ഉലകംചുറ്റി ജോസഫേട്ടന്‍; ചായക്കടയില്‍നിന്നുള്ള വരുമാനത്തില്‍ കറങ്ങിയത് 18 രാജ്യങ്ങൾ

#ആര്‍. വിഷ്ണു
1. ജോസഫ് ചായക്കടയില്‍, 2. ചായക്കടയിലെ ഷെല്‍ഫിനുള്ളല്‍ ജോസഫ് വിദേശരാജ്യങ്ങളില്‍നിന്ന് ശേഖരിച്ച സാധനങ്ങള്‍ സൂക്ഷിച്ചിരിക്കുന്നു.
1. ജോസഫ് ചായക്കടയില്‍, 2. ചായക്കടയിലെ ഷെല്‍ഫിനുള്ളല്‍ ജോസഫ് വിദേശരാജ്യങ്ങളില്‍നിന്ന് ശേഖരിച്ച സാധനങ്ങള്‍ സൂക്ഷിച്ചിരിക്കുന്നു.

കൊച്ചി: പുട്ടാണ് ചമ്മണി ടീ ഷോപ്പിലെ മെയിന്‍ വിഭവം. പാലാരിവട്ടം, പള്ളിനട പാരിഷ് ഹാളിനടത്താണ് സി.ജി. എബ്രഹാമെന്ന നാട്ടുകാരുടെ ജോസഫേട്ടന്റെ 'ചമ്മണി' ചായക്കട. ദിവസവും രാവിലെ ഏഴുമുതല്‍ 11 വരെയും വൈകീട്ട് 3 മുതല്‍ 7.30 വരെയുമാണ് ഇവിടെ രുചി വിളമ്പുക. ഗൂഗിള്‍പേയില്ല എന്ന മുന്നറിയിപ്പ് ചില കടകളില്‍ പരിചിതമാണങ്കിലും ചമ്മണിയിലേക്കെത്തുന്നവരെ 'മറവിയുള്ളവര്‍ എണ്ണക്കടിയെടുക്കരുത്', 'ചായ-12.00, ചില്ലറ തന്നാല്‍ 10,00 എന്നിങ്ങനെയുള്ള ബോര്‍ഡുകളാണ് കാത്തിരിക്കുന്നത്. കൗതുകം ഈ ബോര്‍ഡുകളില്‍ ഒതുങ്ങുന്നില്ല.

കടയിലെ ഷെല്‍ഫില്‍ അരിയിലും ഗോതമ്പിലും പുഴുങ്ങിയെടുത്ത് പുട്ടുകള്‍ നിരത്തിവെച്ചിട്ടുണ്ട്. അതില്‍ പുതുമയില്ലെങ്കിലും ഷെല്‍ഫിന്റെ മുകളിലെ നിരയില്‍ പലഹാരങ്ങളില്ല. പല രാജ്യങ്ങളില്‍നിന്ന് ശേഖരിച്ച തന്റെ യാത്രകളുടെ സ്മാരകങ്ങളാണിവിടെ ജോസഫേട്ടന്‍ നിരത്തിയിട്ടുള്ളത്. ഇസ്രയേലില്‍ നിന്നുള്ള വിശുദ്ധ ജലം, തായ്‌ലാന്‍ഡിലെ ഫ്‌ലോറ്റിങ് മാര്‍ക്കറ്റ്, ഈഫല്‍ ടവര്‍ എന്നിവയുടെ മാതൃകകള്‍ കാണാം.

ലോക സഞ്ചാരി 

2017-ല്‍ ആയിരുന്നു ജോസഫേട്ടന്റെ ആദ്യ വിദേശയാത്ര. പാലാരിവട്ടം സെയ്ന്റ് ജോണ്‍സ് ദി ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ നിന്നുള്ള 96 പേരടങ്ങുന്ന സംഘത്തോടൊപ്പം ഇസ്രയേലിലേക്ക് നടത്തിയ യാത്ര ജോസഫേട്ടന്റെ ഉള്ളിലെ സഞ്ചാരിയെ ഉണര്‍ത്തി. പിന്നീട് യു.കെ.യിലേക്ക് യാത്ര പോയി.

ചായക്കടയിലെ ബോര്‍ഡുകള്‍

തായ്‌ലാന്‍ഡ്, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, സ്‌പെയിന്‍, പോര്‍ച്ചുഗീസ്, റോം എന്നിങ്ങനെ ഓരോവര്‍ഷം കഴിയുന്തോറും ആ ലിസ്റ്റ് നീണ്ടു. നിലവില്‍ 18 രാജ്യങ്ങളാണ് ജോസഫേട്ടന്‍ ചുറ്റിവന്നത്. ഭാര്യ സിസിലിയാണ് യാത്രകളിലെ സന്തതസഹചാരി. ഇടയ്ക്ക് മക്കളായ അഞ്ജു, അമ്പിളി എന്നിവരെയും ഒപ്പം കൂട്ടും. 

'വരുന്ന മേയ് മാസത്തില്‍ ഓസ്‌ട്രേലിയയിലേക്കോ കംബോഡിയയിലേക്കോ പോകണം'... പ്രഭാത ഭക്ഷണം കഴിക്കാനെത്തിയ പതിവുകാരനുള്ള ചായ നീട്ടി അടിക്കുന്നതിനിടയില്‍ ജോസഫേട്ടന്‍ പറഞ്ഞുനിര്‍ത്തി.

Content Highlights: Life of Joseph a tea shopkeeper and traveller in Kochi