ശൈത്യകാല ഷെഡ്യൂൾ ഇന്നുമുതൽ; കണ്ണൂരിൽനിന്ന് വിമാന സർവീസ് കുറയും

കണ്ണൂർ വിമാനത്താവളം | ഫോട്ടോ: മാതൃഭൂമി
കണ്ണൂർ വിമാനത്താവളം | ഫോട്ടോ: മാതൃഭൂമി

മട്ടന്നൂർ: വിമാനക്കമ്പനികളുടെ ശൈത്യകാല ഷെഡ്യൂൾ ഞായറാഴ്ച തുടങ്ങുമ്പോൾ കണ്ണൂർ വിമാനത്താവളത്തിൽനിന്നുള്ള സർവീസുകൾ കുറയും. എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ വെട്ടിക്കുറച്ചതോടെ ആഴ്ചയിൽ 42 സർവീസുകളാണ് കുറയുക.

സർവീസുകൾ പുനരാരംഭിക്കാൻ സർക്കാർ പ്രതിനിധികളും വിമാനത്താവള കമ്പനിയായ കിയാലും ചർച്ചനടത്തിയെങ്കിലും കണ്ണൂരിൽനിന്ന് നിർത്തിയ സർവീസുകൾ തുടങ്ങുന്നതിൽ ധാരണയായിട്ടില്ല.

കുവൈത്ത്, ബഹ്‌റൈൻ, ദമാം, ജിദ്ദ എന്നീ സെക്ടറുകളിലേക്ക് ഇനി കണ്ണൂരിൽനിന്ന് നേരിട്ടുള്ള സർവീസുകളുണ്ടാകില്ല. ഷാർജയിലേക്കുള്ള പ്രതിവാര സർവീസുകൾ 12-ൽനിന്ന് ഏഴായും അബുദാബിയിലേക്ക് 10-ൽ നിന്ന് ഏഴായും കുറച്ചു. മസ്കറ്റിലേക്ക് ഏഴ് സർവീസുണ്ടായിരുന്നത് നാലാക്കി. ദുബായ്, റാസൽഖൈമ സെക്ടറുകളിലേക്കുള്ള ഓരോ സർവീസുകളും കുറച്ചിട്ടുണ്ട്.

കണ്ണൂർ, കരിപ്പൂർ വിമാനത്താവളങ്ങളിൽനിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള സർവീസുകൾ ഇല്ലാതാകും. സർവീസ് ക്രമീകരണങ്ങളുടെ ഭാഗമായാണ് ലാഭകരമല്ലാത്ത റൂട്ടുകളിലെ സർവീസുകൾ കുറയ്ക്കുന്നതെന്നാണ് വിമാനക്കമ്പനി അധികൃതർ പറയുന്നത്. വരും ഷെഡ്യൂളുകളിൽ ഏതാനും സർവീസുകൾ പുനഃസ്ഥാപിക്കാനും സാധ്യതയുണ്ട്.

Content Highlights: Air India Express significantly reduces flight services from Kannur Airport starting Sunday due to winter schedule changes. Key Gulf routes affected. Discussions ongoing.