വയനാട്ടിലെ വയലില്‍ ശിവരൂപം തീര്‍ത്ത് കര്‍ഷകന്‍; ഉപയോഗിച്ചത് 100 തരം നെല്ലിനങ്ങള്‍

നമ്പിക്കൊല്ലി കഴമ്പുവയലിൽ നെൽവിത്തുകൾ ഉപയോഗിച്ച് തീർത്ത ശിവരൂപം
നമ്പിക്കൊല്ലി കഴമ്പുവയലിൽ നെൽവിത്തുകൾ ഉപയോഗിച്ച് തീർത്ത ശിവരൂപം

പരമ്പരാഗത നെല്‍ക്കൃഷിയോടൊപ്പം കതിരുകളില്‍ കല തീര്‍ത്ത് കര്‍ഷകര്‍. നെല്‍ച്ചെടിയുടെ പുതുനാമ്പുകളും ഇളംപച്ച, വയലെറ്റ് തുടങ്ങിയ നിറങ്ങളും ചേര്‍ന്ന് ശിവരൂപം തീര്‍ത്തു. സുല്‍ത്താന്‍ബത്തേരി സ്വദേശി പ്രസീദ് കുമാര്‍ തയ്യിലാണ് പാഡി ആര്‍ട്ടിലൂടെ വിസ്മയമൊരുക്കിയത്. നമ്പിക്കൊല്ലി കഴമ്പുവയലിലാണ് ശിവന്റെ ചിത്രം പ്രസീദ് 36 തൊഴിലാളികളുടെ സഹായത്തോടെ രണ്ടുദിവസംകൊണ്ട് തയ്യാറാക്കിയത്.

മൂന്ന് പതിറ്റാണ്ടിലേറെയായി ജപ്പാനിലും ചൈനയിലും പ്രചാരത്തിലുള്ളതാണ് പാഡിആര്‍ട്ട്. പരമ്പരാഗത കാര്‍ഷിക വരുമാനത്തിനൊപ്പം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുകയും ഗ്രാമീണ ടൂറിസം കാര്‍ഷിക ടൂറിസം എന്നിവയുടെ പ്രചാരണവുമാണ് ലക്ഷ്യം.

തുടര്‍ച്ചയായ പത്താം തവണയാണ് കഴമ്പുവയല്‍ കലയ്ക്ക് വേദിയാകുന്നത്. എവണ്‍ ആര്‍ട്സിലെ പ്രസാദും പ്രമോദുമാണ് വയലില്‍ ചിത്രം വരയ്ക്കാന്‍ നേതൃത്വം നല്‍കിയത്. വിവിധ നെല്‍വിത്തുകള്‍ ഉപയോഗിച്ചാണ് കലാരൂപം തീര്‍ത്തത്. ചിത്രം വരച്ചതിനുശേഷം വിവിധ നിറത്തിലുള്ള നെല്‍വിത്തുകള്‍ വെച്ചുപിടിപ്പിച്ചാണ് പാഡിആര്‍ട്ട് തയ്യാറാക്കുന്നത്.

നസര്‍ബാത്ത്, കല്യാണി, ഡാബര്‍ശാല, ജീരകശാല, ഗ്രന്ഥകശാല, കാലാബത്തി, കൃഷ്ണകൗമോദ് തുടങ്ങി 100 തരം നെല്ലിനങ്ങള്‍ ഇതിനായി ഉപയോഗിച്ചിട്ടുണ്ട്. നമ്പിക്കൊല്ലിയിലെ രണ്ടര ഏക്കര്‍ സ്ഥലത്ത് 30 സെന്റില്‍ 30 മീറ്റര്‍ വീതിയിലും 40 മീറ്റര്‍ നീളത്തിലുമാണ് പാഡിആര്‍ട്ട്. ഏകദേശം 20,000 രൂപ ചെലവായി.

വിദ്യാര്‍ഥികളും കര്‍ഷകരും വിനോദസഞ്ചാരികളും ഉള്‍പ്പെടെ 10,000-ത്തിലധികം സന്ദര്‍ശകര്‍ കഴിഞ്ഞവര്‍ഷം കഴമ്പുവയല്‍ സന്ദര്‍ശിച്ചതായി പ്രസീദ് പറഞ്ഞു. കഴിഞ്ഞവര്‍ഷത്തെ ദേശീയ സസ്യജനിതക സംരക്ഷണ പുരസ്‌കാര ജേതാവാണ് പ്രസീദ് കുമാര്‍.

Content Highlights: Paddy art of shiva pulls crowd to Wayanad