'കുലുങ്ങി'യത് ജപ്പാനിലെ ടൂറിസം; സർവീസുകൾ നിർത്തിവെച്ച് വിമാനക്കമ്പനികൾ, നഷ്ടം കോടികൾ

റയോ തത്സുകി നടത്തിയ പ്രവചനത്തിന്റെ ഭീതി ഒഴിയുന്ന ആശ്വാസത്തിലാണ് ജപ്പാൻകാർ. ജൂലായ് അഞ്ചിന് പുലർച്ചെ നാലേകാലിന് വൻ ഭൂകമ്പമുണ്ടാകുമെന്നായിരുന്നു പ്രവചനം. ഈ സമയം കഴിഞ്ഞിട്ടും ദുരന്തങ്ങളൊന്നും ഉണ്ടാകാത്തതിന്റെ ആശ്വാസത്തിലാണ് ജനങ്ങൾ. സുനാമിയോ മറ്റ് അനിഷ്ടസംഭവങ്ങളോ ഒന്നും ജപ്പാനിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. ദ ഫ്യൂച്ചർ ഐ സോ എന്ന പുസ്തകത്തിലാണ് ഇതുസംബന്ധിച്ച പ്രവചനങ്ങൾ തത്സുകി നടത്തിയത്.
കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും തത്സുകിയുടെ പ്രവചനത്തിൽ ജപ്പാനിലെ ടൂറിസം മേഖലയ്ക്കുണ്ടായിരിക്കുന്നത് കോടികളുടെ നഷ്ടമാണ്. ഒട്ടേറെ സഞ്ചാരികൾ ജപ്പാനിലേക്കുള്ള യാത്ര ഉപേക്ഷിച്ചു. ഇതോടെ ചില വിമാന കമ്പനികൾ സർവീസുകൾ നിർത്തിവെയ്ക്കാൻ നിർബന്ധിതരായി. ഹോങ്കോങ്ങിലെ ഗ്രേറ്റർ ബേ എയർലൈൻസ് കഴിഞ്ഞ ബുധനാഴ്ച മുതൽ അനിശ്ചിതകാലത്തേക്ക് സർവീസുകൾ നിർത്തിവെച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്. കോടികളുടെ നഷ്ടമാണ് ഇതുവഴി ജപ്പാന് ഉണ്ടായിരിക്കുന്നത്.
ഈ വർഷം ഏപ്രിലിൽ റെക്കോഡ് എണ്ണം സഞ്ചാരികളാണ് ജപ്പാനിൽ എത്തിയതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. 39 ലക്ഷം പേരാണ് ഏപ്രിലിൽ രാജ്യം സന്ദർശിച്ചത്. എന്നാൽ, മേയ് മാസത്തോടെ ഇതിൽ കുറവുണ്ടായി. അന്ധവിശ്വാസങ്ങൾ വ്യാപകമായി പ്രചരിക്കുന്നു ഹോങ്കോങ്ങിൽ നിന്നുള്ള സന്ദർശകരുടെ എണ്ണം കഴിഞ്ഞ വർഷത്തേതുമായി താരതമ്യം ചെയ്യുമ്പോൾ 11 ശതമാനം കുറഞ്ഞു.
തത്സുകിയുടെ പ്രവചനങ്ങളാണ് ഇതിന് കാരണമെന്നാണ് ഹോങ്കോങ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇ.ജി.എൽ. ട്രാവൽ ഏജൻസി ഉടമ സ്റ്റീവ് ഹൂയി പറഞ്ഞു. 'ഈ പ്രവചനങ്ങൾക്ക് കാര്യമായ സ്വാധീനമുണ്ടായി. ജപ്പാനുമായി ബന്ധപ്പെട്ട തങ്ങളുടെ ബിസിനസ് പകുതിയായി കുറഞ്ഞു. ഡിസ്ക്കൗണ്ട് നൽകിയതും ഇൻഷുറൻസ് ഏർപ്പെടുത്തിയതുംകൊണ്ട് മാത്രം ജപ്പാനിലേക്കുള്ള യാത്ര പൂർണ്ണമായും നിലച്ചില്ല', അദ്ദേഹം റോയിട്ടേഴ്സിനോട് പറഞ്ഞു.
2011-ൽ ജപ്പാനിൽ നാശം വിതച്ച സുനാമിയെക്കാൾ മൂന്നുമടങ്ങ് നാശം വിതയ്ക്കുന്നതായിരിക്കും ജൂലായ് അഞ്ചിലെ സുനാമിയെന്നായിരുന്നു തത്സുകിയുടെ പ്രവചനം. തത്സുകിയുടെ പ്രവചനം അധികൃതരെ അടക്കം ഭീതിയുടെ മുൾമുനയിൽ ആയിരുന്നു. ഇല്ലസ്ട്രേറ്ററായ തത്സുകി 1999-ലാണ് ദ ഫ്യൂച്ചർ ഐ സോ എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്. 2011-ലെ ഭൂകമ്പമടക്കം തത്സുകി പ്രവചിച്ചിരുന്നു. തത്സുകി അവസാനമായി നടത്തിയ പ്രവചനം ജൂലായ് അഞ്ചിനുണ്ടായേക്കാവുന്ന സുനാമിയാണ്.
1954 ഡിസംബർ 2-ന് ജപ്പാനിലെ കനഗാവയിൽ ജനിച്ച തത്സുകി ഒൻപതാം വയസ്സ് മുതലാണ് ഭാവിയിലുണ്ടായേക്കാവുന്ന സംഭവങ്ങൾ സ്വപ്നത്തിലൂടെ കാണാൻ തുടങ്ങുന്നത്. അതേസമയം റയോ തത്സുകിയുടെ പ്രവചനങ്ങൾക്ക് ശാസ്ത്രീയമായ അടിത്തറയില്ലെന്നും അതിനാൽ പേടിക്കേണ്ടതില്ലെന്നുമാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.
Content Highlights: A false prediction caused a significant drop in Japan`s tourism