നേപ്പാളിന് സമാനമായ ദുരന്തത്തിന് ദൃക്സാക്ഷി; കാൽവെച്ച പാലം ഹുങ്കാരത്തോടെ തകർന്നുവീണു

നേപ്പാളിലെ വെള്ളപ്പാച്ചിലിന് സമാനമായ അപകടത്തിന് ദൃക്സാക്ഷിയായ അനുഭവം ഓർക്കുന്നു. മൂന്നു വർഷം മുമ്പ് 2023 ഒക്ടോബർ നാലിന് ഉത്തര സിക്കിമിൽ തിസ്ത നദിയിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കംമൂലമായിരുന്നു ദുരന്തം. ചുങ്ങ് താങ്ങ് അണക്കെട്ട് തകർന്ന് പാലങ്ങളും റോഡുകളും ഒലിച്ച് പോയി. പട്ടാളക്കാരടക്കം നിരവധി ആളുകളെ കാണാതായി. ഗുർദോങ്ങ്മാർ ഗ്ലെഷ്യർ ലെക്ക് പ്രദേശത്ത്, നോർത്ത് സിക്കിമിലും തിബറ്റൻ അതിർത്തിയിലും പൂമ്പാറ്റകളെക്കുറിച്ച് പഠിക്കാനായി നടത്തിയ യാത്രയിലാണ് ആ പ്രളയത്തിൽ പെട്ടുപോയത്.
അന്നത്തെ പ്രളയത്തിനും തിസ്തയിൽ വെള്ളം കൂടിയതിനും കാരണമായി ആദ്യം പറഞ്ഞത് മേഘസ്ഫോടനം എന്നാണ്- പക്ഷെ അങ്ങനെ സംഭവം ഉണ്ടായതിന് തെളിവൊന്നും ഇല്ലായിരുന്നു. തൊട്ടുമുമ്പുള്ള ദിവസങ്ങളിലൊക്കെ ഞങ്ങൾ ഏറ്റവും വടക്കുള്ള ഈ പ്രദേശങ്ങളിലായിരുന്നു ഉണ്ടായിരുന്നത്. സംഭവം നടന്ന ദിവസത്തിന്റെ തലേന്ന് ലാച്ചനിൽനിന്ന് ഗുർദോങ്ങ്മാർ ഗ്ലേഷ്യൽ ലേക്ക് കാണാൻ പോയിരുന്നു. വൈകുന്നേരം തിരിച്ചുവന്ന് ചുങ്ങ് താങ്ങ് വഴി വീണ്ടും ലാച്ചുങ്ങിലേക്ക് വന്ന് താമസിച്ചു. സംഭവദിവസം രാവിലെ പുറപ്പെട്ട് ഒമ്പതരയായപ്പോൾ സീറോ പോയിന്റിൽ എത്തി. അപ്പോൾ ചെറു ചാറ്റൽമഴ ഉണ്ടായിരുന്നു. അത് പിന്നെ നല്ല മഞ്ഞുവീഴ്ചയായി മാറി. കൊടുംമഴ ഒരിക്കലും ഉണ്ടായിരുന്നില്ല.
അന്ന് രാത്രിയും ചെറുതായി മഴ പെയ്തിരുന്നു എന്നുമാത്രം. തിരിച്ചിറങ്ങി ലാച്ചുങ്ങിൽനിന്ന് ചുങ്ങ് താങ്ങ് അണക്കെട്ടിന് അടുത്തെത്തി ഭക്ഷണം കഴിച്ച് അതിനടുത്ത് തന്നെ അപ്പർ സോങ്കുവിലേക്കുള്ള വഴിയിലേക്ക് മാറി രാത്രി ഗ്രാമപ്രദേശത്തെ വീട്ടിൽ തങ്ങുകയായിരുന്നു. പുലർച്ചെയാണ് ഭീകരശബ്ദം കേട്ടുണർന്നത്. അഞ്ച് മണിക്കുശേഷം നേരം നന്നേ പുലർന്നപ്പോഴാണ് നടന്ന അപകടത്തിന്റെ വ്യാപ്തി മനസിലായത്. കറന്റോ നെറ്റ്വർക്കോ ഇല്ലാത്ത സ്ഥലമായിരുന്നു. ഞങ്ങൾ താമസിച്ച വീട്ടിൽനിന്ന് താഴോട്ട് നോക്കിയപ്പോൾ തുംഗ് പാലം പകുതി ഒഴുകിപ്പോയതും തിസ്ത ചെളി പ്രളയമായി ഒഴുകുന്നതും കണ്ട് ഞെട്ടി. അണക്കെട്ട് തകർന്നുവെന്നും പാലങ്ങൾ കുറേയെണ്ണം ഒലിച്ചുപോയിയെന്നും നാട്ടുകാർ പറഞ്ഞ് അറിഞ്ഞു. രക്ഷപ്പെടാനായി ഞങ്ങൾ കാട്ടിലൂടെ നടന്ന് വലിയ ഫിഡാങ്ങ് പാലത്തിനടുത്ത് എത്തി. പാലത്തിന്റെ അരികുകളിൽ പാറയും മണ്ണും കൊഴുത്ത് കുഴമ്പുപോലെ ആയി അതിശക്തിയിൽ അപ്പോഴും ഒഴുകി വന്നിടിക്കുന്നുണ്ടായിരുന്നു. പാലത്തിലൂടെ നടന്ന് എങ്ങനെയെങ്കിലും അക്കരെ എത്താനുള്ള ശ്രമമാണ്, വിഡ്ഢിത്തമാണെന്നറിഞ്ഞിട്ടും, ഞങ്ങൾ നാലുപേർ ചെയ്യാൻ പോയത്. പാലത്തിൽ കാൽവെച്ച നിമിഷം ഹുങ്കാരത്തോടെ ആ വലിയ പാലം തകർന്ന് ഒഴുകിപ്പോയി. സ്തംഭിച്ചുപോയി.
ഗ്ലേഷ്യർ ലേക് ഔട്ട് ബേസ്റ്റ് ഫ്ലഡ്- GLOF- ആണ് അന്നത്തെ പ്രളയത്തിന് കാരണമായി പിന്നീട് കണ്ടെത്തിയത്. ഗുർദോങ്ങ്മാർ ലേക് പോലെ നിരവധി ഭീമാകാരൻ തടാകങ്ങൾ ഈ മേഖലയിലുണ്ട്. ശരിക്കും ജല ബോംബുകളാണവ. ഗ്ലേഷ്യറുകളിലെ മഞ്ഞുരുകി വർഷങ്ങളിലൂടെ ഉണ്ടാകുന്നതാണ് ഈ തടാകങ്ങൾ. അവലാഞ്ചുകളിൽ താഴേക്ക് വരുന്ന പാറകളും മണ്ണും മഞ്ഞും കുഴഞ്ഞ പല അവശിഷ്ടങ്ങളും തടഞ്ഞുനിന്നാണ് ചില താഴ്വാരങ്ങൾ വർഷങ്ങളിലൂടെ പതുക്കെ ഇത്തരം ഗ്ലേഷ്യർ തടാകങ്ങളാവുന്നത്. 5245 മീറ്റർ ഉയരത്തിൽ അത്തരത്തിലുള്ള ഒന്നാണ് ലോനാക്ക് തടാകം. 160 ഹെക്ടർ വിസ്താരത്തിലുള്ള അതിൽ 65 ദശലക്ഷം ക്യൂബിക് അടി വെള്ളം ഉണ്ടാവും എന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ കുറേ വർഷമായി ആഗോളതാപനം മൂലം മഞ്ഞുരുകി ഇതിലെ ജലനിരപ്പ് വലുതായി കൂടിയിട്ടുണ്ട്. വളരെ വിദൂരമായ ഈ തടാകത്തിലേക്ക് അപൂർവമായേ ആളുകൾ പോവാറുള്ളു. അതിനാൽ കൃത്യമായ വിവരങ്ങൾ അറിയുകയും ഇല്ല. ഈ തടാകത്തിന്റെ അരികുകളിലെങ്ങോ ഉണ്ടായ വിള്ളലിലൂടെ വെള്ളം പുറത്തേക്ക് ഒഴുകിയതാണ് അന്നത്തെ പ്രശ്നങ്ങളുടെ മുഴുവൻ തുടക്കം.
ലൊനാക് ഗ്ലേഷ്യർ തടാകം പോലുള്ള വലിയ തടാകങ്ങളുടെ അതിരിൽ വിള്ളൽ വരാൻ പല കാരണങ്ങൾ ഉണ്ട്. ആ പ്രദേശത്ത് കനത്ത മഴയുണ്ടായി വെള്ളം പെട്ടെന്ന് കൂടണം; അല്ലെങ്കിൽ തടാകത്തിലേക്ക് ശക്തിയിൽ മലയിടിച്ചിൽ ഉണ്ടാകണം അല്ലെങ്കിൽ, വലിയ തോതിലുള്ള മഞ്ഞിടിഞ്ഞ് തടാകത്തിലേക്ക് വീഴണം.
ഓഗസ്റ്റ് 26-ന് രാവിലെ നേപ്പാളിലെ റാസുവ ജില്ലയിൽ, ചൈനയുടെ ടിബറ്റ് അതിർത്തിക്കു സമീപമുള്ള ഭോട്ടെ കോശി നദീതടത്തിൽ അപ്രതീക്ഷിതമായി അതിശക്തമായ വെള്ളപ്പാച്ചിൽ ഉണ്ടാക്കിയ ദുരിതത്തിന്റെ വ്യാപ്തി എത്രയാകും എന്നത് ഇപ്പോഴും പറയാനാകില്ല. ഈ പ്രളയജലം താഴേക്ക് ത്രിശൂലി നദീതടത്തിലേക്കും വ്യാപിച്ചു. റാസുവയ്ക്കു പുറമെ നുവാക്കോട്ട് ഉൾപ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങളും ബാധിക്കപ്പെട്ടു. റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ, വൈദ്യുതപദ്ധതികൾ, അതിർത്തി അടിസ്ഥാന സൗകര്യങ്ങൾ എന്നിവയൊക്കെ തകർത്തെറിഞ്ഞാണ് സംഹാരരൂപിയായി വെള്ളവും പാറകളും മണ്ണും കൂടിയ കുഴമ്പ് അതിശക്തിയിൽ താഴോട്ട് കുതിച്ചത്.
നേപ്പാളിൽ സംഭവിച്ചത് മേഘവിസ്ഫോടനമോ മഴയോ മൂലമാകില്ലെന്നാണ് കരുതുന്നുത്. പ്രളയത്തിന് തൊട്ടുമുമ്പ് സീസ്മിക് ഉപകരണങ്ങളിൽ ശക്തമായ ഭൂചലന സിഗ്നൽ രേഖപ്പെട്ടു എന്നു പറയപ്പെടുന്നുണ്ട്. ആദ്യ റിപ്പോർട്ടുകളിൽ ഇത് ഏകദേശം 4.4 തീവ്രതയുള്ള ഭൂകമ്പം എന്നാണ് കരുതിയത്. അതുകൊണ്ട് തന്നെ ആദ്യം കരുതിയിരുന്നത് ഭൂകമ്പം മൂലം ഹിമാനി/പാറ ഇടിച്ചിൽ സംഭവിച്ചതാകും എന്നായിരുന്നു. അങ്ങനെ നദിയുടെ ഒഴുക്ക് തടസ്സപ്പെടുകയും പിന്നെ അത് പെട്ടെന്ന് പൊട്ടി കുത്തിയൊഴുകി പ്രളയം ഉണ്ടായി എന്നുമായിരുന്നു നിഗമനം.
ഭോട്ടെ കോശിയുടെ മുകളിലുള്ള ല്ഹെൻഡെ ഖോല പ്രദേശത്താണ് ഇത് സംഭവിച്ചത്. യുഎസ് ജിയോളജിക്കൽ സർവേയുടെ പുതിയ വിലയിരുത്തൽ പ്രകാരം, ആദ്യം ഭൂകമ്പമെന്ന് കരുതിയ സിഗ്നൽ യഥാർത്ഥത്തിൽ വലിയ ഹിമാനി തകർച്ച/ഇടിച്ചിലുമായി ബന്ധപ്പെട്ട സീസ്മിക് സിഗ്നലായിരിക്കാം എന്നാണ്. സാധാരണ ടെക്റ്റോണിക് ഭൂകമ്പം ഉണ്ടായതായി USGS ഇപ്പോൾ കരുതുന്നില്ല. ഉപഗ്രഹചിത്രങ്ങളിൽ മഞ്ഞും പാറയും ചേർന്ന വലിയ ഇടിച്ചിൽ/ഹിമാനി തകർച്ച ഉണ്ടായതിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ ഇത് ടിബറ്റൻ ഭാഗത്താണെന്ന് ചില റിപ്പോർട്ടുകൾ പറഞ്ഞിരുന്നെങ്കിലും, പുതിയ ഉപഗ്രഹ വിശകലനങ്ങൾ ലാങ്ടാങ് മേഖലയിലെ ഹിമാനി തകർച്ച നേപ്പാൾ ഭാഗത്തുതന്നെയായിരിക്കാമെന്ന് സൂചിപ്പിക്കുന്നുണ്ട്. സംഭവത്തിന്റെ കൃത്യമായ സ്ഥലവും ഭൂമിശാസ്ത്രപരമായ ക്രമവും ഇപ്പോഴും വിദഗ്ധർ കൂടുതൽ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.
ഹിമാനിയും പാറയും താഴേക്ക് ഇടിഞ്ഞപ്പോൾ ല്ഹെൻഡെ ഖോലയിലെ ജലപ്രവാഹം തടയപ്പെട്ടിരിക്കാം. അങ്ങനെ സംഭവിച്ചാൽ സ്വാഭാവികമായി താൽക്കാലിക തടസ്സം ഉണ്ടാകും. അതിന്റെ പിന്നിൽ വെള്ളം കെട്ടിക്കിടക്കും പിന്നീട് ആ തടസ്സം തകർന്നിരിക്കാം.
അടിഞ്ഞുകൂടിയ വെള്ളവും മഞ്ഞും പാറകളും മണ്ണും മറ്റ് അവശിഷ്ടങ്ങളും എല്ലാം ചേർന്ന് ഒറ്റയടിക്ക് താഴേക്ക് കുതിക്കും. അണക്കെട്ട് പൊട്ടിയപോലെ ഉയരത്തിൽനിന്നുള്ള പ്രവാഹം. ഉയർന്ന ഹിമാലയ പ്രദേശം ആയതിനാൽ അതിന്റെ ശക്തി അതിഭയങ്കരമായിരിക്കും. ഇത്തരം ഒഴുക്ക് സാധാരണ വെള്ളപ്പൊക്കത്തേക്കാൾ അപകടകരമാണ്. കാരണം അത് വെറും വെള്ളമല്ല. വെള്ളത്തോടൊപ്പം വലിയ അളവിലുള്ള പാറയും മണ്ണും വലിച്ചുകൊണ്ടുപോകുന്ന അതിവേഗ അവശിഷ്ടപ്രവാഹമായിരിക്കും അത്.
GLOF- Glacial Lake Outburst Flood- എന്നത് ഹിമാനി തടാകത്തിലെ വെള്ളം പെട്ടെന്ന് പുറത്തേക്ക് ഒഴുകുന്നതാണ് . 2025 ജൂലൈയിൽ റാസുവ-ഭോട്ടെ കോശി പ്രദേശത്ത് ഉണ്ടായ വലിയ പ്രളയം ഹിമാനി തടാകം പൊട്ടിയതിനെത്തുടർന്നുള്ള GLOF ആണെന്ന് പിന്നീട് ഉപഗ്രഹവിശകലനത്തിലൂടെ സ്ഥിരീകരിച്ചിരുന്നു. ഇപ്പോഴത്തെ സംഭവത്തെ അതേരീതിയിൽ ഒരു സാധാരണ GLOF എന്ന് വിളിക്കാനാകില്ല എന്നാണ് ഇപ്പോഴുള്ള അറിവ്. അതായത് മുമ്പ് നിലനിന്നിരുന്ന വലിയ ഹിമാനി തടാകം തന്നെയാണ് പൊട്ടിയതാവാമെന്ന് ഇപ്പോൾ ഉറപ്പിച്ച് പറയാൻ കഴിയില്ല.
ഇപ്പോഴത്തെ വിവരങ്ങൾ പ്രകാരം റാസുവയിൽ സംഭവസമയത്ത് അസാധാരണമായ കനത്ത മഴ ഉണ്ടായിരുന്നുവെന്നതിന് തെളിവില്ല. എങ്കിലും ഹിമാലയത്തിലെ മൺസൂൺ സാഹചര്യവും പ്രശ്നങ്ങളെ സങ്കീർണമാക്കാൻ സഹായിച്ചിരിക്കാം. വീഡിയോകളിൽ വലിയ കോൺക്രീറ്റ് പാലങ്ങൾ പ്ലാസ്റ്റിക്ക് പലകകൾ പോലെ ഒഴുകി നീങ്ങി മറ്റ് പാലങ്ങളിൽ ഇടിക്കുന്ന ദൃശ്യങ്ങൾ കാണുമ്പോൾ അവിശ്വസനീയമായി തോന്നും. യഥാർത്ഥത്തിൽ വെള്ളത്തിനുപകരം പാറയും മണ്ണും മരങ്ങളും ഇടിച്ച് തകർത്ത നൂറുകൂട്ടം അവശിഷ്ടങ്ങളും എല്ലാം ചേർന്ന കട്ടിക്കുഴമ്പായാണ് കുത്തിയൊഴുകുക. ശരിക്കും കോൺക്രീറ്റ് മിക്സ് പോലെ തോന്നും.
Content Highlights: Eyewitness account of the 2023 Teesta river flash flood and bridge collapse in North Sikkim., Detailed explanation of Glacial Lake Outburst Floods (GLOF) and how they act as water bombs., Analysis of the recent Bhote Koshi river flood in Nepal and its comparison to historical glacial disasters., Satellite data and USGS findings indicating glacial collapses rather than traditional tectonic earthquakes.