ടെംപിള്‍ കണക്ട് യാത്രയുമായി KSRTC ബജറ്റ് ടൂറിസം; 72 ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് വരാം

ആലപ്പുഴ: ടെംപിള്‍ കണക്ട് എന്ന പേരില്‍ 72 ക്ഷേത്രങ്ങളെ ബന്ധിപ്പിച്ച് കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ (ബിടിസി) ശബരിമല തീര്‍ഥാടന പാക്കേജ് ഒരുക്കുന്നു. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡുമായി ചേര്‍ന്നാണിത്.
ശബരിമല തീര്‍ഥാടനത്തിനു പോകുന്നവര്‍ക്ക് വഴിയിലുള്ള പ്രധാന ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്താന്‍ അവസരം നല്‍കുന്നതാണ് പാക്കേജ്. തീര്‍ഥാടന സീസണിലെ ആദ്യഘട്ടത്തില്‍ പമ്പയ്ക്ക് 1,600 ചാര്‍ട്ടേഡ് ട്രിപ്പും 72 ചാര്‍ട്ടേഡ് പാക്കേജും നടത്തും. ആവശ്യക്കാര്‍ കൂടിയാല്‍ പാക്കേജിന്റെ എണ്ണം കൂട്ടും.
വടക്കന്‍ ജില്ലകളില്‍നിന്നുള്ള പാക്കേജ് രണ്ടുദിവസമാണ്. ആലപ്പുഴ, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നുള്ളത് ഒരു ദിവസവും.ഒരു ഗ്രൂപ്പിനോ ഒന്നിലധികം ഗ്രൂപ്പുകള്‍ക്കോ സീറ്റ് ബുക്ക് ചെയ്യാം. 90 ശതമാനം ബുക്കിങ് ആയാല്‍ ഒരു ചാര്‍ട്ടേഡ് സര്‍വീസ് നടത്തും. 'അയ്യപ്പ ദര്‍ശനം' തീര്‍ഥാടന സേര്‍കിറ്റ് ആണ് പാക്കേജിന്റെ മറ്റൊരാകര്‍ഷണം.
അയ്യപ്പ ചരിത്രവുമായി ബന്ധപ്പെട്ട് പ്രാധാന്യമുള്ള കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചന്‍കോവില്‍, പന്തളം വലിയകോയിക്കല്‍ ധര്‍മ്മശാസ്താ ക്ഷേത്രങ്ങള്‍ ബന്ധിപ്പിച്ചാണ് ഈ യാത്ര. ബിടിസി യാത്രക്കാര്‍ക്ക് പമ്പ ഡിപ്പോയില്‍ സൗജന്യ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വടക്കന്‍ ജില്ലകളിലുള്ളവര്‍ക്ക് ഗുരുവായൂര്‍ ക്ഷേത്രം ഉള്‍പ്പെടുന്ന പാക്കേജ് തിരഞ്ഞെടുക്കാം. തെക്കന്‍ ഭാഗങ്ങളിലുള്ളവര്‍ക്ക് കൊട്ടാരക്കര ഗണപതീ ക്ഷേത്രം ഉള്‍പ്പെടുന്ന പാക്കേജുമുണ്ട്.
Content Highlights: KSRTC Kerala`s `Temple Connect` offers budget tourism packages linking 72 temples, including Sabarimala pilgrimage. Book your spiritual journey now!