CIALൽ ദേഹപരിശോധനയും ബാഗേജ് നീക്കവും അതിവേഗത്തിലാകും; സമ്പൂർണ ഡിജിറ്റൽവത്കരണം, സംവിധാനങ്ങൾ അറിയാം

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന്
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന്

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സമ്പൂർണ ഡിജിറ്റൽവത്കരണമെന്ന ലക്ഷ്യം യാഥാർഥ്യത്തിലേക്ക്‌. ‘സിയാൽ 2.0’ എന്ന ബൃഹത്‌ പദ്ധതിയിലൂടെയാണ് നിർമിതബുദ്ധി (എഐ), ഓട്ടോമേഷൻ, പഴുതടച്ച സൈബർ സുരക്ഷ എന്നിവയിലൂടെ വിമാനത്താവള പ്രവർത്തനങ്ങൾ പൂർണമായും ഡിജിറ്റൈസ് ചെയ്യുന്നത്. ഇതുവഴി യാത്രക്കാർക്ക് അതിവേഗം സുരക്ഷാപ്രക്രിയ പൂർത്തിയാക്കാനാകും. 200 കോടി രൂപ മുതൽമുടക്കിൽ നടപ്പാക്കുന്ന പദ്ധതി 19-ന് വൈകീട്ട് അഞ്ചിന് സിയാൽ കൺവെൻഷൻ സെന്ററിൽ മുഖ്യമന്ത്രിയും സിയാൽ ചെയർമാനുമായ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളിൽ സുരക്ഷയും കാര്യക്ഷമതയും വർധിപ്പിക്കുക, യാത്രക്കാരിലേക്ക്‌ കൂടുതൽ കൃത്യതയോടെ സേവനങ്ങൾ ലഭ്യമാക്കുക എന്നിവയാണ് ‘സിയാൽ 2.0’ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സിയാലിന്റെ വളർച്ചയുടെ പുതിയൊരു ഘട്ടത്തിന് തുടക്കം കുറിക്കുന്നതാണ് ഈ പദ്ധതിയെന്ന് മാനേജിങ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു.

പുതിയ സംവിധാനങ്ങൾ
1. വിമാനത്താവളവുമായി ബന്ധപ്പെട്ട എല്ലാ ഓൺലൈൻ സംവിധാനങ്ങളുടെ സെർവറുകളും സൈബർ സുരക്ഷാ സാങ്കേതികവിദ്യയും തദ്ദേശീയമായി തന്നെ കൈകാര്യം ചെയ്യാനാകുന്നതാണ് സൈബർ ഡിഫൻസ് ഓപ്പറേഷൻസ് സെന്റർ (സി-ഡോക്). സൈബർ ഭീഷണികളെ നിരന്തരം നിരീക്ഷിക്കുകയും കണ്ടെത്തുകയും നിർവീര്യമാക്കുകയും ചെയ്യാൻ ശേഷിയുള്ളതാണ് ഈ സംവിധാനം.

2. യാത്രക്കാരുടെ സുരക്ഷാ പരിശോധന വേഗത്തിലും സുരക്ഷാ ഭടൻമാരുടെ ഇടപെടൽ ഇല്ലാതെയും പൂർത്തിയാക്കാൻ ഫുൾ ബോഡി സ്‌കാനറുകൾ സ്ഥാപിച്ചുവരുന്നു. സുരക്ഷാ പരിശോധന സമയത്ത് കാബിൻ ബാഗേജുകളുടെ നീക്കം വേഗത്തിലാക്കുന്ന ഓട്ടോമേറ്റഡ് ട്രേ റിട്രീവൽ സിസ്റ്റവുമുണ്ട്.

3. വിമാനത്താവളത്തിന്റെ ഓപ്പറേഷണൽ മേഖലയിലെയും പരിസര പ്രദേശങ്ങളിലെയും സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി നിർമിത ബുദ്ധി (എഐ) അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന 4,000 ക്യാമറകൾ സ്ഥാപിച്ചുവരുന്നു.

4. സ്ഫോടകവസ്തുക്കൾ നിർവീര്യമാക്കുന്നതിനുള്ള ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്‌പോസൽ സിസ്റ്റം ആധുനികീകരിക്കുന്നു. ലിക്വിഡ് എക്സ്‌പ്ലോസീവ് ഡിറ്റക്ടർ, ത്രെറ്റ് കണ്ടെയ്ൻമെന്റ് വെസൽ എന്നീ സംവിധാനങ്ങളുമുണ്ട്.

5. എയർപോർട്ട് ഓപ്പറേഷണൽ ഡേറ്റാബേസ്, ഫ്ളൈറ്റ് ഇൻഫർമേഷൻ ഡിസ്‌പ്ലേ സിസ്റ്റം, ഫ്ളൈറ്റ് അനൗൺസ്‌മെന്റ് സിസ്റ്റം, കോമൺ യൂസ് പാസഞ്ചർ പ്രോസസിങ് സിസ്റ്റം, ഡേറ്റ സെന്റർ, നെറ്റ്‌വർക്ക് ഇൻഫ്രാസ്ട്രക്ചർ എന്നിവ ആധുനികീകരിക്കുന്നു. എഐ അധിഷ്ഠിത ഡിജിറ്റൽ പ്ലാറ്റ്‌ഫോം, ബാഗേജ് ട്രാക്കിങ്, ഫേഷ്യൽ ചെക്, പ്രീ പെയ്ഡ് ടാക്‌സി ബുക്കിങ് കിയോസ്ക്, ലോസ്റ്റ് ഐറ്റം ട്രാക്കർ, ഡിജി യാത്ര സംവിധാനം എന്നിവയും ആധുനികവത്കരിക്കുന്നു.

എയ്‌റോ ഡിജിറ്റൽ ഉച്ചകോടി

: സിയാൽ 2.0-യുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടത്തുന്ന എയ്‌റോ ഡിജിറ്റൽ സമിറ്റ് 2.30 മുതൽ 8.30 വരെ സിയാൽ കൺവെൻഷൻ സെന്ററിൽ നടക്കും. പുതിയ ഐടി ഇൻഫ്രാസ്ട്രക്ചറുകളുടെ പ്രദർശനം, റോബോട്ടിക്സ് പ്രദർശനം, വെർച്വൽ റിയാലിറ്റി ഗെയിമിങ് എക്സ്പീരിയൻസ്, ഹാർട്ട് സ്റ്റെപ്പർ ആക്ടിവിറ്റി, ഓട്ടോമേറ്റഡ് ഇൻഡസ്ട്രിയൽ അസംബ്ലി ലൈൻ എന്നിവ ഉച്ചകോടിയുടെ ഭാഗമായുണ്ടാകും. ‘ഫ്യൂച്ചർ ഓഫ് ടെക്‌നോളജി ആൻഡ് ഇനവേഷൻ ഇൻ എയർപോർട്‌സ്’ എന്ന വിഷയത്തിൽ പാനൽ ചർച്ചയുമുണ്ടാകും.

Content Highlights: Kochi International Airport Embraces Digital Transformation with "CIAL 2.0" Initiative