രന്യ ഇഫക്ട്: ബെംഗളൂരു വിമാനത്താവളത്തിൽ ഉദ്യോഗസ്ഥരുടെ കുടുംബത്തിന് ഇനി പ്രോട്ടോക്കോൾ സുരക്ഷയില്ല

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിലെ സുരക്ഷാനടപടി ക്രമങ്ങള്‍ പുനഃക്രമീകരിക്കാന്‍ തീരുമാനിച്ച് കര്‍ണാടക സര്‍ക്കാര്‍. വിമാനത്താവളത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും പ്രോട്ടോക്കോള്‍ പ്രകാരമുള്ള സുരക്ഷ നല്‍കുന്നത് തടയാന്‍ തീരുമാനിച്ചതായി കര്‍ണാടക ആഭ്യന്തര മന്ത്രി ജി.പരമേശ്വര അറിയിച്ചു. ഐപിഎസ് ഓഫീസറുടെ മകളും കന്നഡ നടിയുമായ രന്യ റാവു സ്വര്‍ണക്കടത്തിന് പിടിയിലായതിന് പിന്നാലെയാണ് നടപടി. ശരീരത്തില്‍ ഒളിപ്പിച്ച 12 കോടിയോളം വിലമതിക്കുന്ന സ്വര്‍ണക്കട്ടികളുമായി ബെംഗളൂരു വിമാനത്താവളത്തില്‍ വെച്ചാണ് രന്യ ഡിആര്‍ഐയുടെ പിടിയിലാകുന്നത്. പ്രോട്ടോക്കോള്‍ ദുരുപയോഗം ചെയ്ത് രന്യ നിരവധി തവണ കിലോകണക്കിന് സ്വര്‍ണം കടത്തിയതായുള്ള വിവരങ്ങള്‍ പുറത്ത് വരുന്ന പശ്ചാത്തലത്തിലാണ് കര്‍ണാടക സര്‍ക്കാര്‍ നടപടികള്‍ കര്‍ശനമാക്കിയത്.
പ്രോട്ടോക്കോള്‍ നടപടിക്രമങ്ങള്‍ കര്‍ശനമാക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി ജി.പരമേശ്വര അറിയിച്ചു.
മുതിര്‍ന്ന ഐപിഐസ് ഓഫീസര്‍ രാമചന്ദ്ര റാവു രന്യയുടെ രണ്ടാനച്ഛനാണ്. ഈ ബന്ധം മുതലെടുത്ത് പരിശോധനകളില്ലാതെ പ്രോട്ടോക്കോള്‍ സംരക്ഷണത്തോടെയാണ് രന്യ സ്വര്‍ണം കടത്തിയിരുന്നത്. വിമാനത്താവളത്തില്‍ രന്യയെ അനുഗമിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥനേയും ഡിആര്‍ഐ കസ്റ്റഡിയിലെടുത്തിരുന്നു.
തുടര്‍ച്ചയായി ദുബായ് സന്ദര്‍ശനം നടത്തിയതിനെത്തുടര്‍ന്നാണ് രന്യ ഡിആര്‍ഐയുടെ റഡാറില്‍ അകപ്പെടുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രന്യ 30 ഓളം തവണ ദുബായ് സന്ദര്‍ശനം നടത്തിയെന്നാണ് വിവരം. ഓരോ യാത്രകളിലും കിലോ കണക്കിന് സ്വര്‍ണം കടത്തിയിരുന്ന രന്യ മാര്‍ച്ച് മൂന്നിനാണ് ഒടുവില്‍ പിടിയിലാകുന്നത്.
Content Highlights: Karnataka may revise Bengaluru airport SOPs after Ranya Rao arrest