360വർഷത്തോളം പഴക്കമുള്ള 'കന്നിമാര' തേക്ക് കാണണ്ടേ?പറമ്പിക്കുളത്തേക്കുള്ള ട്രക്കിങ്ങ് പാക്കേജുകളറിയാം

പറമ്പിക്കുളം| ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി
പറമ്പിക്കുളം| ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി

പാലക്കാട്: പച്ചപ്പിന്റെ മേലാപ്പിനുകീഴിൽ കാടിന്റെ ഹൃദയതാളം തൊട്ടറിയിക്കുന്ന കുളിർമയാണ് പറമ്പിക്കുളം. പാലക്കാട് പട്ടണത്തിൽനിന്നും 76 കിലോമീറ്റർ ദൂരെ തമിഴ്‌നാട് അതിർത്തിയോടുചേർന്ന പശ്ചിമഘട്ട മലനിരകളുടെ ഈ മടിത്തട്ടിന് 285 ചതുരശ്ര കി.മീ. ആണ് വിസ്തൃതി. കടുവ സങ്കേതംകൂടി ഉൾപ്പെടുന്ന ഇവിടം സംസ്ഥാനത്തെ അപൂർവമായ നിരവധി വന്യജീവികളുടെ ആവാസകേന്ദ്രം കൂടിയാണ്.

തമിഴ്നാട്ടിലെ ആനമല കടുവസങ്കേതവുമായി അതിർത്തിപങ്കിടുന്ന വനമേഖലയുടെ എല്ലാഭാഗത്തും യാത്രയ്ക്കിടെ വന്യമൃഗങ്ങളുടെ നിറസ്സാന്നിധ്യമുണ്ട്. ആന, പുള്ളിമാൻ, കേഴമാൻ, കാട്ടുപോത്ത് എന്നിവ ഏതുസമയത്തും മുന്നിലെത്താം. വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് കോട്ടംതട്ടാതെയുള്ളതാണ് വനംവകുപ്പിന്റെ പരിപാലനരീതി. 2013-ൽ വനംവകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഫൗണ്ടേഷനാണ് മേൽനോട്ടച്ചുമതല. ദിനംപ്രതി ആയിരം സഞ്ചാരികൾവരെ പറമ്പിക്കുളത്തേക്ക് എത്തുന്നുണ്ടെന്ന് പറമ്പിക്കുളം കടുവസങ്കേതത്തിന്റെ ചുമതലവഹിക്കുന്ന വനം ഡെപ്യൂട്ടി ഡയറക്ടർ അജയ്ഘോഷ് പറഞ്ഞു.

കന്നിമാര തേക്കും വുഡ് ഹൗസും

തൂണക്കടവിൽ വനത്തിനകത്ത് നിർമിച്ചിട്ടുളള വുഡ് ഹൗസിലെ താമസത്തിനടക്കം മുൻകൂട്ടി ബുക്കുചെയ്യാവുന്നതാണ്. ഏകദേശം 360 വർഷത്തോളം പഴക്കമുള്ള 'കന്നിമാര' തേക്കാണ് മറ്റൊരു പ്രധാന കാഴ്ച. 6.57 മീറ്റർ വണ്ണവും 48.5 മീറ്റർ നീളവുമുണ്ട് ഈ തേക്കിന്. ജലസംഭരണിയിലെ ചങ്ങാടയാത്രയ്ക്കും അവസരമുണ്ട്. വനംവകുപ്പിന്റെ തൂണക്കടവ്, ആനപ്പാടി എന്നിവിടങ്ങളിലെ റസ്റ്റ്ഹൗസുകളിലും താമസസൗകര്യം ലഭ്യമാവും.

അനുമതിക്കും താമസത്തിനുമായി ബന്ധപ്പെടേണ്ട വിലാസം: വൈൽഡ് ലൈഫ് വാർഡൻ, പറമ്പിക്കുളം വന്യജീവി ഡിവിഷൻ, ആനപ്പാടി, പൊള്ളാച്ചി വഴി ചിറ്റൂർ, പാലക്കാട്. ഫോൺ: 9442201690, 9442201691. വെബ്‌സൈറ്റ്: www.parambikulam.org

ഇ-മെയിൽ: parambikulamecotourism@gmail.com

ട്രക്കിങ്ങിന് പാക്കേജുകളും

സന്ദർശനത്തിനെത്തുന്നവർക്ക് ആവശ്യാനുസരണം വ്യത്യസ്ത പാക്കേജുകളൊരുക്കിയാണ് വിനോദസഞ്ചാരം. രാവിലെ ഒൻപതുമുതൽ അഞ്ചുവരെയാണ് ട്രക്കിങ് സമയം. 45 കിലോമീറ്റർ ജങ്കിൾ സഫാരിക്ക് 400 രൂപയാണ് നിരക്ക്. ട്രക്കിങ്ങും പക്ഷിനീരീക്ഷണവും ജങ്കിൾ സഫാരിയും അടങ്ങുന്ന ഇക്കോ ടൂറിസം പാക്കേജിൽ 10പേരടങ്ങുന്ന ടീമിന് 9,700 രൂപയാണ് നിരക്ക്. അഞ്ചുപേരടങ്ങുന്ന ടീമിനായി എലിഫന്റ് സോങ് ട്രക്കിങ് (1,500 രൂപ), ബിയർപാത്ത് ട്രക്കിങ് (1,500 രൂപ), കടുവ പഗ്‌മാർക്ക് ട്രക്കിങ് (3,600 രൂപ) എന്നീ പാക്കേജുകളുമുണ്ട്. അണക്കെട്ടിലൂടെ അരമണിക്കൂർ ദൈർഘ്യമുള്ള മുളച്ചങ്ങാട യാത്രയ്ക്ക് അഞ്ചുപേർക്ക് 500 രൂപയാണ് നിരക്ക്.

രാത്രി താമസംകൂടി ഉൾപ്പെടുന്ന ഇക്കോടൂറിസം പാക്കേജുകളിൽ പെരുവാരി ദ്വീപ് നെസ്റ്റ്

(അഞ്ചുപേർക്ക് 6,900 രൂപ), വീട്ടിക്കുന്ന് ഐലൻഡ്‌ (അഞ്ചുപേർക്ക് 9,900 രൂപ), ടെന്റ‍ഡ് നിച്ചി (രണ്ടുപേർക്ക് 6,900 രൂപ), ടിംബർ നൂക്ക് (രണ്ടുപേർക്ക് 14,900 രൂപ), ഹണി കോമ്പ് (രണ്ടുപേർക്ക് 5,900 രൂപ), ബജറ്റ് പാക്കേജായ ടെന്റഡ് റൂസ്റ്റ് ( രണ്ടുപേർക്ക് 2,000 രൂപ) എന്നിവയും ഒരുക്കിയിട്ടുണ്ട്.

എത്തിച്ചേരാൻ

വിമാനം: ഏറ്റവുമടുത്തുള്ള വിമാനത്താവളം കോയമ്പത്തൂരാണ്. 95 കി.മീറ്ററാണ് അവിടെനിന്നുള്ള ദൂരം. നെടുമ്പാശ്ശേരി കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 156 കി.മീറ്റർ സഞ്ചരിക്കണം.

ട്രെയിൻ: പാലക്കാട് റെയിൽവേ സ്റ്റേഷനിൽനിന്ന് 79 കി.മീ.. തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 113 കി.മീ.റോഡ്: പാലക്കാട്ടുനിന്ന് 76 കി. മീറ്റർ. കൊച്ചിയിൽ നിന്ന് 189 കി. മീറ്റർ.
 

Content Highlights: Explore Parambikulam Tiger Reserve: A Biodiversity Hotspot in the Western Ghats