ലക്ഷദ്വീപ് ടൂറിസത്തിന് പ്രത്യേക സഹായം; ഇന്ത്യയെ ബിസിനസ് കോണ്‍ഫറന്‍സിങ് ടൂറിസത്തിന്റെ കേന്ദ്രമാക്കും

ലക്ഷദ്വീപിലേക്ക് കൂടുതല്‍ സഞ്ചാരികളെ എത്തിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മാലദ്വീപുമായുള്ള നയതന്ത്ര ബന്ധം ഉലഞ്ഞതിനെ തുടര്‍ന്ന് ലക്ഷദ്വീപിനെ ബദല്‍ ടൂറിസം കേന്ദ്രമായി ഉയര്‍ത്തിപ്പിടിക്കാനുള്ള കാമ്പെയിന്‍ സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു. ഇന്ത്യയിലേക്കെത്തുന്ന വിദേശ സഞ്ചാരികളെ ലക്ഷദ്വീപിലേക്ക് കൂടി എത്തിക്കാനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ തയ്യാറാക്കുകയെന്നാണ് സൂചന.
''പോര്‍ട്ട് കണക്ടിവിറ്റി, വിനോദസഞ്ചാര മേഖലയിലെ അടിസ്ഥാന വികസനം, മറ്റു സൗകര്യങ്ങള്‍ എന്നിവയിലൂടെ ലക്ഷദ്വീപ് ഉള്‍പ്പെടെയുള്ള മേഖലയിലെ ടൂറിസം പ്രോത്സാഹിപ്പിക്കും'' എന്നാായിരുന്ന ധനമന്ത്രിയുടെ വാക്കുകള്‍. ടൂറിസം വികസനത്തിന് പലിശരഹിത വായ്പകള്‍ നല്‍കാനും ബജറ്റില്‍ നിര്‍ദേശമുണ്ട്. ലക്ഷദ്വീപ് ഉള്‍പ്പടെയുള്ള രാജ്യത്തിന്റെ ടൂറിസം മേഖലയില്‍ സ്വകാര്യമേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാനുമാണ് തീരുമാനം. മാലദ്വീപുമായുള്ള വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് കേന്ദ്ര ബജറ്റിലെ ഈ നിര്‍ദേശം.
ലക്ഷദ്വീപ് സന്ദര്‍ശനത്തിന്റെ ഫോട്ടോ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സഞ്ചാരികള ലക്ഷദ്വീപിലേക്ക് ക്ഷണിച്ചതോടെയാണ് മാലദ്വീപുമായുള്ള വിവാദങ്ങള്‍ക്ക് തുടക്കംകുറിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്‌നോര്‍ക്കലിങ്ങിന്റേതടക്കമുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലായി. മാലദ്വീപിന് ബദലായി മറ്റൊരു വിനോദസഞ്ചാര കേന്ദ്രമാണ് ലക്ഷദ്വീപ് എന്ന തരത്തിലുള്ള സോഷ്യല്‍ മീഡിയ ചര്‍ച്ചകളും വ്യാപകമായിരുന്നു. ഇതിനു പിന്നാലെയാണ് മാലദ്വീപ് മന്ത്രിമാര്‍ സാമൂഹികമാധ്യമത്തിലൂടെ മോദിക്കെതിരെ പരാമര്‍ശം നടത്തിയത്. സംഗതി വിവാദമായതോടെ മറിയം ഷിനൂയ, മാല്‍ഷ ഷെരീഫ്, മഹ്‌സൂം മാജിദ് എന്നീ മന്ത്രിമാരെ മാലദ്വീപ് ഭരണകൂടം സസ്‌പെന്‍ഡ് ചെയ്തു. പിന്നാലെയാണ് സാമൂഹിക മാധ്യമങ്ങളില്‍ ബഹിഷ്‌കരണ കാമ്പെയിനുകള്‍ ആരംഭിച്ചത്. മാലദ്വീപിന് പകരം ഇന്ത്യക്കാര്‍ ലക്ഷദ്വീപിനെ ഉയര്‍ത്തിപ്പിടിക്കുകയും അവിടേക്ക് യാത്രകള്‍ നടത്തണമെന്നുമായിരുന്നു കാമ്പെയിന്‍. മാലദ്വീപിനെ തോല്‍പ്പിക്കുന്ന പ്രകൃതിഭംഗിയും ടൂറിസം സാധ്യതകളും ലക്ഷദ്വീപിനുണ്ടെന്ന വാദമാണ് ഇവര്‍ ഉയര്‍ത്തിയത്.
സംസ്ഥാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് സഹായം
സംസ്ഥാനങ്ങളിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രം ധനസഹായം നല്‍കുമെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ഗുണനിലവാരത്തിനനുസരിച്ച് അവയ്ക്ക് റേറ്റിങ് നല്‍കും. ആഗോളതലത്തില്‍ അവയുടെ ബ്രാന്‍ഡിങ്ങിനും മാര്‍ക്കറ്റിങ്ങിനും സഹായിക്കും. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പലിശരഹിത ദീര്‍ഘകാല വായ്പകള്‍ നല്‍കും. ടൂറിസം മേഖലയ്ക്ക് കരുത്ത് പകരാനായി തുറമുഖങ്ങളെ ബന്ധിപ്പിക്കും.
ആത്മീയ വിനോദസഞ്ചാരത്തിന് ഊന്നല്‍
രാജ്യത്തെ ആത്മീയ വിനോദസഞ്ചാരത്തിന്റെ വികസനത്തിന് ഊന്നല്‍ നല്‍കുമെന്നും ബജറ്റില്‍ പറയുന്നു. സാധാരണ വിനോദസഞ്ചാരത്തിനൊപ്പം തന്നെ ആത്മീയ ടൂറിസവും വളര്‍ത്തും. ഇതോടൊപ്പം ആയുഷ്- മെഡിക്കല്‍ ടൂറിസത്തിനും പ്രാധാന്യം നല്‍കും.
മാതൃകയാക്കാന്‍ ജി 20
കഴിഞ്ഞ വര്‍ഷം രാജ്യത്ത് നടന്ന ജി 20 ഉച്ചകോടി വിജയച്ചത് സമാനമായ മേഖലയ്ക്ക് പ്രധാന്യം നല്‍കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചു. ബിസിനസ് കോണ്‍ഫറന്‍സിങ് ടൂറിസത്തിന്റെ പ്രധാന കേന്ദ്രമാക്കി ഇന്ത്യയെ മാറ്റാനാണ് നീക്കം. ഇത് തൊഴിലവസരങ്ങള്‍ വര്‍ധിക്കാനും വിദേശ നാണ്യം സമ്പാദിക്കാനും സഹായകരമാകും.
Content Highlights: Lakshadweep finds mention in Budget speech Interim Budget 2024