കൊച്ചി മാതൃകയായി; വാട്ടർമെട്രോ രാജ്യമാകെ 18 ഇടങ്ങളിലേക്ക് വ്യാപിപ്പിക്കും, നടപടികൾ തുടങ്ങി

വാട്ടർ മെട്രോ | Photo: ANI
വാട്ടർ മെട്രോ | Photo: ANI

കൊച്ചി: കേരളത്തിന്റെ സ്വന്തം വാട്ടർമെട്രോ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കും. കൊച്ചിയിലെ വാട്ടർമെട്രോയുടെ മാതൃക പിന്തുടർന്ന് രാജ്യത്ത് 18 ഇടങ്ങളിൽ പദ്ധതി നടപ്പാക്കാനാണ് നീക്കം. കേന്ദ്രസർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെ.എം.ആർ.എൽ.) നേതൃത്വത്തിൽ ഇതിന്റെ പ്രാരംഭ നടപടികൾ തുടങ്ങി.

ഇതിന്റെ സാധ്യതാപഠനം നടത്താൻ കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലഗതാഗത വകുപ്പ് നവംബറിൽ കൊച്ചി മെട്രോയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനായി കെ.എം.ആർ.എൽ. ഒരു കൺസൾട്ടൻസി വിങ് രൂപവത്കരിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ പുറത്തുനിന്നുള്ള വിദഗ്ധരുടെ സേവനവും തേടും. വിവിധ സ്ഥലങ്ങളിൽ വാട്ടർമെട്രോയുടെ സാധ്യതാപരിശോധന തുടങ്ങിയിട്ടുണ്ട്. സാധ്യതാപഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഏതൊക്കെ സ്ഥലങ്ങളിലാണ് വാട്ടർ മെട്രോ ആരംഭിക്കേണ്ടതെന്ന് തീരുമാനിക്കുക. തുടർന്ന് ആ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് വിശദ പദ്ധതി രേഖ തയ്യാറാക്കും.

പരിഗണനയിൽ ഈ സ്ഥലങ്ങൾ

തടാകം, പുഴ, ജലാശയങ്ങൾ, കായലുകൾ, സമുദ്രം തുടങ്ങി വിവിധയിടങ്ങളിൽ വാട്ടർ മെട്രോ ആരംഭിക്കുന്നതിന്റെ സാധ്യത പരിശോധിക്കുന്നുണ്ട്.

ഗുവാഹാട്ടിയിൽ ബ്രഹ്മപുത്ര നദി, ജമ്മു- കശ്മീരിൽ ദാൽ തടാകം എന്നിവയെല്ലാം വാട്ടർമെട്രോയ്ക്കായി പരിഗണിക്കുന്നുണ്ട്. അന്തമാനിലും ലക്ഷദ്വീപിലും ദ്വീപുകളെ തമ്മിൽ ബന്ധിപ്പിച്ച് വാട്ടർമെട്രോ സർവീസ് തുടങ്ങുന്നതിന്റെ സാധ്യത പഠിക്കും.

അഹമ്മദാബാദ് (സാബർമതി), സൂറത്ത്, മംഗളൂരു, അയോധ്യ, ധുബ്രി, ഗോവ, കൊല്ലം, കൊൽക്കത്ത, പട്‌ന, പ്രയാഗ്‍രാജ്, ശ്രീനഗർ, വാരാണസി, മുംബൈ, വസായ് എന്നിവയും പരിഗണിക്കുന്ന സ്ഥലങ്ങളിൽ ഉൾപ്പെടുന്നു.

Content Highlights: Kochi model, Watermetro will be extended to 18 locations across the country