കെഎസ്ആർടിസി ബസിൽ ഗോവ ട്രിപ്പ്, യാത്രയ്ക്ക് സ്‌കാനിയ, സൂപ്പർ ഡീലക്‌സ് ബസുകൾ; ബുക്കിങ് തുടങ്ങി

#Travel Desk
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

ആലപ്പുഴ: കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ പുതുതായി അവതരിപ്പിച്ച ഗോവ യാത്രയുടെ ബുക്കിങ് ആരംഭിച്ചു. ഏപ്രിൽ ആദ്യവാരം മുതൽ യാത്ര ആരംഭിക്കും. ഇതിന്റെ നിരക്കുകളും തീരുമാനമായി. ഒരുവയസ്സ് മുതൽ 80 വയസ്സ് വരെയുള്ള എല്ലാവർക്കും 10 ലക്ഷം രൂപയുടെ ട്രാവൽ ഇൻഷുറൻസ് കവറേജും യാത്രയിൽ ലഭ്യമാണ്.

മൂന്നുരാത്രിയും രണ്ടുപകലും നിറഞ്ഞ യാത്രയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഗോവയുടെ ചരിത്രത്തോടൊപ്പം ബീച്ച് സൗന്ദര്യവും കാണാക്കാഴ്ചകളും യാത്രക്കാരെ വരവേൽക്കും. കാസർകോട് വരെ കെ.എസ്.ആർ.ടി.സി. ബസുകളിലും അവിടെനിന്ന് ഗോവ വരെ ആഡംബര എ.സി. ബസുകളിലുമാണ് യാത്ര ക്രമീകരിച്ചരിക്കുന്നത്. എല്ലാ ജില്ലകളിൽനിന്നും യാത്ര ക്രമീകരിക്കുന്നുണ്ട്.

ഗോവയിലെ വ്യത്യസ്ത ബീച്ചുകളും രാത്രിജീവിതവും ഗോവൻ ഭക്ഷണവും സഞ്ചാരികളെ പരിചയപ്പെടുത്തും. സഞ്ചാരികൾക്ക് താമസിക്കാൻ മികച്ച ഹോട്ടലുകളാണ് തയ്യാറാക്കുന്നത്. ഊട്ടി, കൊടൈക്കനാൽ, രാമേശ്വരം, വേളാങ്കണി, മേഘമല, പളനി, കന്യാകുമാരി എന്നിവിടങ്ങളിലേക്കും യാത്ര ആസൂത്രണം ചെയ്യുന്നുണ്ട്.

ഇതിനായി 10 പുതിയ എ.സി. ബസുകൾ ലഭ്യമാകുമെന്നാണ് ഗതാഗതവകുപ്പ് മന്ത്രി തിരുവനന്തപുരത്ത് കഴിഞ്ഞദിവസം അറിയിച്ചത്. ഓരോ ഡിപ്പോയിൽനിന്നും ഗോവവരെ പോയി തിരിച്ചുവരുന്നതിനുള്ള യാത്രാനിരക്ക്, താമസം, വിവിധസ്ഥല സന്ദർശനങ്ങൾ എന്നിവയാണ് പാക്കേജിൽ ഉൾപ്പെടുന്നത്.

കേരളത്തിനകത്തെ യാത്രയുടെ ഭക്ഷണച്ചെലവ് യാത്രക്കാർ കണ്ടെത്തണം. കാസർകോടുനിന്നു ഗോവവരെയും അവിടെനിന്ന് തിരിച്ച് കാസർകോടുവരെയുമുള്ള ഭക്ഷണം പാക്കേജിന്റെ ഭാഗമായി ലഭിക്കും. ഫോൺ: 9188938525, 9846475874.

Content Highlights: Comprehensive Goa tour package including luxury AC bus travel and hotel accommodation., Includes ₹10 lakh travel insurance for all passengers aged 1-80., 3 nights and 2 days itinerary covering Goa beaches and nightlife., Food included from Kasaragod to Goa and back., Booking now open via KSRTC Budget Tourism Cell.