ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ സന്തോഷം ഈ ഇന്ത്യന്‍ നഗരത്തില്‍; ടൈം ഔട്ടിൻ്റെ പുതിയ സർവേ

ടൈം ഔട്ടിൻ്റെ പുതിയ സർവേ പ്രകാരം, 2025-ൽ ഏഷ്യയിലെ ഏറ്റവും സന്തോഷമുള്ള നഗരമായി മുംബൈ തിരഞ്ഞെടുക്കപ്പെട്ടു. പ്രധാന നഗരങ്ങളിലെ 18,000-ത്തിലധികം താമസക്കാരിൽനിന്ന് ഈ വാർഷിക സർവേ വിവരങ്ങൾ ശേഖരിച്ചിരുന്നു.
നഗരവാസികൾക്ക് അവരുടെ ചുറ്റുപാടുകൾ, ജീവിതശൈലി, സമൂഹം എന്നിവയെക്കുറിച്ച് എന്തു തോന്നുന്നു എന്ന് വിലയിരുത്തുകയായിരുന്നു സർവേയുടെ ലക്ഷ്യം. സർവേയിൽ പങ്കെടുത്തവർ സംസ്കാരം, ഭക്ഷണം, രാത്രിജീവിതം, ജീവിതനിലവാരം തുടങ്ങിയ ഒട്ടേറെ ഘടകങ്ങളെ അടിസ്ഥാനമാക്കി അവരുടെ നഗരങ്ങളെ വിലയിരുത്തി.
എന്തുകൊണ്ട് മുംബൈ?
മുംബൈയിലെ 94 ശതമാനം താമസക്കാരും തങ്ങളുടെ നഗരം സന്തോഷം നൽകുന്നുവെന്ന് അഭിപ്രായപ്പെട്ടു. ഇതോടെ ഈ വർഷം ഏഷ്യയിൽ ഒന്നാം സ്ഥാനത്തുള്ള നഗരമായി മുംബൈ മാറി. കൂടാതെ, സർവേയിൽ പങ്കെടുത്ത 89 ശതമാനം ആളുകളും തങ്ങൾ താമസിച്ച മറ്റേതൊരു സ്ഥലത്തേക്കാളും സന്തോഷം മുംബൈയിലാണെന്ന് വെളിപ്പെടുത്തി.
88 ശതമാനം പേർ നഗരത്തിലെ ആളുകൾ സന്തോഷമുള്ളവരാണെന്ന് വിശ്വസിക്കുന്നു. നഗരത്തിലെ സന്തോഷം സമീപകാലത്ത് വർധിച്ചതായി 87 ശതമാനം പേർക്ക് തോന്നി.
മുംബൈയിലെ സജീവമായ സാമൂഹികാന്തരീക്ഷം, വളർന്നുകൊണ്ടിരിക്കുന്ന വിനോദ വ്യവസായം, തൊഴിലവസരങ്ങൾ, ഊർജ്ജസ്വലമായ തെരുവുഭക്ഷണ സംസ്കാരം എന്നിവയാണ് ഈ സന്തോഷത്തിന് പിന്നിലെ പ്രധാന ഘടകങ്ങളെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
2025-ൽ ഏഷ്യയിലെ ഏറ്റവും സന്തോഷമുള്ള 5 നഗരങ്ങൾ
യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ ഇവർ നേടി ബെയ്ജിംഗും ഷാങ്ഹായുമാണ് മുംബൈയ്ക്ക് തൊട്ടുപിന്നിൽ. ഈ രണ്ട് ചൈനീസ് നഗരങ്ങളിലും 90 ശതമാനത്തിലധികം ആളുകൾ തങ്ങളുടെ ചുറ്റുപാടുകളിൽ സന്തോഷമുണ്ടെന്ന് അഭിപ്രായപ്പെട്ടു. ആധുനിക അടിസ്ഥാന സൗകര്യങ്ങൾ, സാംസ്കാരിക സമ്പന്നത, യുവജന സൗഹൃദ അന്തരീക്ഷം എന്നിവയാൽ ഈ രണ്ട് നഗരങ്ങളും ഏഷ്യയിലുടനീളം പ്രശംസ നേടുന്നു.
തായ്‌ലൻഡിലെ ചിയാങ് മായും വിയറ്റ്നാമിലെ ഹാനോയും ആദ്യ അഞ്ചിൽ ഇടംപിടിച്ചു. മൊത്തത്തിലുള്ള സന്തോഷത്തിൽ രണ്ട് നഗരങ്ങൾക്കും ഒരേപോലെയുള്ള സ്കോർ ലഭിച്ചെങ്കിലും, സാമൂഹികമായ നല്ല മനോഭാവം, ദൈനംദിന അനുഭവങ്ങളിലെ സന്തോഷം തുടങ്ങിയ കാര്യങ്ങളിൽ ഹാനോയ് അല്പം മുന്നിലെത്തി.
ടൈം ഔട്ടിന്റെ അഭിപ്രായത്തിൽ, 2025-ൽ ഏഷ്യയിലെ ഏറ്റവും സന്തോഷമുള്ള 10 നഗരങ്ങൾ ഇവയാണ്:
1. മുംബൈ, ഇന്ത്യ
2. ബെയ്ജിങ്, ചൈന
3. ഷാങ്ഹായ്, ചൈന
4. ചിയാങ് മായ്, തായ്‌ലൻഡ്
5. ഹാനോയ്, വിയറ്റ്നാം
6. ജക്കാർത്ത, ഇന്തോനേഷ്യ
7. ഹോങ്കോങ്
8. ബാങ്കോക്ക്, തായ്‌ലൻഡ്
9. സിങ്കപ്പുർ
10. സോള്‍, ദക്ഷിണ കൊറിയ
പട്ടികയിൽ ഇടം നേടാനാവാത്ത പ്രശസ്ത നഗരങ്ങൾ
സോള്‍, ടോക്യോ ഉൾപ്പെടെ ഏഷ്യയിലെ പ്രശസ്തമായ ചില ആഗോള കേന്ദ്രങ്ങൾ സന്തോഷത്തിന്റെ കാര്യത്തിൽ പിന്നിലായി. ടോക്യോയിലെ 70 ശതമാനം ആളുകൾ മാത്രമാണ് തങ്ങളുടെ നഗരം സന്തോഷം നൽകുന്നു എന്ന് പറഞ്ഞത്. വേഗതയേറിയ ജീവിതശൈലിയും വ്യക്തിജീവിതത്തിനും ഔദ്യോഗിക ജീവിതത്തിനും ഇടയിലുള്ള സന്തുലിതാവസ്ഥയുടെ കുറവുമാണ് ഇതിന് കാരണമായി വിശകലന വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.
Content Highlights: Discover why Mumbai was crowned Asia`s happiest city in 2025 by Time Out`s survey. Learn about the factors contributing to its vibrant spirit and high quality of life.