'നെന്മാറയിലെ പാടങ്ങളില്‍ വര്‍ണപൂക്കള്‍ വിരിയും; രണ്ട് വെടിക്കെട്ടുകളുമായി നെന്മാറ-വല്ലങ്ങി വേല

മതിവരാക്കാഴ്ചകളുമായി നെന്മാറ-വല്ലങ്ങി വേല ചൊവ്വാഴ്ച. പാരമ്പര്യത്തികവാര്‍ന്ന ചടങ്ങുകളും മീനച്ചൂടിനെ വെല്ലുന്ന ഉത്സവാരവങ്ങളും എഴുന്നള്ളത്തുകളും വാദ്യവിശേഷങ്ങളുമായി ഉത്സവപ്രേമികളെ വരവേല്‍ക്കാന്‍ നെല്ലിക്കുളങ്ങര ഭഗവതിയുടെ തട്ടകം ഒരുങ്ങി. സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നുമെത്തുന്ന ഉത്സവപ്രേമികള്‍ക്കായി ആഘോഷ നിമിഷങ്ങളൊരുക്കാന്‍ നെന്മാറ വല്ലങ്ങി ദേശങ്ങള്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.
ചൊവ്വാഴ്ച പുലര്‍ച്ചെ നാലരയ്ക്ക് വാള്‍ കടയലോടെ നെന്മാറ ദേശത്തിന്റെ പരിപാടികള്‍ തുടങ്ങും. ആറിന് മന്ദത്ത് വരിയോല വായനയുണ്ട്. 11-ന് ചിറയ്ക്കല്‍ കാളിദാസന്‍ തിടമ്പേന്തി ഒമ്പതാനകള്‍ എഴുന്നള്ളത്തില്‍ അണിനിരക്കും. ചോറ്റാനിക്കര വിജയന്‍ മാരാര്‍ പഞ്ചവാദ്യം നയിക്കും. എഴുന്നള്ളത്ത് നാലുമണിയോടെ ക്ഷേത്രസന്നിധിയിലെത്തും. തുടര്‍ന്ന് അരങ്ങേറുന്ന പാണ്ടിമേളത്തിന് കലാമണ്ഡലം ശിവദാസ് നേതൃത്വം നല്‍കും. 6.30-ന് പകല്‍ വെടിക്കെട്ട് നടക്കും. രാത്രി എട്ടിന് മന്ദത്ത് നടക്കുന്ന തായമ്പകയെത്തുടര്‍ന്ന് 10.30-ന് രാത്രി എഴുന്നള്ളത്ത് ആരംഭിക്കും. ബുധനാഴ്ച പുലര്‍ച്ചെ മൂന്നിനാണ് രാത്രി വെടിക്കെട്ട്. പാണ്ടിമേളവും കാവുകയറലും കോലമിറക്കലും തുടര്‍ന്നുണ്ടാകും.
വല്ലങ്ങി ദേശത്ത് തിടമ്പുപൂജയോടെ പരിപാടികള്‍ ആരംഭിക്കും. ഈടുവെടിയെ തുടര്‍ന്ന് എഴുന്നള്ളത്ത് 10.30-ന് തുടങ്ങും. തിരുവമ്പാടി ചെറിയ ചന്ദ്രശേഖരന്‍ തിടമ്പേന്തും. അയിലൂര്‍ അനന്തനാരായണന്‍ പഞ്ചവാദ്യം നയിക്കും. വല്ലങ്ങി ബൈപ്പാസിന് താഴെ ഒരുക്കിയ ആനപ്പന്തലില്‍ എഴുന്നള്ളിയെത്തും. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ നേതൃത്വം നല്‍കുന്ന പാണ്ടിമേളം ആരംഭിക്കും. കാവിറങ്ങുന്നതോടെ 6.30-ന് പകല്‍ വെടിക്കെട്ടുണ്ടാകും. ശിവക്ഷേത്രത്തില്‍ തായമ്പകയും രാത്രി എഴുന്നള്ളത്തും നടക്കും. ബുധനാഴ്ച പുലര്‍ച്ചെ മൂന്നിന് രാത്രി വെടിക്കെട്ടുണ്ടാകും. കോലമിറക്കുന്നതോടെ ആഘോഷത്തിന് സമാപനമാകും.
പാലക്കാടിന്റെ ദേശീയ ഉത്സവം
പാലക്കാട് ജില്ലയിലെ നെന്മാറയിലെ നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിന്റെ തട്ടകത്തില്‍ ഓരോ വര്‍ഷവും ഗ്രാമങ്ങളുടെ ആഘോഷമായി ഒരുക്കുന്ന ഉത്സവമാണ് നെന്മാറ വല്ലങ്ങി വേല. അലങ്കാരപ്പന്തലുകളുടെ വര്‍ണ്ണവൈവിദ്ധ്യങ്ങള്‍, വെടിക്കെട്ട്, ഉത്സവത്തിലരങ്ങേറുന്ന കലാരൂപങ്ങള്‍ എന്നിവ കൊണ്ട് ശ്രദ്ധേയമാണ് നെന്മാറ വല്ലങ്ങി വേല.
നെല്ലിയാമ്പതി മലനിരകള്‍ക്കു താഴെ ചിറ്റൂര്‍ താലൂക്കിലെ പാടങ്ങളാണ് ഈ ഉത്സവത്തിന്റെ വേദി. നെന്മാറ ഗ്രാമക്കാരും വല്ലങ്ങി ഗ്രാമക്കാരും നടത്തുന്ന മത്സര ഒരുക്കങ്ങളാണ് വേലയുടെ ആകര്‍ഷണം. നെറ്റിപ്പട്ടം കെട്ടി, ആലവട്ട വെഞ്ചാമരങ്ങളും സ്വര്‍ണ്ണക്കുടകളും ചൂടിയ ആന എഴുന്നള്ളത്തില്‍ തുടങ്ങി, ഇരുകരക്കാരുടെയും എഴുന്നള്ളത്ത് അഭിമുഖം വന്നു നില്‍ക്കുന്ന പാടത്തെ പന്തലുകളില്‍ വരെയുണ്ട് ഈ മത്സരം.
നെല്ലിക്കുളങ്ങര ഭഗവതിയുടെ ജന്മദിനമായ മീനം 20-നാണ് പ്രധാന ഉത്സവം. നെന്മാറ ദേശത്തിനും വല്ലങ്ങി ദേശത്തിനും സ്വന്തം കാവുകളും അവിടെ പരദേവതകളുമുണ്ടെങ്കിലും ഇവര്‍ നെല്ലിക്കുളങ്ങര ക്ഷേത്രത്തിനു സമീപം വേലക്കായി അണിനിരക്കുന്നു. കുമ്മാട്ടി, കരിവേല, ആണ്ടിവേല എന്നീ നാടന്‍കലകളും ഈ സമയങ്ങളില്‍ അരങ്ങേറും. നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലേക്ക് രണ്ടു കരക്കാരുടെയും ആനകളോടെ ഉള്ള എഴുന്നള്ളിപ്പ് പന്തലിലെത്തി നിരന്ന ശേഷം നടക്കുന്ന പഞ്ചവാദ്യമാണ് ഉത്സവത്തിന്റെ പ്രധാന ആകര്‍ഷണം. സന്ധ്യയോടെ വലിയ വെടിക്കെട്ടും കരിമരുന്നു പ്രയോഗവും ഉണ്ടാവും.
എങ്ങനെ എത്താം
അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ : പാലക്കാട് ടൗണ്‍, 27 കി. മീ. | അടുത്തുള്ള വിമാനത്താവളം : കോയമ്പത്തൂര്‍ (തമിഴ്നാട്) 55 കി. മീ.
Content Highlights: nenmara vallangi vela 2014