സർക്കാർ അംഗീകാരം ഇല്ലാത്ത 'ഹോംസ്റ്റേ'കൾക്ക് പൂട്ടുവീഴും, കടുത്ത നടപടിക്കൊരുങ്ങി ടൂറിസം വകുപ്പ്

#വി.പി. ശ്രീലൻ
പ്രതീകാത്മകചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മകചിത്രം | ഫോട്ടോ: മാതൃഭൂമി

തോപ്പുംപടി (എറണാകുളം) : സർക്കാരിന്റെ അംഗീകാരമില്ലാതെ 'ഹോംസ്റ്റേ' എന്ന പേര് ഉപയോഗിച്ച് ബിസിനസ് നടത്തുന്നതിനെ തടയാൻ ടൂറിസം വകുപ്പ് രംഗത്ത്. വകുപ്പിന്റെ ക്ലാസിഫിക്കേഷൻ സർട്ടിഫിക്കറ്റ് എടുക്കാത്ത സ്ഥാപനങ്ങളെ 'ഹോംസ്റ്റേ' എന്ന പേരിൽ പ്രവർത്തിക്കാൻ അനുവദിക്കില്ല. കുടുംബങ്ങൾ താമസിക്കാത്ത വീടുകൾ 'ഹോംസ്റ്റേ' എന്ന പേരിൽ മാർക്കറ്റ് ചെയ്യുന്നതും സുരക്ഷാ പ്രശ്നങ്ങളും കണക്കിലെടുത്താണിത്.

ടൂറിസം സെക്രട്ടറി കെ. ബിജു, ഡയറക്ടർ ശിഖാ സുരേന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കേരളാ ഹോംസ്റ്റേ ആൻഡ് ടൂറിസം സൊസൈറ്റി ഡയറക്ടർ എം.പി. ശിവദത്തൻ, അഡ്‌വൈസർ ഡോ. മുരളീമേനോൻ എന്നിവരും പങ്കെടുത്തു.

സർക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഹോംസ്റ്റേകൾക്ക് ബ്രാൻഡ് സിംബലും, ക്യൂ ആർ കോഡും നൽകും. അംഗീകൃത ഹോംസ്റ്റേകളെ ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ കഴിയും വിധത്തിൽ മുദ്രയുള്ള ബോർഡുകൾ മുന്നിൽ സ്ഥാപിക്കും.

അവയുടെ വിവരങ്ങൾ പോലീസ് സ്റ്റേഷനുകൾക്കും, തദ്ദേശ സ്ഥാപനങ്ങൾക്കും കൈമാറും. അംഗീകാരമില്ലാത്തവ ഓൺലൈൻ പോർട്ടലുകളിൽ രജിസ്റ്റർ ചെയ്യുന്നത് ടൂറിസം വകുപ്പ് തടയും. ഫ്ളാറ്റുകൾ സർവീസ് വില്ലകളായി പ്രവർത്തിക്കാൻ അനുമതി നൽകാനും തീരുമാനിച്ചു. ഇതിന് റെസിഡൻസ് അസോസിയേഷന്റെ അനുമതി ആവശ്യമാണ്.

ഓൺലൈൻ പോർട്ടലുകൾ വഴി, സംസ്ഥാനത്ത് 5000 ത്തിൽപ്പരം ഹോംസ്റ്റേകളിലേക്ക് ബുക്കിങ് നടക്കുന്നുണ്ട്. എന്നാൽ സർക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്നവ 1200-ൽ താഴെയാണ്.

ഹോംസ്റ്റേകൾക്ക് അംഗീകാരം ലഭിക്കാൻ

ഹോംസ്റ്റേകൾക്ക് ക്ലാസിഫിക്കേഷൻ ലഭിക്കുന്നതിന് ടൂറിസം വകുപ്പിന് ഓൺലൈനായി അപേക്ഷ നൽകിയാൽ മതി.

വേണ്ട രേഖകൾ:

  1. വീടിന്റെ ഉടമസ്ഥതാ സർട്ടിഫിക്കറ്റ്
  2. ലൊക്കേഷൻ, കൈവശ സർട്ടിഫിക്കറ്റ്
  3. റോഡിൽനിന്ന് വീട്ടിലേക്കുളള ലൊക്കേഷൻ പ്ലാൻ
  4. കെട്ടിടത്തിന്റെ പ്ലാൻ
  5. കെട്ടിടത്തിന്റെ ഫോട്ടോകൾ
  6. പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്
  7. ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷൻ (ലൈസൻസ് ആവശ്യമില്ല)
  8. നിരക്ക് സംബന്ധിച്ച വിവരങ്ങൾ.

3,750 രൂപ ഫീസും നൽകണം. സൗകര്യങ്ങൾ പരിശോധിച്ചുറപ്പിച്ചശേഷം സിൽവർ, ഡയമണ്ട്, ഗോൾഡ് എന്നിങ്ങനെ ക്ലാസിഫിക്കേഷനും നൽകും.

Content Highlights: Kerala Tourism is taking action against unregistered homestays operating without government approval