2025-ൽ ഊട്ടിയിലെത്തിയ സഞ്ചാരികളുടെ എണ്ണത്തിൽ വൻ കുറവ്

ഊട്ടി: 2025-ൽ ഊട്ടി സന്ദർശിക്കാനെത്തിയ സഞ്ചാരികളുടെ എണ്ണത്തിൽ വൻ കുറവ്. 2024-നെ അപേക്ഷിച്ച് 3.66 ലക്ഷം സഞ്ചാരികൾ കുറഞ്ഞു. 2024-ൽ 24 ലക്ഷംപേർ എത്തിയിരുന്നു. എന്നാൽ 2025-ൽ 20,35,284 പേരാണ് എത്തിയതെന്ന് ഹോർട്ടിക്കൾച്ചർ വിഭാഗത്തിന്റെ കണക്കുപറയുന്നു. ഊട്ടിയിലെ ഏറ്റവും പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ബൊട്ടാണിക്കൽ ഗാർഡനിലെത്തിയ സഞ്ചാരികളുടെ എണ്ണം അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട്.
2020 മുതൽ 2022വരെ കോവിഡ് സമയത്തായിരുന്നു ഏറ്റവും കുറവ് സഞ്ചാരികൾ എത്തിയത്. 2020-നുമുൻപ് വർഷന്തോറും 30 ലക്ഷത്തിൽപ്പരം സഞ്ചാരികൾ വന്നിരുന്നു. ഇ-പാസ് സംവിധാനം നടപ്പാക്കിയതോടെ സഞ്ചാരികളുടെ വരവ് കുറയാൻതുടങ്ങി.
തുടക്കത്തിൽ കടുത്ത നിയന്ത്രണമേർപ്പെടുത്തിയതോടെ പല ദിവസങ്ങളിലും വളരെ കുറച്ചുസഞ്ചാരികളാണ് എത്തിയിരുന്നത്. പിന്നീട് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ കൂടുതൽപേർ വരാൻ തുടങ്ങിയെങ്കിലും മുൻകാലങ്ങളിലേതുപോലുള്ള തിരക്കുണ്ടായില്ല.
ഇ-പാസ് സംവിധാനം, അനാവശ്യ പിഴയീടാക്കൽ, ഗതാഗതക്കുരുക്ക്, ലോഡ്ജുകാരും കോട്ടേജുകാരും മുറികൾക്കീടാക്കുന്ന അമിത വാടക, ഹോട്ടലുകളിൽ ഭക്ഷ്യ സാധനങ്ങൾക്ക് ഈടാക്കുന്ന ഉയർന്നനിരക്ക് ഇവയെല്ലാം സഞ്ചാരികൾ കുറയാൻ കാരണമായെന്നാണ് പറയപ്പെടുന്നത്. സഞ്ചാരികൾ കുറഞ്ഞതോടെ വിനോദസഞ്ചാരത്തെ ആശ്രയിച്ചുജീവിക്കുന്ന ചെറുകിട-വൻകിട കച്ചവടക്കാരുടെയും തെരുവുകച്ചവടക്കാരുടെയും വരുമാനം ഗണ്യമായി കുറഞ്ഞു.
Content Highlights: Ooty sees a significant drop in tourist arrivals for 2025 compared to 2024. Discover the reasons behind the decline and its impact on local businesses.