നിരക്ക് ഇളവ് 20% വരെ; കേരള റൂട്ടിൽ പ്രൈവറ്റ്, ട്രെയിൻ യാത്രക്കാരെ ലക്ഷ്യമിട്ട് കർണാടക RTC

#Travel Desk
കര്‍ണാടക ആര്‍.ടി.സിയുടെ ബസുകള്‍
കര്‍ണാടക ആര്‍.ടി.സിയുടെ ബസുകള്‍

ബെംഗളൂരു: സ്വകാര്യബസ് സർവീസുകളിൽനിന്നും സ്‌പെഷ്യൽ തീവണ്ടികളിൽനിന്നുമുള്ള മത്സരത്തെ നേരിടാൻ ലക്ഷ്യമിട്ട് പ്രീമിയം ബസുകളിൽ പ്രഖ്യാപിച്ച യാത്രനിരക്കിളവ് കർണാടക ആർടിസിയിൽ നിലവിൽ വന്നു. ആഴ്ചാവസാന ദിവസങ്ങളിലൊഴികെ തിരഞ്ഞെടുത്ത റൂട്ടുകളിലേക്കുള്ള ബസുകളിൽ അഞ്ചുമുതൽ 20 ശതമാനംവരെ ഇളവാണ് വരുത്തിയിരിക്കുന്നത്.

കേരളത്തിലേക്കുൾപ്പെടെയുള്ള ബസുകളിൽ ഇളവ് നിലവിൽ വന്നു. തിങ്കൾമുതൽ വ്യാഴംവരെയുള്ള ദിവസങ്ങളിൽ ഈ ഇളവ് ലഭിക്കും. പൊതുവേ യാത്രക്കാരുടെ കുറവ് അനുഭവപ്പെടുന്ന ദിവസങ്ങളാണിത്. സ്വകാര്യ ബസുകളിലേക്കും റെയിൽവേ പ്രഖ്യാപിക്കുന്ന പ്രത്യേക സർവീസുകളിലേക്കും പോകുന്ന യാത്രക്കാരെ ആകർഷിക്കാനാണ് യാത്രനിരക്കിൽ കുറവ് വരുത്തിയിരിക്കുന്നത്.

നിരക്കിളവ് നിലവിൽ വന്നതോടെ ബസുകളിലെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് വർധിച്ചതായി കർണാടക ആർടിസി അധികൃതർ പറഞ്ഞു. രാജഹംസ, നോൺ എസി സ്ലീപ്പർ, പല്ലക്കി, ഐരാവത്, ഐരാവത് ക്ലബ് ക്ലാസ്, ഐരാവത് ക്ലബ് ക്ലാസ് 2.0, എസി സ്ലീപ്പർ, അംബാരി, അംബാരി ഡ്രീംസ് ക്ലാസ്, അംബാരി ഉത്സവ്, ഫ്‌ലൈബസ് എന്നിവയ്ക്കാണ് ചാർജ് ഇളവ് വരുത്തിയിരിക്കുന്നത്.

ബെംഗളൂരുവിൽനിന്ന് കണ്ണൂരിലേക്കുള്ള ഐരാവത് വോൾവോ എസി, കണ്ണൂരിലേക്കുള്ള എസി സ്ലീപ്പർ, എറണാകുളത്തേക്കുള്ള അംബാരി ഉത്സവ്, അംബാരി ഡ്രീം ക്ലാസ്, ഐരാവത് ക്ലബ് കാസ്, തൃശ്ശൂരിലേക്കുള്ള അംബാരി ഉത്സവ്, അംബാരി ഡ്രീം ക്ലാസ്, ഐരാവത് ക്ലബ് ക്ലാസ്, പാലക്കാട്ടേക്കുള്ള അംബാരി ഉത്സവ്, അംബാരി ഡ്രീം ക്ലാസ്, ഐരാവത് 2.0, ഐരാവത് ക്ലബ് ക്ലാസ് എന്നിവയിൽ നിരക്കിളവുണ്ട്.

Content Highlights: Karnataka RTC offers fare discounts on premium buses, up to 20% off on select routes. Book online now to save on your journey!