കോവിഡ് 19 കേസുകള്‍ കൂടി, വിനോദസഞ്ചാരത്തിന് വിലക്കേര്‍പ്പെടുത്തി ഡാര്‍ജിലിങ്

Photo: Pixabay
Photo: Pixabay

കോവിഡ് 19 കേസുകളുടെ എണ്ണം കൂടുന്നതിനാല്‍ വിനോദസഞ്ചാരം വിലക്കി ഡാര്‍ജിലിങ്. ജൂലൈ 31 വരെയാണ് വിലക്ക്. ഗോര്‍ഖ ടെറിട്ടോറിയല്‍ അഡ്മിനിസ്‌ട്രേഷന്റേതാണ് തീരുമാനം. 

നീണ്ട നാളുകള്‍ക്കുശേഷം വിനോദസഞ്ചാരം പുനരാരംഭിച്ച് ഒരാഴ്ച മാത്രം പിന്നിടുന്ന അവസരത്തിലാണ് ഈ നടപടി. കൊറോണ വ്യാപനം കൂടിയസാഹചര്യത്തില്‍ സിലിഗുരിയിലേക്ക് അത്യാവശ്യത്തിനല്ലാതെ യാത്ര ചെയ്യരുതെന്ന് കലിംപോങ് ഉള്‍പ്പെടെയുള്ള ഗ്രാമവാസികളോട് അധികൃതര്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്.

ജൂലൈ 9 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ലോക്ഡൗണ്‍ നടപ്പിലാക്കി വരികയാണെന്ന് ഗോര്‍ഖ ടെറിട്ടോറിയല്‍ അഡ്മിനിസ്‌ട്രേഷന്‍ ചെയര്‍മാന്‍ അനിത് ഥാപ്പ പറഞ്ഞു. സിലിഗുരിയെ അപേക്ഷിച്ച് കുന്നിന്‍ പ്രദേശങ്ങളില്‍ താരതമ്യേന വ്യാപനം കുറവാണ്. അതിനര്‍ത്ഥം നമ്മള്‍ വൈറസില്‍ നിന്നും രക്ഷപ്പെട്ടു എന്നല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മാനസികമായും ശാരീരികമായും ശക്തരായിരിക്കാന്‍ ജനങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് 19 നെതിരെ പോരാടുന്ന ജിടി.എ, ഭരണാധികാരികള്‍, പോലീസ്, ആരോഗ്യപ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കൊപ്പമാണ് താനെന്നും അനിത് ഥാപ്പ വ്യക്തമാക്കി. 

ഡാര്‍ജിലിങ്ങിന് പുറമേ സിലിഗുരിയിലേയും ജയ്പാല്‍ഗുരിയിലേയും ഒമ്പത് കമ്മ്യൂണിറ്റി വാര്‍ഡുകളിലും സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വാര്‍ഡുകള്‍ പൂട്ടിയിടണമെന്ന താമസക്കാര്‍ ആവശ്യപ്പെട്ടതിനാലാണ് നടപടിയെന്ന് സിലിഗുരി ഫൈറ്റ് കൊറോണ കമ്മിറ്റി ജോയിന്റ് കോര്‍ഡിനേറ്റര്‍ അനിമേഷ് ബോസ് പറഞ്ഞു. 

ഡാര്‍ജിലിങ്ങിലെ 84 പ്രദേശങ്ങളാണ് ഇതുവരെ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചത്.

Content Highlights: India Covid 19, Darjeeling Tourism, Tourists Ban in Darjeeling, Travel News

Content Highlights: