വാട്ടർ മെട്രോയെ കുറിച്ച് വിദേശ രാജ്യങ്ങൾപോലും അന്വേഷിക്കുന്നു, ഇനി ഹൈഡ്രജൻ ബോട്ടിലേക്ക് മാറണം

കൊച്ചി: ആഗോള സസ്റ്റെയിനബിൾ ട്രാൻസ്പോർട്ട് അവാർഡിൽ മൂന്നാംസ്ഥാനത്തെത്തി കൊച്ചി വാട്ടർ മെട്രോ. ആഗോളതലത്തിൽ മുന്നേറണമെങ്കിൽ ഹൈഡ്രജൻ ബോട്ടുകളിലേക്ക് വാട്ടർമെട്രോ മാറേണ്ടതുണ്ടെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹ്റ പറഞ്ഞു. വാട്ടർ മെട്രോയുടെ ഭാഗമായി ഹൈഡ്രജൻ ബോട്ടുകൾ അവതരിപ്പിക്കുന്നതിന് കെഎംആർഎല്ലിന് പദ്ധതിയുണ്ട്. ഫണ്ട് ലഭ്യമാകുന്നതിനനുസരിച്ച് കൊച്ചി കപ്പൽശാലയിൽ ഹൈഡ്രജൻ ബോട്ടുകളുടെ നിർമാണം നടത്തുന്നതിനാണ് കെഎംആർഎൽ ലക്ഷ്യമിടുന്നത്.
ലോകത്തെ പ്രമുഖ രാജ്യങ്ങളോട് മത്സരിച്ചാണ് ആഗോള സസ്റ്റെയിനബിൾ ട്രാൻസ്പോർട്ട് അവാർഡിൽ മൂന്നാം സ്ഥാനത്ത് വാട്ടർ മെട്രോ എത്തിയത്. ഒന്നാംസ്ഥാനം ബ്രസീലിലെ സാൽവദോർ നഗരത്തിനാണ്. ലോകത്തിലെ മുൻനിര സുസ്ഥിര ഗതാഗത സ്ഥാപനമായ, ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രാൻസ്പോർട്ടേഷൻ ആൻഡ് ഡിവലപ്മെന്റ് പോളിസി (ഐറ്റിഡിപി) നിയോഗിച്ച ജൂറി കൊച്ചി വാട്ടർ മെട്രോയെ പ്രത്യേക പരാമർശം നൽകി ആദരിച്ചു. ജലപാതകളെ ദൈനംദിന പൊതുഗതാഗതമാക്കുന്ന അപൂർവമായ ആഗോള മാതൃകയെന്ന നിലയിലാണ് കൊച്ചി വാട്ടർ മെട്രോ അവാർഡ് ജൂറിക്ക് മുന്നിൽ അവതരിപ്പിക്കപ്പെട്ടത്. നഗരത്തോടു ചേർന്നുകിടക്കുന്ന പത്ത് ദ്വീപുകളിൽ യാത്രയെ മാറ്റിമറിച്ച പദ്ധതിയെന്നതും കൊച്ചി വാട്ടർ മെട്രോയെ പരിഗണിക്കുന്നതിന് കാരണമായി. ഇതേവരെ വാട്ടർമെട്രോയിൽ 60 ലക്ഷത്തോളം പേരാണ് യാത്ര ചെയ്തത്. 20 ഇലക്ട്രിക്-ഹൈബ്രിഡ് ബോട്ടുകളാണ് വാട്ടർ മെട്രോയുടെ ഭാഗമായുള്ളത്.
ജലഗതാഗത രംഗത്ത് ആഗോള നേതൃസ്ഥാനത്തേക്ക് കൊച്ചി ഉയരണമെങ്കിൽ ഹൈഡ്രജൻ ഇന്ധനത്തിലുള്ള ബോട്ടുകളിലേക്ക് മാറേണ്ടതുണ്ടെന്നും ഈ പുരസ്കാരം വളർച്ചയുടെ അടുത്തഘട്ടത്തിലേക്ക് കുതിക്കാനുള്ള പ്രേരണയാണെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു. ഇന്ത്യയിൽ ഇതിനകം തന്നെ ഹൈഡ്രജൻ ബോട്ടുകൾ യാഥാർഥ്യമായിട്ടുണ്ടെന്നതും അദ്ദേഹം ചൂണ്ടിക്കാണിച്ചു. വിദേശരാജ്യങ്ങളിൽ നിന്നുൾപ്പെടെ വാട്ടർ മെട്രോയ്ക്ക് അന്വേഷണം ലഭിക്കുന്നുണ്ട്. കഴിഞ്ഞദിവസം ഫിജിയിൽ നിന്നുൾപ്പെടെ വാട്ടർ മെട്രോയെക്കുറിച്ച് വിശദാംശങ്ങൾ തേടിയിരുന്നതായും അദ്ദേഹം പറഞ്ഞു.
Content Highlights: Kochi Water Metro secures 3rd place in Global Sustainable Transport Awards. Plans to adopt hydrogen boats for future growth and global leadership. Learn more!