ഏഴാമത്തെ വന്‍കൊടുമുടിയും കീഴടക്കി മലയാളി പര്‍വതാരോഹകന്‍; ഇത്തവണ കയറിയത് ചിലിയിലെ അഗ്നിപര്‍വതം

ഓഗോസ് ദെല്‍ സലാദോ അഗ്‌നിപര്‍വതത്തിനു മുകളില്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ | Photo: PTI
ഓഗോസ് ദെല്‍ സലാദോ അഗ്‌നിപര്‍വതത്തിനു മുകളില്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ | Photo: PTI

ചിലിയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ഓഗോസ് ദെല്‍ സലാദോ കീഴടക്കി മലയാളി പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ ഖാന്‍. ഹസന്‍ കീഴടക്കുന്ന ഏഴാമത്തെ വന്‍ കൊടുമുടിയാണിത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അഗ്‌നിപര്‍വതം കൂടിയാണ് 22,600 അടി ഉയരമുള്ള ഓഗോസ് ദെല്‍ സലാദോ.

കാലാവസ്ഥ മാറ്റത്തെ കുറിച്ച് ലോകത്തെ ബോധ്യപ്പെടുത്തുകയാണ് ഈ ഉദ്യമത്തിന്റെ ലക്ഷ്യമെന്ന് ഹസന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആസാദി കാ അമൃത് മഹോത്സവത്തിന്റെയും ഇന്ത്യ-റഷ്യ ഫ്രണ്ട്ഷിപ്പ് എക്‌സ്‌പെഡീഷന്റെയും ഭാഗമായിട്ടായിരുന്നു ഷെയ്ഖിന്റെ പർവതാരോഹണം.

അഗ്‌നിപര്‍വതത്തിനു മുകളില്‍ ഇന്ത്യന്‍ ദേശീയ പതാകയുമായി നില്‍ക്കുന്ന ഷെയ്ഖ് ഹസന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ ഹിറ്റാണ്. ശരീരത്തില്‍ Climate change is real (കാലാവസ്ഥാ വ്യതിയാനം യാഥാര്‍ഥ്യമാണ്) എന്ന് നീലനിറത്തില്‍ എഴുതിയ ചിത്രം വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടിട്ടുണ്ട്. 

ശനിയാഴ്ചയാണ് ചിലിയിലെ പർവതനിരകൾ ഷെയ്ഖിന്റെ കാൽക്കീഴിലായത്. അതിനുമുമ്പേ സെപ്‌റ്റംബറിൽ ജോർജിയയുടെ അതിർത്തിക്കുസമീപം തെക്കൻ റഷ്യയിൽ കോക്കസസ് പർവതനിരകളുടെ ഭാഗമായ എൽബ്രസ് കൊടുമുടിയിൽ 18,510 അടി ഉയരത്തിലേക്ക് ഷെയ്ഖ് നടന്നുകയറിയിരുന്നു. ഡിസംബറിൽ അന്റാര്‍ട്ടിക്കയിലെ മൗണ്ട് വിന്‍സണിനു മുകളിലും എത്തി. നേരത്തെ ഏഷ്യന്‍ ഭൂഖണ്ഡത്തിലെ
എവറസ്റ്റ്‌, ആഫ്രിക്കയിലെ കിളിമഞ്ചാരോ, സൗത്ത് അമേരിക്കയിലെ അക്കന്‍ഗാഗുവ, നോര്‍ത്ത് അമേരിക്കയിലെ മൗണ്ട് ദെനാലി ഉള്‍പ്പടെയുള്ള കൊടുമുടികളും കീഴടക്കിയിരുന്നു.

ഏഴു ഭൂഖണ്ഡങ്ങളിലേയും പര്‍വതങ്ങള്‍ കീഴടക്കുകയാണ് ഹസന്റെ സ്വപ്‌നം. ഏഷ്യ-ഒഷ്യാനിയ റീജിയണിലെ പുഞ്ചാക് ജയ കൂടി കീഴടക്കിയാല്‍ ആ സ്വപനത്തില്‍ ഹസന് എത്തിച്ചേരാനാകും. ഓസ്‌ട്രേലിയയിലെ കോസിയോസ്‌കോ പര്‍വതം കയറാനും ഹസന് പദ്ധതിയുണ്ട്. ഇതെല്ലാം ഫെബ്രുവരിക്കുള്ളില്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. 

സെക്രട്ടേറിയറ്റിലെ ധനകാര്യവകുപ്പിൽ അസിസ്റ്റന്റ് സെക്‌ഷൻ ഓഫീസറാണ് 35-കാരനായ ഷെയ്ഖ്. പന്തളം പൂഴിക്കാട് കൂട്ടംവെട്ടിയിൽ വീട്ടിൽ അലി അഹമ്മദിന്റെയും ഷാഹിദയും മകനാണ്. ഖദീജാ റാണിയാണ് ഭാര്യ. മകൾ: ജഹനാര മറിയം.

Content Highlights: Kerala govt employee Shaikh Hassan Khan scales world's highest volcano