ഷിംലയിലും മണാലിയിലും മഞ്ഞില്‍ ആനന്ദിക്കാം; കേരളത്തിൽനിന്ന് ഒരാഴ്ചത്തെ വിമാനയാത്രാ പാക്കേജുമായി IRCTC

പ്രതീകാത്മക ചിത്രം | Photo: Press Trust of India
പ്രതീകാത്മക ചിത്രം | Photo: Press Trust of India

കൊച്ചി: കേരളത്തിൽനിന്ന് ഹിമാചല്‍ പ്രദേശിലേക്ക് വിമാനയാത്രാ പാക്കേജുമായി കേന്ദ്രസര്‍ക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ ലിമിറ്റഡ് (ഐ.ആര്‍.സി.ടി.സി). മാര്‍ച്ച് 21 മുതല്‍ 28 വരെയുള്ള യാത്രയില്‍ ഹിമാചലിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ ഷിംല, കുളു, മണാലി എന്നിവയും പഞ്ചാബിന്റേയും ഹരിയാണയുടേയും തലസ്ഥാനമായ ചണ്ഡീഗഢും ഉള്‍പ്പെടും. 

ഏഴ് രാത്രിയും എട്ട് പകലും നീളുന്ന യാത്രയില്‍ കൊച്ചിയില്‍ നിന്ന് ചണ്ഡീഗഢിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ്, ഹോട്ടല്‍ താമസം, പ്രഭാതഭക്ഷണം, രാത്രിഭക്ഷണം, യാത്രകള്‍ക്ക് വാഹനം, ഐ.ആര്‍.സി.ടി.സിയുടെ ടൂര്‍ മാനേജരുടെ സേവനം, യാത്രാ ഇന്‍ഷുറന്‍സ് എന്നിവ ഉള്‍പ്പെടുന്നു. ഒട്ടേറെ കൊടുമുടികള്‍ നിറഞ്ഞതും അനവധി  നദികളുടെ ഉത്ഭവ സ്ഥാനവുമായ ഹിമാചല്‍ പ്രാദേശ് സഞ്ചാരികളുടെ പ്രിയ ലക്ഷ്യസ്ഥാനമാണ്. 

ടിക്കറ്റ് നിരക്ക് 51,650 രൂപ മുതല്‍ ആരംഭിക്കുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ എന്നിവര്‍ക്ക് ലീവ് ട്രാവല്‍ കണ്‍സെഷന്‍ (എല്‍.ടി.സി) സൗകര്യം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനുമായി 8287932042 എന്ന നമ്പറില്‍ ഐ.ആര്‍.സി.ടി.സിയുമായി ബന്ധപ്പെടാം. 

Content Highlights: IRCTC introduces Kerala to Himachal Pradesh air travel package