ലക്ഷദ്വീപിന്റെ പവിഴഭംഗി ആസ്വദിക്കാം; കെ.എസ്.ആർ.ടി.സി ബജറ്റ് അഗത്തി- കൽപ്പിട്ടി യാത്ര

നീലക്കടലും പവിഴപ്പുറ്റുകളുമുള്ള ലക്ഷദ്വീപ് കാണാൻ ആഗ്രഹിക്കുന്നവർക്കായി കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ യാത്രാ പാക്കേജ് ഒരുക്കുന്നു. അഗത്തി, കൽപ്പിട്ടി ദ്വീപുകൾ സന്ദർശിക്കുന്ന മൂന്നു രാത്രിയും നാലു പകലുമടങ്ങുന്നതാണ് യാത്ര.

ലക്ഷ്വദ്വീപ്

ഹോംസ്‌റ്റേ, റിസോർട്ട് എന്നീ രണ്ടു ടൈപ്പ് പാക്കേജാണ് ഒരുക്കുന്നത്. ഹോംസ്‌റ്റേ പാക്കേജിന് 29,500 രൂപയും റിസോർട്ട് പാക്കേജിന് 39,900 രൂപയുമാണ്. സെപ്റ്റംബർ 23, ഒക്ടോബർ 14, 28, നവംബർ 4, 12, 27, ഡിസംബർ 1, 12 തീയതികളിലാണ് യാത്ര.

അഗത്തിയിലെ ലഗൂൺ ബീച്ച്, വെസ്റ്റേൺ ജെട്ടി, സൗത്ത് ബീച്ച്, ഈസ്റ്റേൺ ജെട്ടി, അന്ധൻ ബീച്ചിലെ അസ്തമയ കാഴ്ചകൾ എന്നിവ പ്രധാന ആകർഷണമാണ്.

സ്‌നോർക്കെലിംഗ്, കയാക്കിംഗ്, ഗ്ലാസ് ബോട്ട് റൈഡ്, ഡോൾഫിൻ വാച്ച്, ടർട്ടിൽ വാച്ച്, ഡീപ് സീ ബോട്ട് സഫാരി എന്നീ സാഹസിക വിനോദങ്ങളുമൂണ്ടായിരിക്കും. ഒപ്പം പ്രൈവറ്റ് ബോട്ടിൽ കൽപ്പിട്ടി ദ്വീപിലേക്ക് പകൽ യാത്രയുണ്ടായിരിക്കും.

ദ്വീപുവാസികളുടെ തനത് സംസ്‌കാരവും ലളിതമായ ജീവിതരീതിയും അടുത്തറിയാൻ ആഗ്രഹിക്കുന്ന ബജറ്റ് യാത്രക്കാർക്ക് ഹോംസ്‌റ്റേ സൗകര്യമെടുക്കാം. കടൽത്തീരത്തോട് ചേർന്ന് കൂടുതൽ സ്വകാര്യതയും ആഡംബര സൗകര്യങ്ങളും ബീച്ച് സൗകര്യവും ആഗ്രഹിക്കുന്നവർക്ക് റിസോർട്ട് പാക്കേജ് തരഞ്ഞെടുക്കാം.

ആദ്യദിനം: അഗത്തി എയർപോർട്ടിൽ സ്വീകരണം, ഉച്ചഭക്ഷണത്തിന് ശേഷം അഗത്തി ദ്വീപ് സന്ദർശനം, വൈകുന്നേരം അന്ധൻ ബീച്ചിലെ സൂര്യാസ്തമയം.

സ്‌കൂബാ ഡൈവിംഗ്

രണ്ടാം ദിനം: സ്‌നോർക്കെലിംഗ്, ഡോൾഫിൻ വാച്ച്, ഡീപ് സീ ബോട്ട് സഫാരി തുടങ്ങി വാട്ടർ സ്‌പോർട്‌സ് ആക്റ്റിവിറ്റികൾ.

മൂന്നാം ദിനം: രാവിലെ ഗ്ലാസ് ബോട്ട് റൈഡ്, ടർട്ടിൽ വാച്ച്, കയാക്കിംഗ്. ഉച്ചയ്ക്ക് ശേഷം കൽപ്പിട്ടി ദ്വീപിലേക്ക് ഡേ ട്രിപ്പ്.

നാലാം ദിനം: തനത് ലക്ഷദ്വീപ് പലഹാരങ്ങളും ഫിഷ് അച്ചാറുകളും വാങ്ങാൻ ഷോപ്പിംഗ് സമയം, എയർപോർട്ടിലേക്ക് മടക്കം.

യാത്രയ്ക്ക് 17 ദിവസം മുമ്പെങ്കിലും കൃത്യമായ വിവരങ്ങളും മുഴുവൻ തുകയും നൽകി സീറ്റ് ഉറപ്പാക്കണം. രണ്ടുവയസ്സിന് മുകളിലുള്ള കുട്ടികൾക്ക് മുഴുവൻ വിമാന ചാർജും ബാധകമാണ്.

Content Highlights: 3 nights and 4 days trip covering Agatti and Kalpitti islands, Homestay package at Rs. 29,500 and Resort package at Rs. 39,900, Includes water sports like snorkeling, kayaking, and glass boat ride, Multiple departure dates available from September to December