ്യത്യസ്തമാക്കുന്നു.
Content Highlights: ranjini jose ramya nambeesan new zealand journey photos