40 ക്വിന്റല്‍ പൂക്കളാല്‍ അലങ്കൃതമായി കേദാര്‍നാഥ് ക്ഷേത്രം; ആറ് മാസത്തിന് ശേഷം തുറന്നു

ഉത്തരാഖണ്ഡിലെ പ്രസിദ്ധ തീര്‍ഥാടനകേന്ദ്രമായ കേദാര്‍നാഥ്ക്ഷേത്രം ഭക്തര്‍ക്കായി തുറന്നു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ഉള്‍പ്പടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍. രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ള ആയിരക്കണക്കിന് ഭക്തരും ക്ഷേത്ര സന്നിധിയിലെത്തിയിരുന്നു. ക്ഷേത്രത്തിലേക്കുള്ള പ്രധാന പാതകളായ സോന്‍പ്രയാഗ്, ഗൗരികുണ്ഡ് എന്നിവിടങ്ങളില്‍ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കേദാര്‍നാഥ് ധാം തുറന്നത്.
ചാര്‍ ധാം യാത്രയുടെ മുന്നോടിയായി 40 ക്വിന്റല്‍ പുഷ്പം കൊണ്ടാണ് ക്ഷേത്രത്തെ അലങ്കരിച്ചത്. ആകാശത്ത് നിന്ന് ക്ഷേത്ര പരിസരത്തേക്ക് പുഷ്പവര്‍ഷവുമുണ്ടായി. ചാര്‍ധാമിലെ മറ്റൊരു ക്ഷേത്രമായ യമുനോത്രിയും കഴിഞ്ഞ ദിവസം തുറന്നിരുന്നു. ഗംഗോത്രി ക്ഷേത്രം മെയ് പത്തിന് ഉച്ചയോടെയും ബദ്രിനാഥ് ക്ഷേത്രം മെയ് 12 ന് രാവിലെയും തുറക്കും. യമുനോത്രിയില്‍ നിന്ന് ആരംഭിച്ച് ഗംഗോത്രിയിലേക്കും അവിടെ നിന്ന് കേദാര്‍നാഥിലേക്കും ഒടുവില്‍ ബദരീനാഥില്‍ അവസാനിക്കുന്നതാണ് ചാര്‍ ധാം യാത്ര.
ക്ഷേത്രത്തിലേക്ക് ഭക്തരെ ക്ഷണിച്ചുകൊണ്ട് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടിരുന്നു. തണുപ്പുകാലത്ത് അടക്കുന്ന ക്ഷേത്രങ്ങളിലേക്ക് ഏപ്രില്‍-മെയ് മാസങ്ങള്‍ മുതല്‍ ഒക്ടോബര്‍ നവംബര്‍ മാസങ്ങള്‍ക്കിടയിലാണ് ഭക്തര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 15-നാണ് അടച്ചിട്ടത്. സമുദ്രനിരപ്പില്‍ നിന്ന് 3583 മീറ്റര്‍ ഉയരത്തില്‍ മന്ദാകിനി നദിയുടെ തീരത്തായാണ് കേദാര്‍നാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഓരോ വര്‍ഷവും ലക്ഷക്കണക്കിന് ആളുകളാണ് ഈ നാലു ക്ഷേത്രങ്ങളിലേക്ക് ദര്‍ശനത്തിനായി എത്തുന്നത്.
ഈ വര്‍ഷത്തെ ചാര്‍ ധാം യാത്രക്കായുള്ള ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ഏപ്രില്‍ 15-നാണ് ആരംഭിച്ചത്. ഉത്തരാഖണ്ഡ് ടൂറിസം വകുപ്പിന്റെ registrationandtouristcare.uk.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് രജിസ്‌ട്രേഷന്‍ നടത്തേണ്ടത്. നിലവില്‍ പതിനഞ്ച് ലക്ഷത്തിലധികം തീര്‍ഥാടകരാണ് രജിസ്‌ട്രേഷന്‍ ചെയ്തിരിക്കുന്നതെന്നാണ് വിവരം. ചരിത്രത്തിലെ ഏറ്റവും വലിയ ഭക്തജന പ്രവാഹത്തിനായിരിക്കും ഇത്തവണ ചാര്‍ധാമുകള്‍ സാക്ഷ്യം വഹിക്കുകയെന്നാണ് സൂചന.
Content Highlights: kedarnath dham reopens for devotees