പൊള്ളുന്ന വേനലില്‍ കുളിരുതേടി പോകാം; വാഗമണ്‍, കാന്തല്ലൂര്‍, മാമലകണ്ടം, വട്ടവട യാത്രകളുമായി KSRTC

പ്രതീകാത്മക ചിത്രം| ഫോട്ടോ: പി. ജയേഷ്‌
പ്രതീകാത്മക ചിത്രം| ഫോട്ടോ: പി. ജയേഷ്‌

അവധിക്കാലത്തെ പൊള്ളുന്ന വേനലില്‍നിന്ന് കുളിരുതേടി കുറെ യാത്ര പോകാന്‍ തയ്യാറാണോ. ഡബിള്‍ബെല്‍ മുഴക്കി ആനവണ്ടി കാത്തുനില്‍പ്പുണ്ട്. അവധിക്കാലം ആരംഭിച്ചതോടെ കുടുംബങ്ങളെ ലക്ഷ്യമിട്ടുള്ള കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം സെല്ലിന്റെ ട്രിപ്പുകള്‍ക്ക് തുടക്കമായി. എറണാകുളം ജില്ലയിലെ ഒന്‍പതു ഡിപ്പോകളിലും യാത്ര ഒരുക്കുന്നുണ്ട്.

വൈബ് യാത്രകള്‍

വരും ദിനങ്ങളില്‍ വേനല്‍ ചൂടില്‍നിന്ന് തണല്‍തേടി ആനവണ്ടി കുന്നുകയറും. വാഗമണ്‍ മൊട്ടക്കുന്നുകളും പരുന്തുംപാറയിലെ കോടമഞ്ഞിന്റെ കുളിരും ആസ്വദിക്കാന്‍ വാഗമണ്‍ യാത്ര, വനപാതയിലൂടെ മൂന്നാറിലേക്കും മറയൂര്‍ കാന്തല്ലൂരിലേക്കും ട്രിപ്പ്, അതിരപ്പിള്ളി വാഴച്ചാല്‍ വഴി 65 കിലോമീറ്റര്‍ കാനന യാത്ര സമ്മാനിക്കുന്ന മലക്കപ്പാറ യാത്ര, കുളമാവ് ഡാമും കാല്‍വരി മൗണ്ടും കണ്ടറിഞ്ഞുവരാന്‍ അഞ്ചുരുളി - രാമക്കല്‍മേട് യാത്ര, മലയും അരുവികളുമായി സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ എറണാകുളം ജില്ലയുടെ കിഴക്കേ അറ്റത്ത് ഉള്‍വനത്തിനു നടുവില്‍ സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ മാമലകണ്ടം യാത്ര, ചതുരംഗപ്പാറ, വട്ടവട യാത്ര എന്നിവയാണ് ക്രമീകരിച്ചിട്ടുള്ളത്. എല്ലാം ഏകദിന ട്രിപ്പുകളാണ്.

എറണാകുളം, ആലുവ, പിറവം, കൂത്താട്ടുകുളം, കോതമംഗലം ഡിപ്പോകളില്‍നിന്ന് നിലവില്‍ നടത്തുന്ന യാത്രകള്‍ക്കു പുറമേയാണ് മൂന്നാര്‍, കാന്തല്ലൂര്‍ പോലുള്ള സ്ഥലങ്ങളിലേക്കുള്ള പുതിയ യാത്രകള്‍. റെസിഡെന്റ്സ് അസോസിയേഷന്‍, കുടുംബശ്രീ, ചങ്ങാതിക്കൂട്ടങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയ 50 പേര്‍ അടങ്ങുന്ന ഗ്രൂപ്പുകള്‍ക്ക് ബസ് ബുക്ക് ചെയ്ത് പോകാനുള്ള സൗകര്യം ഡിപ്പോകളില്‍ ഒരുക്കിയിട്ടുണ്ട്. നോര്‍ത്ത് പറവൂര്‍, അങ്കമാലി, പെരുമ്പാവൂര്‍, മൂവാറ്റുപുഴ ഡിപ്പോകളില്‍നിന്ന് വിഷുവിനു ശേഷം വേനലവധി യാത്രകള്‍ ആരംഭിക്കും. എറണാകുളം, ആലുവ, പിറവം, കൂത്താട്ടുകുളം, കോതമംഗലം ഡിപ്പോകളില്‍നിന്ന് ഏപ്രില്‍ 6, 7, 10, 13, 14, 20, 21, 27, 28 തീയതികളിലാണ് യാത്രകള്‍.

എറണാകുളത്തുനിന്ന് പുതിയ ട്രിപ്പുകള്‍

എറണാകുളം ഡിപ്പോയില്‍നിന്ന് 2023 സെപ്റ്റംബറിലാണ് ബജറ്റ് ടൂറിസം യാത്രകള്‍ ആരംഭിക്കുന്നത്. ഇതുവരെ അന്‍പതിലേറെ ട്രിപ്പുകള്‍ നടത്തി. മൂന്നുലക്ഷത്തിലേറെ വരുമാനം. മലക്കപ്പാറയിലേക്കായിരുന്നു ഏറെ യാത്രകള്‍. അവധിക്കാലത്തോടനുബന്ധിച്ച് മൂന്നു പുതിയ സ്ഥലങ്ങളിലേക്കുകൂടി യാത്രകളുണ്ട്. ഏപ്രില്‍ ആറിന് മൂന്നാര്‍ - കാന്തല്ലൂരിലേക്ക് രാവിലെ അഞ്ചുമണിക്ക് യാത്ര തിരിക്കും. 790 രൂപയാണ് ടിക്കറ്റ് നിരക്ക്. ഏപ്രില്‍ ഏഴിനാണ് പൊന്മുടി - ചതുരംഗപ്പാറ യാത്ര. രാവിലെ 5.15-ന് പുറപ്പെടും. 840 രൂപയാണ് ടിക്കറ്റ് നിരക്ക്. അഞ്ചുരുളി - രാമക്കല്‍മേടിലേക്കും വരും ആഴ്ചകളില്‍ യാത്ര ക്രമീകരിക്കും.

വിവരങ്ങള്‍ക്ക്: പ്രശാന്ത് വേലിക്കകം (എറണാകുളം - കോട്ടയം ബജറ്റ് ടൂറിസം ജില്ലാ കോ - ഓര്‍ഡിനേറ്റര്‍) - 94472 23212

ബുക്കിങ്ങിനായി

എറണാകുളം-81291 34848

പിറവം-94462 06897

കൂത്താട്ടുകുളം-94974 15696

കോതമംഗലം-98469 26626

ആലുവ-97479 11182

വിഷുവിനുശേഷം ട്രിപ്പ് തുടങ്ങുന്ന ഡിപ്പോകള്‍

നോര്‍ത്ത് പറവൂര്‍ - 97459 62226

അങ്കമാലി - 98477 51598

പെരുമ്പാവൂര്‍ - 75589 91581

മൂവാറ്റുപുഴ - 94477 37983

ഉല്ലാസയാത്ര

Content Highlights: ksrtc budget tourism trips from ernakulam