സുവോളജിക്കല്‍ പാര്‍ക്കിലേക്ക് കൂടുതല്‍ പക്ഷികളെത്തി; മൃഗശാലാ മാറ്റം ഡിസംബറില്‍ പൂര്‍ത്തിയാക്കും

തൃശ്ശൂര്‍ മൃഗശാലയിലെ മുഴുവന്‍ പക്ഷികളെയും ഈ മാസംതന്നെ പുത്തൂരിലെ പുതിയ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റുമെന്ന് പാര്‍ക്ക് ഡയറക്ടര്‍ ആര്‍. കീര്‍ത്തി. കഴിഞ്ഞ ദിവസം വെള്ളിമൂങ്ങ, ചുക്കര്‍ പാട്രിജ് ഇനങ്ങളിലെ പക്ഷികളെ പുത്തൂരിലേക്ക് കൊണ്ടുവന്നു. ഇപ്പോള്‍ മയിലുകള്‍ ഉള്‍പ്പെടെ ഇരുപത് പക്ഷികളും രണ്ട് കടുവകളും ഒരു പുലിക്കുട്ടിയുമാണ് പുത്തൂരിലുള്ളത്.
ഡിസംബര്‍ അവസാനത്തോടെ മൃഗശാലയിലെ ബാക്കി മൃഗങ്ങളെയും ജീവികളെയും മാറ്റാനുള്ള തയ്യാറെടുപ്പുമായാണ് പാര്‍ക്ക് അധികൃതര്‍ മുന്നോട്ടുനീങ്ങുന്നത്.
ഇതിനിടയില്‍ വനംവകുപ്പിന്റെ കൈവശമുള്ള, വിവിധയിടങ്ങളില്‍നിന്ന് പിടികൂടി സംരക്ഷണം നല്‍കി പാര്‍പ്പിച്ചിരിക്കുന്ന ജീവികളെയും പാര്‍ക്കില്‍ കൊണ്ടുവരും. ഈ മാസം തന്നെ മാനുകള്‍, ചീങ്കണ്ണികള്‍ എന്നിവയെ കൊണ്ടുവരും. എല്ലാ തിങ്കളാഴ്ചകളിലുമാണ് ജീവികളെ കൊണ്ടുവരുന്നത്.
മൃഗങ്ങളുടെയും പക്ഷികളുടെയും സ്വാഭാവിക ആവാസ വ്യവസ്ഥ പുനഃസൃഷ്ടിച്ച് പുത്തൂരിലെ 350 ഏക്കര്‍ സ്ഥലത്ത് 300 കോടി രൂപ ചെലവിലാണ് സുവോളജിക്കല്‍ പാര്‍ക്ക് ഒരുക്കുന്നത്.. ലഭ്യമായ വിവരങ്ങളനുസരിച്ച് ഏഷ്യയിലെ ഏറ്റവും വലിയ സുവോളജിക്കല്‍ പാര്‍ക്കാണ് ഇത്.
പ്രശസ്ത ഓസ്‌ട്രേലിയന്‍ മൃഗശാല ഡിസൈനര്‍ ജോന്‍ കോ ഡിസൈന്‍ ചെയ്ത പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന് ഇന്ത്യയിലെ ആദ്യത്തെ ഡിസൈനര്‍ മൃഗശാലയെന്ന പ്രത്യേകത കൂടിയുണ്ട്. അടുത്തവര്‍ഷം ആദ്യംതന്നെ പാര്‍ക്ക് സജ്ജമാക്കി തുറക്കാമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
Content Highlights: Puthur zoological park thrissur