തീർഥയാത്രകൾ മുതൽ ഗോവാ ട്രിപ് വരെ; അവധിക്കാലം ആഘോഷമാക്കി KSRTC-യുടെ ഉല്ലാസയാത്രകൾ

#Travel Desk
പ്രതീകാത്മകചിത്രം | ഫോട്ടോ: ശ്രീജിത്ത് പി രാജ് / മാതൃഭൂമി
പ്രതീകാത്മകചിത്രം | ഫോട്ടോ: ശ്രീജിത്ത് പി രാജ് / മാതൃഭൂമി

ആലപ്പുഴ: അവധിക്കാലം ഉല്ലാസയാത്രാക്കാലമാക്കി മാറ്റിയിരിക്കുകയാണ് കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ. മിതമായ നിരക്കിൽ ചെറുതും വലുതുമായ യാത്രകൾ ഇക്കുറിയും ഒരുക്കിയിട്ടുണ്ട്. ഏപ്രിൽ അവസാനവാരത്തിലും മേയിലുമായുള്ള യാത്രകൾക്ക് ഒരുക്കം പൂർത്തിയായി.

കെ.എസ്.ആർ.ടി.സി.ക്ക് മികച്ച വരുമാനം നേടിക്കൊടുക്കുന്നു ഉല്ലാസയാത്രകൾ. ഭക്തർക്കായി തീർഥാടനയാത്രകളും നടത്തുന്നുണ്ട്. ബജറ്റ് ടൂറിസത്തിനായി ജില്ലയ്ക്ക് പ്രത്യേകം ബസ് അനുവദിച്ചതും ഗുണമായി. 2021-ലാണ് ടിക്കറ്റിതര വരുമാനം ലക്ഷ്യമാക്കി കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം പദ്ധതി വിപുലമാക്കുന്നത്.

തണുപ്പു തേടി

തണുപ്പു തേടിയുള്ള യാത്രകൾക്കാണ് പ്രിയം കൂടുതൽ. മൂന്നാർ-വട്ടവട യാത്രയാണ് ഇതിൽ പ്രധാനം. കൂടാതെ അടവി, ഗവി, പരുന്തുംപാറ, വയനാട്, കാൽവരി മൗണ്ട്, സീ അഷ്ടമുടി, മറയൂർ, സൈലന്റ് വാലി, ഇല്ലിക്കൽക്കല്ല്, ഇലവീഴാപ്പൂഞ്ചിറ, മലക്കപ്പാറ, മാമലക്കണ്ടം, ചതുരംഗപ്പാറ, അഞ്ചുരുളി, പൊൻമുടി, രാമക്കൽമേട്, നെല്ലിയാമ്പതി, വാഗമൺ എന്നീ സ്ഥലങ്ങളിലേക്കും ബി.ടി.സി. യാത്ര നടത്തുന്നുണ്ട്. സിൽവർ സ്റ്റോം പാർക്കും കൊച്ചി നെഫർറ്റിറ്റി കപ്പൽയാത്രയും സഞ്ചാരികളുടെ ഇഷ്ട പാക്കേജുകളാണ്. എല്ലാ ട്രിപ്പുകൾക്കും ആവശ്യത്തിനു ബുക്കിങ്ങുണ്ട്.

ഭക്തർക്കൊപ്പം

ഗുരുവായൂർ, മൂകാംബിക, വേളാങ്കണി എന്നീ തീർഥാടനകേന്ദ്രങ്ങളിലേക്കും യാത്രകൾ ക്രമീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ വിവിധ ക്ഷേത്രങ്ങളിലേക്കും ചാർട്ടേഡ് ട്രിപ്പുകളുണ്ട്.

ആലപ്പുഴ ജില്ലയിൽനിന്നുള്ള ആദ്യ ഗോവ യാത്ര ഇന്ന്

ബജറ്റ് ടൂറിസം സെൽ പുതുതായി അവതരിപ്പിച്ച ഗോവ യാത്രയുടെ ബുക്കിങ് കുതിച്ചുയരുകയാണ്. ജില്ലയിൽനിന്നുള്ള ആദ്യ ഗോവ ട്രിപ്പ് വെള്ളിയാഴ്ച മാവേലിക്കര ഡിപ്പോയിൽനിന്നു പുറപ്പെടും. 38 പേരുമായി രാവിലെ അഞ്ചിനാണ് ആദ്യ ബസ് പുറപ്പെടുന്നത്.

അടുത്ത മാസം ജില്ലയിലെ അഞ്ചു ഡിപ്പോകളിൽനിന്ന് ഗോവ യാത്രയുണ്ട്. മൂന്നു രാത്രിയും രണ്ടു പകലും ചേർന്നതാണു യാത്ര. കാസർകോടുവരെ കെ.എസ്.ആർ.ടി.സി. ബസുകളിലും അവിടെനിന്ന് ഗോവ വരെ ആഡംബര എ.സി. ബസുകളിലും പോകും.

ഗോവയിലെ ബീച്ചുകളും രാത്രിജീവിതവും ഗോവൻഭക്ഷണവും ആസ്വദിക്കാം. താമസിക്കാൻ മികച്ച ഹോട്ടലുകളാണ് ഒരുക്കിയിരിക്കുന്നത്. ഫോൺ: 9188938525, 9846475874.

Content Highlights: KSRTC's Budget Tourism Cell offers affordable summer trips to destinations like Munnar, Gavi, and Wayanad. Pilgrimages to Mookambika and Velankanni are available, alongside a new Goa package starting from Alappuzha today.