കെഎസ്ആര്‍ടിസിയില്‍ മൂന്നാറും മാമലക്കണ്ടവും കാണാം; എ.സി താമസം ഉള്‍പ്പെടെ 2580 രൂപ

പ്രതീകാത്മക ചിത്രം | ഫോട്ടോ: പി. ജയേഷ്‌
പ്രതീകാത്മക ചിത്രം | ഫോട്ടോ: പി. ജയേഷ്‌

യാത്രകള്‍ ഓണാഘോഷത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ഓണം അവധിയില്‍ പ്രിയപ്പെട്ടവരോടൊപ്പം ഒരു യാത്രയെന്നത് എല്ലാവരുടെയും ആഗ്രഹമാണ്‌. എന്നാല്‍ ഇത്തവണത്തെ ഓണം യാത്ര കെ.എസ്.ആര്‍.ടി.സിയോടൊപ്പമായാലോ? പാറശാല കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ ഓണം അവധിയില്‍ രണ്ട് ദിവസത്തെ കിടിലന്‍ മൂന്നാര്‍ യാത്രയാണ് ഒരുക്കിയിരിക്കുന്നത്. അതും സഞ്ചാരികളുടെ പ്രിയപ്പെട്ട മാമലക്കണ്ടവും മാങ്കുളവും ചിന്നക്കനാലും ഒക്കെ കണ്ടൊരു അടിപൊളി മൂന്നാര്‍ യാത്ര.

ഒരു രാത്രി മൂന്നാറിന്റെ കുളിരില്‍ താമസിക്കാനുള്ള സൗകര്യവും കെ.എസ്.ആര്‍.ടി.സി ഒരുക്കും. ഓണത്തിന്റെ ആഘോഷമെല്ലാം പൂര്‍ത്തീകരിച്ച ശേഷം പുറപ്പെടുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഓഗസ്റ്റ് 30 ന് രാത്രിയില്‍ പാറശാല കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്നാണ് യാത്ര പുറപ്പെടുക. തട്ടേക്കാട്, കുട്ടമ്പുഴ, മാമലക്കണ്ടം, കൊരങ്ങാടി, മാങ്കുളം, ലക്ഷ്മി എസ്‌റ്റേറ്റ്, സിഗ്നല്‍ പോയന്റ്, ഗ്യാപ്പ് റോഡ് വ്യു, മലയില്‍ കള്ളന്‍ ഗുഹ, ചിന്നക്കനാല്‍ വാട്ടര്‍ഫാള്‍സ്, ആനയിറങ്ങല്‍ ഡാം, ചതുരംഗപ്പാറ എന്നീ സ്ഥലങ്ങളും യാത്രയില്‍ കാണാനാകും.

മൂന്നാറിലേക്കുള്ള യാത്രയിലെ പല വഴികളും അതിമനോഹരമാണ്. വനത്തിലൂടെയുള്ള കുട്ടമ്പുഴ- മാങ്കുളം യാത്രയെല്ലാം സഞ്ചാരികള്‍ക്ക് മറക്കാനാകാത്ത അനുഭവമായിരിക്കും സമ്മാനിക്കുക. 31 ന് രാത്രി മൂന്നാര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ എ.സി സ്ലീപ്പര്‍ ബസിലാണ് താമസം ഒരുക്കിയിരിക്കുന്നത്. മൂന്നാര്‍ കാഴ്ചകള്‍ക്ക് ശേഷം ചതുരംഗപ്പാറയും കണ്ടാണ് മടക്കയാത്ര ആരംഭിക്കുക. 2580 രൂപമാത്രമാണ് ഈ യാത്രക്കായി ഒരാളില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി ഈടാക്കുക. 

അമ്പത് പേര്‍ക്ക് മാത്രമാണ് ഈ യാത്രയില്‍ പങ്കെടുക്കാന്‍ സാധിക്കുക. കാടുകള്‍ക്കും തേയിലത്തോട്ടങ്ങള്‍ക്കും നടുവിലൂടെ വെള്ളച്ചാട്ടങ്ങളും അതിമനോഹരമായ പ്രകൃതി ഭംഗിയും കണ്ടുകൊണ്ടുള്ള ഈ യാത്ര തിരുവനന്തപുരത്ത് നിന്നും പോകാന്‍ പറ്റിയ ഏറ്റവും ചിലവ് കുറഞ്ഞ മൂന്നാര്‍ യാത്രകൂടിയാണ്. ബുക്കിങ്ങിനായി 9633115545, 9446450725, 9048666473, 9946413071 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Content Highlights: ksrtc munnar mamalakandam travel package