തീവണ്ടികളിൽ 'വൻ പിഴപിടിത്തം' തുടങ്ങി; ടിക്കറ്റില്ലാതെ യാത്ര ചെയ്താൽ കീശ കാലിയാകും

#പി.പി.ലിബീഷ് കുമാര്‍
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

പയ്യന്നൂർ: തീവണ്ടികളിലെ ടിക്കറ്റില്ലാ യാത്രക്ക് റെയിൽവേ വൻപിഴത്തുക പിടിച്ചു തുടങ്ങി. ഇനി ജനറൽ കോച്ചിൽ പിടിക്കപ്പെട്ടാൽ അടക്കേണ്ടുന്ന ചുരുങ്ങിയ ദൂരത്തിനുള്ള തുക 570 രൂപയാണ്. നിലവിൽ 320 രൂപയായിരുന്നു. സ്ലീപ്പർ കോച്ചിൽ (200 കിലോമീറ്റർ) 530 രൂപ ഉണ്ടായിരുന്ന പിഴത്തുക 780 രൂപയായി വർധിച്ചു.

ജൻ വിശ്വാസ് 2026 ആക്ട് പ്രകാരം ടിക്കറ്റില്ലാ യാത്രക്കുള്ള കുറഞ്ഞ പിഴ 250 രൂപയിൽ നിന്ന് 500 രൂപയാക്കി ഉയർത്തിയതോടൊണ് ഈ വർധന വന്നത്. ടിക്കറ്റ് പരിശോധകർ ശനിയാഴ്ച മുതൽ തീവണ്ടികളിൽ പിഴത്തുക ഈടാക്കിത്തുടങ്ങി. സാധാരണ ടിക്കറ്റിന് റെയിൽവൺ ആപ്പ്, സ്റ്റേഷൻ കൗണ്ടർ, എ.ടി.വി.എം മെഷീൻ, ജന സാധാരൺ ടിക്കറ്റ് കൗണ്ടറുകളെ ആശ്രയിക്കാം.

വർധിപ്പിച്ച തുക

  • പുകവലിച്ചാൽ ഇനി 2000 രൂപ (നിലവിൽ 200 രൂപ)
  • യാചകവൃത്തി പിടിച്ചാൽ 2000 രൂപ (നിലവിൽ പിഴ ഈടാക്കുന്നത് കുറവ്)
  • അനധികൃതമായി സ്റ്റേഷനിൽ പ്രവേശിച്ചാൽ 5000 രൂപ വരെ പിഴ (നിലവിൽ 1000 രൂപ)
  • സ്ത്രീ യാത്രക്കാരുടെ റിസർവ് ഇടത്തിൽ പ്രവേശിച്ചാൽ 2500-5000 രൂപ പിഴ (നിലവിൽ 500 രൂപ)
  • മദ്യപിച്ച് യാത്ര ചെയ്താൽ 1000 രൂപ പിഴ, സാമൂഹ്യ സേവനവും.

ടിക്കറ്റ് ഇല്ലാ പിഴ(ചുരുങ്ങിയത്)

മെയിൽ/ എക്‌സപ്രസ് വണ്ടികൾ: പഴയത്- പുതിയത്

  • ജനറൽ കോച്ച് (50 കി.മീ വരെ) - 320 രൂപ - 570
  • സിറ്റിങ് റിസർവ്ഡ്( 50 കി.മി) - 335 രൂപ - 585
  • സ്ലീപ്പർ (200 കി.മി) - 530 രൂപ - 780
  • എ.സി ചെയർകാർ(150 കി.മി) - 765 രൂപ - 1025
  • തേർഡ് എ.സി ( 300 കി.മി) - 1480 രൂപ - 1525
  • സെക്കൻഡ് എ.സി (300 കി.മി) - 2070 രൂപ -2070

Content Highlights: Implementation of the Jan Vishwas 2026 Act for revised railway penalties., Minimum fine for ticketless travel in general coaches increased to 570 INR., Significant hike in penalties for smoking, unauthorized station entry, and harassment of female passengers., New penalty structure for various coach classes including Sleeper and AC., Emphasis on legal compliance for all rail passengers.