വെറുതെ അടച്ചിടേണ്ട; ആളൊഴിഞ്ഞ വീടുകൾ സർവീസ് വില്ലകളാക്കി വരുമാനം നേടാം

#Travel Desk
പ്രതീകാത്മക ചിത്രം | Photo: AI Generated
പ്രതീകാത്മക ചിത്രം | Photo: AI Generated

തോപ്പുംപടി: സംസ്ഥാനത്ത് ടൂറിസം മേഖലയിലുണ്ടായ മുന്നേറ്റം ശരിയായ രീതിയിൽ പ്രയോജനപ്പെടുത്തുന്നതിന് പുതിയ പദ്ധതികളുമായി കേരള ഹോംസ്റ്റേ ആൻഡ് ടൂറിസം സൊസൈറ്റി രംഗത്ത്. പുതിയ പദ്ധതികൾ ചർച്ച ചെയ്യുന്നതിന് കൊച്ചിയിൽ വ്യാഴാഴ്ച 'ഹോംസ്റ്റേ കോൺക്ലേവ്' എന്നപേരിൽ സമ്മേളനം സംഘടിപ്പിച്ചിട്ടുണ്ട്.

സഞ്ചാരികൾ വർധിച്ചതോടെ കേരളത്തിൽ കൂടുതൽ താമസസൗകര്യം ആവശ്യമായിവന്നിരിക്കുകയാണ്. കുടുംബ പശ്ചാത്തലമുള്ള കൂടുതൽ താമസസൗകര്യങ്ങൾ ഒരുക്കുക വഴി ഒരുപാട് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.

മാത്രമല്ല, ആൾത്താമസമില്ലാതെ ഒഴിഞ്ഞുകിടക്കുന്ന വീടുകളൊക്കെ സഞ്ചാരികൾക്കുവേണ്ടി ഉപയോഗപ്പെടുത്താനും കഴിയും. അത് കെട്ടിടങ്ങളുടെ ഉടമസ്ഥർക്ക് ഒരു വരുമാനമാർഗമായും മാറും. ആൾത്താമസമില്ലാത്ത വീടുകളെ സർക്കാർ അംഗീകാരത്തോടെ സർവീസ് വില്ലകളാക്കി മാറ്റാനാകും.

ഇത്തരം വീടുകൾക്ക് സർവീസ് വില്ല എന്നപേരിൽ ലൈസൻസ് ലഭിക്കാൻ ബുദ്ധിമുട്ടില്ല. ടൂറിസം വകുപ്പിന്റെ മുദ്രയും ലഭിക്കും.

ഒഴിഞ്ഞുകിടക്കുന്ന വീടുകളെ സർവീസ് വില്ലകളാക്കി മാറ്റുന്നതിന് ടൂറിസം സൊസൈറ്റി എല്ലാ സഹായവും ചെയ്തു കൊടുക്കുമെന്ന് ചെയർമാൻ എം.പി. ശിവദത്തൻ പറയുന്നു. നിലവിൽ കേരളത്തിൽ 1162 അംഗീകൃത ഹോംസ്റ്റേകൾ മാത്രമാണുള്ളത്. ഇത് സംസ്ഥാനത്ത് ആവശ്യമായതിന്റെ നാലിലൊന്നുപോലുമില്ല.

മിക്ക വീടുകളുടെയും ഉടമസ്ഥാവകാശം പ്രായമായവർക്കായിരിക്കും. അവർക്ക് ഹോംസ്റ്റേ തുടങ്ങാൻ ബുദ്ധിമുട്ടുണ്ടാകാം. എന്നാൽ അവരുടെ സമ്മതത്തോടെ മക്കൾക്കോ അടുത്ത ബന്ധുക്കൾക്കോ ഹോംസ്റ്റേ തുടങ്ങാൻ കഴിയുംവിധം നിയമത്തിൽ മാറ്റമുണ്ടാകണമെന്ന് ശിവദത്തൻ പറഞ്ഞു. സർക്കാർ പ്രതിനിധികളുടെ സാന്നിധ്യത്തിൽ ഇത്തരം കാര്യങ്ങൾ ഈ കോൺക്ലേവിൽ ചർച്ചചെയ്യും. വ്യാഴാഴ്ച എറണാകുളം അബാദ് പ്ലാസ ഹോട്ടലിലാണ് കോൺക്ലേവ്.

Content Highlights: Explore Kerala`s tourism growth! New home stays planned to boost jobs and utilize vacant homes as service villas. Learn more at the Kochi HomeStay Conclave.