ചാഞ്ഞും ചരിഞ്ഞുമിരുന്ന് പ്രകൃതിദൃശ്യങ്ങൾ ആസ്വദിക്കാം; മധുരം മനോഹരം വിസ്റ്റാഡോം

തമിഴ്നാടിന്റെ ഗ്രാമീണഭംഗിയും പശ്ചിമഘട്ടത്തിന്റെ വശ്യതയും നുകർന്ന് വിസ്റ്റാഡോം കോച്ച് യാത്ര തുടങ്ങി. ചെങ്കുത്തായ മലനിരകളും പച്ചപ്പുനിറഞ്ഞ കുന്നിൻചെരിവുകളും തുരങ്കങ്ങളും നദീതീരങ്ങളും പിന്നിട്ടുള്ള യാത്ര മനസ്സുനിറച്ചു. ഒരു പുത്തൻ യാത്രാനുഭവം. മധുര-ഗുരുവായൂർ എക്സ്പ്രസ്സ് ട്രെയിനിലാണ് കോച്ച് ഘടിപ്പിച്ചിരിക്കുന്നത്.
ബോഗിയുടെ മുകളിലും വശങ്ങളിലും സ്ഥാപിച്ചിട്ടുള്ള വലിയ ഗ്ലാസ് ജനാലകളാണ് കോച്ചിന്റെ പ്രത്യേകത. ഈ ജനാലകളിലൂടെ പുറംകാഴ്ചകളിലേക്ക് ഒരോ സഞ്ചാരിയുടെ മനസ്സും ഇറങ്ങിച്ചെല്ലും. കറങ്ങുന്ന 44 എക്സിക്യുട്ടീവ് റിക്ലൈനർ സീറ്റുകൾ ഉണ്ട്. ഇതിൽ ചാഞ്ഞും ചരിഞ്ഞുമിരുന്ന് പ്രകൃതിദൃശ്യങ്ങൾ ആസ്വദിക്കാം. ഓരോ സീറ്റിലും മൊബൈൽ ഫോൺ ചാർജ് ചെയ്യാനുള്ള സ്വിച്ചുകളും ഘടിപ്പിച്ചിട്ടുണ്ട്.
രാവിലെ 11.35-ന് മധുരയിൽനിന്ന് യാത്രയ്ക്ക് തുടക്കമായി. നിമിഷനേരംകൊണ്ട് തമിഴ്നാട്ടിലെ പച്ചക്കറിത്തോട്ടങ്ങളുടെയും കാറ്റാടിപ്പാടങ്ങളുടെയും ഭംഗിയിലേക്ക് യാത്രികരെത്തി. ശിവകാശി കഴിഞ്ഞതോടെ പശ്ചിമഘട്ട മലനിരകളായി, തെങ്കാശി, ചെങ്കോട്ട തുടങ്ങിയിടങ്ങളിലേക്ക് നെൽപ്പാടങ്ങളുടെയും പച്ചക്കറിത്തോട്ടങ്ങളുടെയും കാഴ്ചകൾ മനസ്സ് കുളിർപ്പിച്ചു. പിൻഭാഗത്തായി ഒബ്സർവേഷൻ ലോഞ്ചിൽനിന്നുള്ള കാഴ്ചകൾ അതിമനോഹരമാണ്.
ആര്യങ്കാവ് വനമേഖലയുടെയും മലനിരകളുടെയും ഭംഗിയിൽ മുഴുകി യാത്രക്കാർ. തുരങ്കപാതയിലൂടെ കടന്നപ്പോൾ മറ്റൊരനുഭവം. 13 കണ്ണറപ്പാലത്തിലെത്തിയപ്പോൾ താഴെ റോഡരികിൽ ജനം കാത്തുനിൽക്കുന്നു. കാഴ്ച പകർത്തുന്നു. പുനലൂരും കൊല്ലവും എറണാകുളവും തൃശ്ശൂരും കടന്ന് പുലർച്ചെ രണ്ടരയോടെ ഗുരുവായൂരിലെത്തി.
ആദ്യ യാത്രയ്ക്ക് ആശംസകളുമായി തമിഴ്നാട്ടിലെയും കേരളത്തിലെയും എം.പി.മാരും എത്തി. മധുര എം.പി. എസ്. വെങ്കിടേശ്വരൻ യാത്രക്കാർക്ക് മധുരം നൽകി. തെങ്കാശി എം.പി. റാണി ശ്രീകുമാർ കടയനെല്ലൂരിൽനിന്ന് ചെങ്കോട്ടവരെ കോച്ചിൽ യാത്രചെയ്തു. കൊല്ലം എം.പി. എൻ.കെ. പ്രേമചന്ദ്രൻ ആര്യങ്കാവിൽനിന്നാണ് കയറിയത്. ആവണീശ്വരത്തുനിന്നാണ് കൊടിക്കുന്നിൽ സുരേഷ് എം.പി. യാത്രയുടെ ഭാഗമായത്. അദ്ദേഹത്തെ എൻ.കെ. പ്രേമചന്ദ്രൻ എം.പി സ്വീകരിച്ചു. കോച്ചിന്റെ അവകാശവാദമുന്നയിച്ച് ഇരുവരും തമ്മിൽ ഫെയ്സ്ബുക്ക് പോര് നടക്കുന്നതിനിടെ ഒന്നിച്ചുള്ള യാത്ര കൗതുകവുമായി.
യാത്ര പരീക്ഷണാടിസ്ഥാനത്തിൽ : 22 മുതൽ 2027 ജനുവരി 15 വരെ പരീക്ഷണാടിസ്ഥാനത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. വൈഫൈ സൗകര്യവുമുണ്ട്. യാത്രക്കാരിൽനിന്ന് മികച്ച പ്രതികരണം ഉണ്ടായാൽ കോച്ച് ട്രെയിനിൽ സ്ഥിരപ്പെടുത്തും. ആഴ്ചയിൽ മൂന്നുദിവസമാണ് ഈ കോച്ച് ഉണ്ടാവുക.