'ഇതാ ലോകത്തിലെ ഏറ്റവും വലിയ ബുദ്ധപ്രതിമകളിലൊന്ന്'; ജപ്പാന്‍ യാത്രയിലെ ചിത്രങ്ങൾ പങ്കുവെച്ച് നടി മീന

മീന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങളില്‍നിന്ന് | Photo: Instagram/meenasagar16
മീന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങളില്‍നിന്ന് | Photo: Instagram/meenasagar16

ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ ബുദ്ധപ്രതിമയാണ് ജപ്പാനിലെ ഉഷികു ഡൈബുട്‌സു. ഉഷികുവിന്റെ മഹാനായ ബുദ്ധന്‍ എന്നാണിതിന്റെ അര്‍ഥം. ഉഷികു നഗരത്തിലാണ് 120 മീറ്റര്‍ ഉയരമുള്ള ഈ പ്രതിമ സ്ഥിതിചെയ്യുന്നത്. വെങ്കലത്തില്‍ നിര്‍മിച്ച പ്രതിമയ്ക്കരികില്‍നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് തെന്നിന്ത്യന്‍ ചലച്ചിത്രതാരം മീന. 

ടോക്കിയോയിലെ പുരാതന ബുദ്ധക്ഷേത്രമായ സെന്‍സോജിയിലെ അസാകുസ ക്ഷേത്രം, ഉഷികു ഡൈബുട്‌സു എന്നിവിടങ്ങളില്‍ നില്‍ക്കുന്ന ചിത്രങ്ങളാണ് മീന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. 

ടോക്കിയോ ഡയറീസ് 2024 എന്ന അടിക്കുറിപ്പോടെ താന്‍ സന്ദര്‍ശിച്ച മേല്‍പറഞ്ഞ സ്ഥലങ്ങളും അവയുടെ പ്രത്യേകതയും വിവരിക്കുന്ന ചെറുകുറിപ്പോടെയാണ് മീന പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ബുദ്ധപ്രതിമയ്ക്കുള്ളില്‍ ഒരു കെട്ടിടമുണ്ടെന്നും പ്രതിമയുടെ നെഞ്ചിന്റെ ഭാഗത്തുവരെ സന്ദര്‍ശകര്‍ക്ക് പോകാനാകുമെന്നും നടി കുറിപ്പില്‍  പറയുന്നു. പ്രതിമയ്ക്കുള്ളില്‍ നിന്നുള്ള ചിത്രങ്ങളും നടി പോസ്റ്റ് ചെയ്തിട്ടുണ്ട്. 

നൂറിലധികം ചെറിമരങ്ങളുള്ള പാര്‍ക്കിലാണ് ഉഷികു ഡൈബുട്‌സു പ്രതിമ സ്ഥിതി ചെയ്യുന്നത്. പോപ്പീസ്, കോസ്‌മോസ്, പിങ്ക് മോസ് തുടങ്ങിയ ചെടികളാലും ചുറ്റപ്പെട്ട പാര്‍ക്കിലാണിത്. പ്രതിമയുടെ ഉള്‍ഭാഗത്തെ നിര്‍മിതിക്ക് അഞ്ച് നിലകളാണുള്ളത്. 


 

Content Highlights: Meena shares photos of Ushiku Daibutsu Japan’s tallest bronze statue of Buddha