ഇനിമുതൽ മാസത്തിൽ രണ്ട് തവണ പുതപ്പുകൾ കഴുകുമെന്ന് റെയിൽവേ

പ്രതീകാത്മക ചിത്രം | Photo: മാതൃഭൂമി
പ്രതീകാത്മക ചിത്രം | Photo: മാതൃഭൂമി

എസി കോച്ചുകളിൽ ട്രെയിൻ യാത്രക്കാർക്ക് നൽകുന്ന കമ്പിളിപ്പുതപ്പുകളുടെ ​ഗുണനിലവാരവും ശുചിത്വവും സംബന്ധിച്ച ആശങ്കകൾ തുടരുന്നതിനിടെ, വിഷയത്തിൽ നടപടിയുമായി നോർത്തേൺ റെയിൽവേ. 15 ദിവസത്തിലൊരിക്കൽ പുതപ്പുകൾ കഴുകുകയും ചൂടുള്ള നാഫ്തലിൻ നീരാവി ഉപയോ​ഗിച്ച് അണുനശീകരണം നടത്തുമെന്നും റെയിൽവേ അറിയിച്ചു. 

ജമ്മു, ദിബ്രുഗഢ് രാജധാനി ട്രെയിനുകളിലെ എല്ലാ പുതപ്പുകളിലും യുവി റോബോട്ടിക് സാനിറ്റൈസേഷൻ ഉടൻ ആരംഭിക്കുമെന്നും ഓരോ ട്രിപ്പ് കഴിയുമ്പോഴും ഇതുണ്ടാകുമെന്നും റെയിൽവേ വ്യക്തമാക്കി. അൾട്രാവൈലറ്റ് രശ്മികൾ ഉപയോ​ഗിച്ചാണ് യുവി റോബോട്ടിക് സാനിറ്റൈസേഷനിലൂടെ അണുനശീകരണം നടത്തുന്നത്. 

ഓരോ ഉപയോ​ഗത്തിനുശേഷവും യന്ത്രവൽകൃത അലക്കുശാലകളിൽ തുണികൾ കഴുകുമെന്നും വൈറ്റോ മീറ്റർ പരിശോധനയിൽ വിജയിച്ചശേഷമേ ഇവ വീണ്ടും ഉപയോ​ഗിക്കൂവെന്നും നോർത്തേൺ റെയിൽവേ വക്താവ് ഹിമാൻഷു ശേഖർ പറഞ്ഞു. 2010-ന് മുൻപ് 2-3 മാസത്തിൽ ഒരിക്കലായിരുന്നു പുതപ്പുകൾ കഴുകിയിരുന്നത്. പിന്നീടിത് ഒരുമാസമായി ചുരുക്കി. ഇപ്പോഴിത് 15 ദിവസം ആക്കിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

രാജ്യത്തുടനീളമുള്ള യാത്രക്കാർക്ക് ഇന്ത്യൻ റെയിൽവേ പ്രതിദിനം ആറ് ലക്ഷത്തിലധികം പുതപ്പുകളാണ് നൽകുന്നത്. വടക്കൻ റെയിൽവേ സോണിൽ പ്രതിദിനം ഒരുലക്ഷത്തിലേറെ പുതപ്പുകളും ബെഡ് റോളുകളും വിതരണം ചെയ്യുന്നു. 

Content Highlights: railways says blankets washed twice a month