'ഞങ്ങളുടെ വരുമാനമാര്‍ഗമാണ്, ഇന്ത്യക്കാര്‍ ഇനിയും വരണം'; അഭ്യര്‍ഥനയുമായി മാലദ്വീപ് മന്ത്രി

Photo: facebook.com/visitmaldives
Photo: facebook.com/visitmaldives

ഇന്ത്യന്‍ സഞ്ചാരികള്‍ തുടര്‍ന്നും തങ്ങളുടെ രാജ്യത്തെത്തണമെന്ന അഭ്യര്‍ഥനയുമായി മാലദ്വീപ് ടൂറിസം മന്ത്രി. ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന്റെ പ്രാധാന്യത്തെ കുറിച്ചും മാലദ്വീപ് ടൂറിസം മന്ത്രി ഇബ്രാഹിം ഫൈസല്‍ ഓര്‍മ്മിപ്പിച്ചു. വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ അഭ്യര്‍ഥന. ഇന്ത്യയുമായുള്ള നയതന്ത്രബന്ധം വഷളായതിനെ തുടര്‍ന്ന് നഷ്ടമായ ഇന്ത്യന്‍ സഞ്ചാരികളെ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മാലദ്വീപിന്റെ ഈ നീക്കം

"ഞങ്ങളുടെ പുതിയ സര്‍ക്കാരിനും ഇന്ത്യയുമായി സഹകരിച്ച് മുന്നോട്ട് പോകാനാണ് താല്‍പര്യം. സമാധാനത്തെയും സൗഹൃദത്തെയും എന്നും ചേര്‍ത്തുപിടിക്കുന്നവരാണ് ഞങ്ങള്‍. ഇന്ത്യന്‍ സഞ്ചാരികളെ മാലദ്വീപിലെ ജനങ്ങളും സര്‍ക്കാരും ഹൃദയപൂര്‍വം സ്വാഗതം ചെയ്യും. ഇന്ത്യക്കാര്‍ തുടര്‍ന്നും മാലദ്വീപിലെത്തണമെന്ന് ടൂറിസം മന്ത്രി എന്ന നിലയില്‍ ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. ഞങ്ങളുടെ സമ്പദ് വ്യവസ്ഥ ടൂറിസത്തെയാണ് ആശ്രയിക്കുന്നത്" - ഇബ്രാഹിം ഫൈസല്‍ പറഞ്ഞു. 

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായി മാലദ്വീപിലെ ചില മന്ത്രിമാര്‍ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയതിനെ തുടര്‍ന്നാണ് ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായത്. ഇതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ വ്യാപകമായി മാലദ്വീപിനെ ബഹിഷ്‌കരിച്ചിരുന്നു. ഇന്ത്യക്കാര്‍ ബഹിഷ്‌കരിക്കാന്‍ തുടങ്ങിയതോടെ മാലദ്വീപ് ടൂറിസം മേഖല വന്‍ തിരിച്ചടിയാണ് നേരിട്ടത്. വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിലുണ്ടായ കുറവ് ടൂറിസം പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നായ ഈ ദ്വീപ് രാഷ്ട്രത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതോടെ ഇന്ത്യയെ അനുനയിപ്പിക്കാന്‍ മാലദ്വീപ് ഭരണകൂടം ശ്രമിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് മാലദ്വീപ് ടൂറിസം മന്ത്രിയുടെ ഈ വാക്കുകള്‍.

ഈ വര്‍ഷം ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷ്യദ്വീപ് സന്ദര്‍ശിച്ചതോടെയാണ് മാലദ്വീപുമായുള്ള വിവാദങ്ങള്‍ ആരംഭിച്ചത്. ലക്ഷദ്വീപ് സന്ദര്‍ശനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്‌നോര്‍ക്കലിങ്ങിന്റേതടക്കമുള്ള ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. മാലദ്വീപിന് ബദലായി മറ്റൊരു വിനോദ സഞ്ചാര കേന്ദ്രമാണ് ലക്ഷദ്വീപ് എന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമായി. ഇതോടെയാണ് മാലദ്വീപ് മന്ത്രിമാര്‍ പ്രധാനമന്ത്രി മോദിക്കെതിരെ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയത്. ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമാവുകയും ഇന്ത്യയില്‍ മാലദ്വീപ് ബഹിഷ്‌കരണ ക്യാംപെയിന്‍ ശക്തമാവുകയുമായിരുന്നു.

കഴിഞ്ഞ വര്‍ഷം വരെ മാലദ്വീപിലേക്ക് ഏറ്റവും കൂടുതലായി എത്തിയ സഞ്ചാരികള്‍ ഇന്ത്യക്കാരായിരുന്നു. എന്നാല്‍ വിവാദങ്ങള്‍ക്ക് ശേഷം മാലദ്വീപിലെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ ഇന്ത്യ ആറാം സ്ഥാനത്തെത്തി. ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ 42 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.

Content Highlights: maldives urges indians to please be part of its tourism