ഓടുന്ന ട്രെയിനില്‍നിന്ന് മാലിന്യം ട്രാക്കിലേക്ക് തള്ളി; വീഡിയോ പ്രചരിച്ചതോടെ നടപടിയുമായി റെയില്‍വേ

ഓടുന്ന ട്രെയിനില്‍നിന്ന് മാലിന്യം ട്രാക്കിലേക്ക് വലിച്ചെറിഞ്ഞ് ഐആര്‍സിടിസി ജീവനക്കാരന്‍. സംഭവത്തിന്റെ വീഡിയോ എക്‌സില്‍ വൈറലായി. എന്നാല്‍ സംഭവം നടന്ന ദിവസം തന്നെ ജീവനക്കാരനെ ജോലിയില്‍ നിന്ന് പുറത്താക്കിയതായി റെയില്‍വേ അറിയിച്ചു.
ഫെബ്രുവരി 27-നാണ് ഈ സംഭവം നടന്നതെന്നാണ് റെയില്‍വേ വ്യക്തമാക്കുന്നത്. ഭക്ഷ്യവസ്തുക്കളടക്കമുള്ള ട്രെയിനിലെ മാലിന്യം മുഴുവന്‍ ഐആര്‍സിടി ജീവനക്കാരന്‍ ട്രാക്കിലേക്ക് തള്ളുന്നതിന്റെ വീഡിയോ യാത്രാക്കാരില്‍ ഒരാളാണ് ചിത്രീകരിച്ചത്.
പാളത്തില്‍ മാലിന്യം വലിച്ചെറിയരുതെന്ന് ട്രെയിനിലെ ചില യാത്രക്കാര്‍ ജീവനക്കാരോട് ആവശ്യപ്പെടുന്നത് വീഡിയോയില്‍ കേള്‍ക്കാമായിരുന്നു. എന്നാല്‍ അദ്ദേഹം തന്റെ പ്രവര്‍ത്തനങ്ങളെ ന്യായീകരിച്ചു. മാലിന്യം സംസ്‌കരിക്കാന്‍ മറ്റൊരിടമില്ലെന്നും ഇതെല്ലാം എവിടെ തള്ളുമെന്നുമായിരുന്നു ഇയാളുടെ വാദം.
ഇതിന്റെ വീഡിയോ വൈറലായതോടെ ഇന്ത്യന്‍ റെയില്‍വേ പ്രതികരിച്ചു. 'ഇന്ത്യന്‍ റെയില്‍വേയില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് ഒരു നല്ല സംവിധാനമുണ്ട്. ഇത് ലംഘിച്ച OBHS ജീവനക്കാരനെ നീക്കം ചെയ്യുകയും കനത്ത പിഴ ചുമത്തുകയും ചെയ്തു. ട്രെയിനുകളുടെയും റെയില്‍വേ പരിസരങ്ങളുടെയും ശരിയായ ശുചിത്വം ഉറപ്പാക്കാന്‍ സ്റ്റാഫുകള്‍ക്ക് കൗണ്‍സിലിംഗ് നടത്തുന്നുണ്ട്' റെയില്‍വേ അറിയിച്ചു.
Content Highlights: IRCTC Staffer Removed-Video Of Him Throwing Garbage Onto Tracks From Moving Train