വിദേശികള്‍ ഇന്ത്യയില്‍ ഇനി റഡാറില്‍; രാജ്യസുരക്ഷയ്ക്ക് ഭീഷണിയെങ്കിൽ പ്രവേശനമില്ല, ലംഘിച്ചാൽ ശിക്ഷ

ന്യൂഡൽഹി: അനധികൃത കുടിയേറ്റം തടയുന്നതും വിദേശികളുടെ ഇന്ത്യയിലേക്കുള്ള പ്രവേശനം, യാത്ര, സന്ദർശനം, ഇടപെടലുകൾ എന്നിവ നിയന്ത്രിക്കുന്നതും ലക്ഷ്യമിടുന്ന ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ബിൽ-2025 ലോക്‌സഭയിൽ അവതരിപ്പിച്ചു.
ദേശീയ സുരക്ഷ, പരമാധികാരം, സമഗ്രത എന്നിവയ്ക്ക് ഭീഷണിയാകുന്ന വിദേശികളുടെ പ്രവേശനം തടയും. ചൊവ്വാഴ്ച കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായിയാണ് ബിൽ അവതരിപ്പിച്ചത്.
വ്യവസ്ഥകൾ വിദേശ സഞ്ചാരികളുടെ വരവ് നിലയ്ക്കാൻ കാരണമാകുമെന്നും ഭരണഘടനാ ലംഘനമാണെന്നും ദുരുപയോഗം ചെയ്യപ്പെടാമെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷം എതിർത്തു.
ബിൽ പിൻവലിക്കുകയോ ജെപിസിക്ക് വിടുകയോ ചെയ്യണമെന്ന് കോൺഗ്രസ് അംഗം മനീഷ് തിവാരിയും തൃണമൂൽ കോൺഗ്രസ് അംഗം പ്രൊഫ. സൗഗത റോയിയും ആവശ്യപ്പെട്ടു. ആരെയും തടയാനല്ല ബില്ലെന്നും വിദേശസഞ്ചാരികളെ സ്വാഗതം ചെയ്യുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
വിദേശികൾ ഇന്ത്യയിലേക്ക് വരുന്നതും യാത്ര ചെയ്യുന്നതും മടങ്ങിപ്പോകുന്നതും കേന്ദ്രസർക്കാർ വ്യവസ്ഥ ചെയ്യുന്ന പോയിന്റുകളിലൂടെയാകണം. രാജ്യത്ത് എത്രകാലം തുടരാമെന്നതും പ്രദേശങ്ങളുടെ സന്ദർശനത്തെക്കുറിച്ചും കേന്ദ്രം തീരുമാനിക്കും.
വിദേശികൾക്ക് രജിസ്‌േട്രഷൻ നിർബന്ധം
• വിദേശികൾ രജിസ്‌ട്രേഷൻ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യുകയും വിവരങ്ങൾ കൈമാറുകയും വേണം
• വിദേശികളെ കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടാനോ, ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് കടക്കാനോ സഹായിക്കരുത്
• വിദേശികളുടെ യാത്രകൾ, പേരുമാറ്റം, നിരോധിത മേഖലകളിലേക്കുള്ള പ്രവേശനം എന്നിവയെല്ലാം നിയന്ത്രിക്കപ്പെടും
• യാത്രക്കാരുടെയും വിമാനജീവനക്കാരുടെയും വിവരങ്ങൾ വിമാനക്കമ്പനികൾ ലഭ്യമാക്കണം. വിമാനക്കമ്പനികളുടെ വാദം കേൾക്കാതെ ശിക്ഷാനടപടികൾ ഏർപ്പെടുത്തില്ല. ശിക്ഷാനടപടികൾ നേരിടുന്നവർക്ക് അപ്പീൽ നൽകാം.
• വ്യാജമായി നിർമിച്ചതോ കളഞ്ഞു പോയതോ നശിച്ചതോ ആയ പാസ്പോർട്ടുകളോ യാത്രാരേഖകളോ പിടിച്ചെടുക്കാൻ ഇമിഗ്രേഷൻ ഓഫീസർക്ക് അധികാരമുണ്ടാകും
ഏഴുവർഷംവരെ തടവ്
• സാധുതയില്ലാത്ത പാസ്പോർട്ട്, വിസ എന്നിവയില്ലാതെ ഇന്ത്യയിലെത്തുന്ന വിദേശികൾക്ക് അഞ്ചു വർഷംവരെ തടവും അഞ്ചുലക്ഷം രൂപവരെ പിഴയും
• വ്യാജരേഖകൾ ഉപയോഗിച്ചെത്തിയാൽ രണ്ടുമുതൽ ഏഴുവർഷംവരെ തടവ്. ഒരു ലക്ഷംമുതൽ 10 ലക്ഷം രൂപവരെ പിഴ
• വിസാ കാലാവധി കഴിഞ്ഞ് ഇന്ത്യയിൽ താമസിക്കുകയോ, വിസാ വ്യവസ്ഥകൾ ലംഘിക്കുകയോ, നിരോധനമുള്ള മേഖലകളിൽ പ്രവേശിക്കുകയോ ചെയ്യുന്നവർക്ക് മൂന്നു വർഷംവരെ ജയിൽ ശിക്ഷ. മൂന്നു ലക്ഷം വരെ പിഴയും.
• വ്യക്തമായ രേഖകളില്ലാത്ത വിദേശികളെ വാഹനങ്ങളിൽ കൊണ്ടുപോകുന്ന ട്രാവൽ ഒപ്പറേറ്റർമാർക്ക് അഞ്ചുലക്ഷം രൂപവരെ പിഴയും വാഹനവും കണ്ടുകെട്ടും.
Content Highlights: Immigration Bill to be introduced in LS-new citizenship proof norms to stricter penalties