ഹംപിയില്‍ ഹോട്ട് എയര്‍ ബലൂണ്‍ റൈഡിന് അനുമതി; ദിവസവും ഒരു റൈഡ് മാത്രം

പ്രതീകാത്മകചിത്രം | AFP
പ്രതീകാത്മകചിത്രം | AFP

ബെംഗളൂരു: ഹംപിയില്‍ വിനോദ സഞ്ചാരികള്‍ക്കായി ഹോട്ട് എയര്‍ ബലൂണ്‍ റൈഡിന് വിജയനഗര ജില്ലാ ഭരണകൂടവും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും (എ.എസ്.ഐ.) അനുമതി നല്‍കി. ഹംപിയുടെ പരിസര പ്രദേശങ്ങളിലൂടെ ദിവസേന ഒരു റൈഡ് മാത്രമാണ് അനുവദിച്ചതെന്നും എ.എസ്.ഐ. യുടെ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം സര്‍വീസെന്നും വിജയനഗര്‍ ഡെപ്യൂട്ടി കമ്മിഷണര്‍ എം.എസ്. ദിവാകര്‍ പറഞ്ഞു.

നിരോധിത മേഖലയില്‍ പോകാന്‍ പാടില്ലെന്ന് നിര്‍ദേശമുണ്ട്. നിയമം ലംഘിച്ചാല്‍ അനുമതി റദ്ദാക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, ബലൂണ്‍ റൈഡ് അനുവദിച്ചതിനെതിരേ ഹംപി സ്മാരക സംരക്ഷണ അസോസിയേഷനും മനുഷ്യാവകാശപ്രവര്‍ത്തകരും രംഗത്തെത്തി. ബലൂണ്‍ റൈഡ് അനുവദിച്ചതിലൂടെ ജില്ലാ ഭരണകൂടവും എ.എസ്.ഐ.യും തെറ്റായ കാര്യമാണ് ചെയ്തതെന്ന് പ്രസിഡന്റ് വിശ്വനാഥ് മലാഗി പറഞ്ഞു.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഹംപിയിലെ ഹോട്ടല്‍ ഹോട്ട് എയര്‍ ബലൂണ്‍ റൈഡ് നടത്തിയപ്പോള്‍ ഹംപിയിലെ ചരിത്ര സ്മാരകങ്ങളുടെ വളരെ അടുത്തുകൂടി സര്‍വീസ് നടത്തിയതായും മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും മനുഷ്യാവകാശപ്രവര്‍ത്തകര്‍ ആരോപിച്ചു. ബലൂണ്‍ റൈഡ് അനുവദിക്കരുതെന്നാവശ്യപ്പെട്ട് വിനോദ സഞ്ചാര വകുപ്പിനും എ.എസ്.ഐ. ക്കും കത്തെഴുതാനൊരുങ്ങുകയാണ് ഇവര്‍.

Content Highlights: hot air balloon ride in hampi